inner-banner

Our Books

പ്രണയത്തിനും ഭ്രാന്തിനുമിടയില്‍ ചിതറിപ്പോയൊരു ലോകമായിരുന്നു സുചിന്തയുടെ ജീവിതം. കൗമാരകുതൂഹലങ്ങളില്‍ ചേര്‍ത്തുവെക്കുകയും പിന്നീട് വിട്ടൊഴിഞ്ഞുപോവുകയും ചെയ്ത അതേ പ്രണയം അവളുടെ ജീവിതസായാഹ്നത്തിലേക്ക് വീണ്ടും കടന്നുവന്നത് വേദനകളും നഷ്ടങ്ങളും മാത്രം നല്‍കിയായിരുന്നു. സ്വയം എരിഞ്ഞുതീര്‍ന്നുകൊണ്ട് അവളതെല്ലാം ധീരമായി നേരിടുകയാണ്. സ്‌നേഹബന്ധങ്ങളും സാമൂഹ്യപരികല്പനകളുമെല്ലാം വിചാരണചെയ്യപ്പെടുന്ന അന്തിവെളിച്ചം മനുഷ്യജീവിതത്തിന്റെ ദുരൂഹതകളെ അഭിവ്യക്തമാക്കുന്ന ഒരു രചനയാണ്. ഒരു കാലഘട്ടത്തിന്റെ പരിവര്‍ത്തനോന്മുഖമായ സാമൂഹികസൂചനകളെയും ഇതില്‍ വായിച്ചെടുക്കാം. ബംഗാളില്‍ നിന്നും മൊഴി മാറ്റിയിരിക്കുന്നത് രാധാകൃഷ്ണൻ അയിരൂർ ആണ്.


 Translated by: Radhakrishnan Ayiroor

 Format: Paperback | Pages: 284

 Size: Demy 1/8 | 325 g

 Edition: First, 2018 August

 Cover design: Vipindas


  

5

ബന്ധങ്ങളും ബന്ധനങ്ങളും - വാസുദേവ്

മനുഷ്യബന്ധങ്ങളുടെ അഗാധതകളെ അന്വേഷിക്കുന്ന നോവലാണ് ആശാപൂർണാദേവിയുടെ 'അന്തിവെളിച്ചം'. ബന്ധങ്ങൾ സാരവൽക്കരിക്കപ്പെടുന്നത് ജീവിതത്തിലെ പ്രതിബന്ധങ്ങൾ ശക്തമാകുമ്പോഴാണ്. മനുഷ്യൻ കൂട്ടായി ജീവിക്കുകയാണെങ്കിലും ഓരോ വ്യക്തിയും ഏകാന്തമായ തനതിടങ്ങളിൽ അഭയം കണ്ടെത്തുന്നവരാണ്. തങ്ങളുടെ വിഭക്തവും ദ്വന്ദ്വാത്മകവുമായ വ്യക്തിത്വം പ്രതിബന്ധങ്ങൾക്കു മുന്നിലാണ് വെളിപ്പെടാറുള്ളത്. താന്താങ്ങളുടെ സ്വർഗ്ഗത്തിൽനിന്ന് അവർ ബഹിഷ്‌കൃതരാവുകയും മാനസികമായ പിരിമുറുക്കങ്ങളിലകപ്പെട്ട് വിവശരായിത്തീരുകയും ചെയ്യും. വൈയക്തികസംഘർഷം നിറഞ്ഞുനിൽക്കുന്ന അവരുടെ പ്രവൃത്തികളെയും ചിന്തകളെയും മറ്റുള്ളവർ മനസ്സിലാക്കാതെ വരുമ്പോൾ അവർ തികച്ചും ഭ്രാന്തമായ ഏകാന്തതകളിലേക്ക് എടുത്തെറിയപ്പെടുന്നു. ആശാപൂർണാദേവിയുടെ 'അന്തിവെളിച്ചം' എന്ന നോവൽ ചർച്ച ചെയ്യുന്നത് മാനുഷിക ജീവിതത്തിലെ ഇത്തരം സൂക്ഷ്മസാഹചര്യങ്ങളെയാണ്. സുചിന്ത എന്ന വീട്ടമ്മയാണ് നോവലിലെ കേന്ദ്ര കഥാപാത്രം. അവർ തികച്ചും വത്യസ്തയാണ്. ഭർത്താവ് മരിച്ചുപോയ അവർ മുതിർന്ന മൂന്ന് ആണ്മക്കളുമായി അധികം ചെറുതല്ലാത്ത ഒരു വീട്ടിൽ കഴിഞ്ഞുകൂടുന്നു. അങ്ങനെയൊരു വീടോ അവിടെ താമസക്കാരോ ഉണ്ടെന്ന് ആ ഗ്രാമവാസികളൊന്നും പറയില്ല. കാരണം അത്ര ശാന്തമായും സ്വസ്ഥമായുമാണ് അവർ ജീവിക്കുന്നത്. അവിടെ ആരും വായ്തുറന്ന് ഉച്ചത്തിൽ സംസാരിക്കാറില്ല. അമ്മയും മക്കളും തമ്മിൽ ആവശ്യത്തിനേ വർത്തമാനമുള്ളു. അതും മറ്റാരും കേൾക്കാത്ത വിധത്തിൽ. സുചിന്തയെക്കൊണ്ടോ അവരുടെ മക്കളെക്കൊണ്ടോ നാട്ടുകാർക്ക് യാതൊരു അലോസരവും ഉണ്ടായിട്ടില്ല. മക്കൾക്ക് അമ്മയേയും അമ്മയ്ക്ക് മക്കളേയും പരസ്പര ബഹുമാനമായിരുന്നു. അവിടേക്ക് ഒരു സുപ്രഭാതത്തിൽ നിത എന്ന പെൺകുട്ടി തന്റെ പ്രായമായ അച്ഛനെയും കൊണ്ടുവരികയാണ്. അയാൾ മാനസികാരോഗ്യം നഷ്ടപ്പെട്ട വ്യക്തിയാണ്. സുശോഭൻ എന്ന ആ മനുഷ്യൻ സുചിന്തയുടെ കളിക്കൂട്ടുകാരനായിരുന്നു. അയാളുടെ രോഗാവസ്ഥയിൽ പഴയ സുഹൃത്തിന്റെ ശുശ്രൂഷയും സാമീപ്യവും ആശാസ്യമായിരിക്കുമെന്ന് ഡോക്ടർ നിർദ്ദേശിച്ചതനുസരിച്ചാണ് അവർ വന്നിരിക്കുന്നത്. ആ വരവ് എങ്ങനെയായിരിക്കുമെന്ന ആശങ്ക നിതയ്ക്കുണ്ട്. പക്ഷേ, ഗത്യന്തരമില്ലാതെ അവർ വന്നിരിക്കുകയാണ്. അവരുടെ വരവ് ആ കുടുംബത്തിൽ സൃഷ്ടിക്കുന്ന ആഘാതങ്ങളാണ് ആശാപൂർണാദേവി തന്റെ അനന്യസിദ്ധമായ കഥനശൈലിയിലൂടെ നോവലിൽ അവതരിപ്പിക്കുന്നത്. സുശോഭൻ എന്നു പേരായ ആ മനുഷ്യന്റെ വരവോടെ സുചിന്തയുടെ വീട് ശബ്ദായമാനമാകുന്നു. നിത പ്രസരിപ്പുള്ള പെൺകുട്ടിയായതിനാൽ ആ വീട്ടിലെ എല്ലാവരുമായും ഇപ്പോഴും സംസാരിക്കുകയും അയൽപ്പക്കക്കാരുമായിപ്പോലും നല്ല സൗഹൃദമുണ്ടാക്കുകയും ചെയ്യുന്നു. അയൽപ്പക്കത്തെ ആളുകൾ സുചിന്തയുടെ വീട്ടിലേക്കു വരികയും ആ വീട് ഗ്രാമത്തിലെ സംസാരവിഷയമാവുകയും ചെയ്യുന്നു. സുചിന്തയെക്കുറിച്ചുള്ള പലരുടെയും ധാരണകൾ തിരുത്തപ്പെടുകയുമാണ്. പഴയ കാമുകനെ ഒരു വിധവ പരസ്യമായി തന്റെ വീട്ടിൽ കയറ്റി താമസിപ്പിച്ചിരിക്കുന്നത് പലരിലും അസ്വസ്ഥത സൃഷ്ടിക്കുന്നു. സുചിന്തയുടെ മക്കൾ അമ്മയെ സംശയദൃഷ്ടിയോടെ നോക്കുന്നു. വാർദ്ധക്യവും രോഗവും ഭ്രാന്തും ബാധിച്ച സുശോഭനെ ഒഴിവാക്കാൻ കഴിയാതെ സുചിന്ത കുഴങ്ങിപ്പോവുന്നു. നിതയുടെ പ്രവൃത്തിയിലുള്ള തന്റെ വിയോജിപ്പും പ്രതിഷേധവും വെളിപ്പെടുത്താനാകാതെ അവർ വിവശയാകുന്നു. സുശോഭനേ തള്ളാനും കൊള്ളാനും വയ്യാത്ത സ്ഥിതി. നിത വന്നതിനുശേഷം തന്റെ മക്കളുടെ പെരുമാറ്റം സുചിന്തയെ അത്ഭുതപ്പെടുത്തുകയാണ്. തന്റെ മക്കൾക്ക് ഇത്രയും ചിരിക്കാനും തമാശ പറയാനും അറിയുമായിരുന്നോ? മക്കൾക്ക് തന്നോടുള്ള സമീപനത്തിൽ വന്ന വ്യതിയാനത്തെ അവൾ വിലയിരുത്തുന്നു. വാർദ്ധക്യകാലത്ത് തന്റെ അഭയമന്വേഷിച്ചുവന്ന ആ മനുഷ്യനെ ശുശ്രൂഷിക്കാനും പഴയ ഓർമ്മകളിലൂടെ കൈപിടിച്ചുനടത്തി പുതിയ ജീവിതത്തിലേക്കു കൊണ്ടുവരാനും സുചിന്ത തീരുമാനിക്കുന്നു. അവളുടെ ആ തീരുമാനം സുശോഭൻറെ ബന്ധുക്കളെയും സുചിന്തയുടെ അയൽക്കാരെയും ഞെട്ടിക്കുന്നു. നിത അവളുടെ കാമുകനായ സാഗറിന് വിദേശത്തുവച്ചു അപകടമുണ്ടായ വാർത്ത അറിഞ്ഞ് അങ്ങോട്ട് പോവുകയാണ്. അപ്പോൾ സുശോഭൻറെ ചുമതല പൂർണമായും സുചിന്ത ഏറ്റെടുക്കുന്നു. അത് താങ്ങാനാകാതെ മക്കൾ ആ വീട് ഉപേക്ഷിച്ചുപോവുന്നു. സുചിന്തയെന്ന ശക്തമായ കഥാപാത്രത്തിലൂടെ ആശാപൂർണാദേവി മനുഷ്യഹൃദയങ്ങളിലെ ഉള്ളറകളിലേക്കു കടക്കുകയാണ്. സ്ത്രീചിന്തയുടെ കരുത്തുറ്റ സ്വരമായും അവർ മാറുകയാണ്. ഒരു വീട്ടമ്മ, അമ്മ എന്നീ ദ്വന്ദ്വങ്ങൾക്കപ്പുറമുള്ള സുചിന്തയെ കണ്ടെത്തുകയാണ് വായനക്കാരൻ ചെയ്യേണ്ടത്. അമ്മയുടെ പഴയ കാമുകന്റെയും മകളുടെയും കടന്നുവരവ് മക്കൾക്ക് സഹിക്കാനാകുന്നില്ല. സുശോഭൻ തങ്ങളെയാരെയും ആശ്രയിക്കാതെ പഴയ കാമുകിയെത്തേടിപ്പോയത് സുശോഭൻറെ ബന്ധുക്കളെയും അസ്വസ്ഥരാക്കുകയാണ്. സുചിന്തയോ മറ്റുള്ളവർ എന്ത് പറയുന്നു എന്നു ശ്രദ്ധിക്കാതെ സുശോഭന ശുശ്രൂഷിക്കുന്നു. ശ്രദ്ധയിയൂടെയുള്ള പരിചരണത്തിലൂടെ അയാളുടെ രോഗം ഭേദമാക്കുന്നു. രോഗവിമുക്തി നേടിയ സുശോഭനെ ബന്ധുക്കൾ സ്വീകരിക്കാൻ തയ്യാറാണെങ്കിലും അയാൾ പോകുന്നില്ല. അയാളെയുംകൊണ്ട് സുചിന്ത വീട്ടിലേക്കു തിരികെ പ്രവേശിക്കുന്നതോടെയാണ് നോവൽ അവസാനിക്കുന്നത്. ജീവിത സായാഹ്നത്തിൽ ഒരു വ്യക്തിയുടെ ജീവിതത്തിലേക്കു പ്രണയം കടന്നുവന്നാൽ, അതൊരു വീട്ടമ്മയിൽ, വിധവയിലായാൽ സമൂഹം സദാചാരബോധത്തിന്റെ ഇത്തിരി വെട്ടത്തിലൂടെ നോക്കുന്നതെങ്ങനെയായിരിക്കുമെന്നു നോവലിസ്റ്റ് സുവ്യക്തമായി ചിത്രീകരിക്കുന്നു. (മാർച്ച് 2019 ലെ വിദ്യാരംഗം മാസികയിൽ പുസ്തകവിശേഷം പംക്തിയിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ നിന്ന്)

WebMaster

20 Mar , 2019

5

പ്രണയത്തിനും ഭ്രാന്തിനുമിടയിൽ - ജേക്കബ് ഐപ്പ്

ബംഗാളി ഭാഷയിലെ സമുന്നത എഴുത്തുകാരിൽ ആശാപൂർണാദേവിയുടെ സ്ഥാനം എക്കാലത്തും മുന്‍നിരയിൽ തന്നെയാണ്. ജ്ഞാനപീഠ പുരസ്കാരം അടക്കം നിരവധി ബഹുമതികൾ അവരെ തേടിയെത്തി. മനുഷ്യ ജീവിതത്തെ ആഴത്തിൽ നോക്കി കണ്ടു രചിച്ച അവരുടെ കൃതികളിൽ മനുഷ്യമനസ്സുകളുടെ സൂക്ഷ്മ അപഗ്രഥനം കാണുവാൻ കഴിയും. ഒരിക്കലും തുറക്കാതെ പൊടിക്കൂമ്പാരങ്ങൾ നിറഞ്ഞ ചില മുറികൾ പോലെയാണോ മനുഷ്യമനസ്സ്? പല പൂട്ടുകൾ ഇട്ട് ഭദ്രമായി അടച്ച ഇവ തുറന്നാൽ കാണുന്നത് എന്തൊക്കെയാണ്. ഈ വലിയ സമസ്യയാണ് അന്തിവെളിച്ചം എന്ന നോവലിൽ ചർച്ച ചെയ്യുന്നത്. അനുപം മിത്രയുടെ സ്വപ്നഭവനത്തിന്റെ പണി പൂർത്തിയാകുന്നതിനു മുൻപേ ആർക്കും ചെന്നെത്താൻ കഴിയാത്ത മറ്റൊരു ഭവനത്തിലേക്ക് അയാൾ യാത്രയായി. അയാളുടെ ഭാര്യ സുചിന്ത തന്റെ മൂന്ന് ആൺമക്കളുമായി ഭർത്താവ് ഒരുപാട് കിനാവുകണ്ടിരുന്ന അനുപം കുടീറിലെത്തി. ആരുമായും സമ്പർക്കം പുലർത്താതെ അവർ അവിടെ പാർപ്പാരംഭിച്ചു. അനുപം കുടീറിലെ ഒരു പ്രവൃത്തിയും ഒച്ചയുടെയും ബഹളത്തിന്റെയും അകമ്പടിയോടെയല്ല നടക്കുക. സംസ്കാരസമ്പന്നരായ നാലു വ്യക്തികളുടെ ദിനചര്യ ശാന്തമായി തന്നെയാണ് ആരംഭിക്കുക. എന്നാൽ അനുപം മിത്ര ജീവിച്ചിരുന്ന കാലത്ത് ഇതായിരുന്നില്ല സ്ഥിതി. അയാൾ ഒറ്റയ്ക്കു തന്നെ നാല്‍പത് ആളുകളുടെ ബഹളമുണ്ടാക്കുമായിരുന്നു. വളരെ വാചാലനായ ഒരാളായിരുന്നതിനാൽ മറ്റു നാലുപേരുടെയും മൗനം ആർക്കും പിടി കിട്ടുമായിരുന്നില്ല. രാജകീയമായ ആഡംബരം നയിച്ച ഭർത്താവിന്റെ സ്വഭാവം സുചിന്തയുടെ മനസ്സിൽ ഉണർത്തിയത് അനാസക്തിയും. സുചിന്തയാണ് ഈ നോവലിലെ പ്രധാന കഥാപാത്രം. അവരുടെ മനസ്സിന്റെ കാണാക്കയങ്ങളിലേക്കാണ് നോവലിസ്റ്റ് ടോർച്ച് െതളിയിക്കുന്നത്. അനുപം മിത്രയുമായുള്ള ദാമ്പത്യത്തിൽ അവർ സന്തോഷവതിയായിരുന്നോ. ഒരിക്കലും പുറത്തു വരാത്ത എത്രയെത്ര നൊമ്പരങ്ങളാണ് അവൾ ഉള്ളിൽ ഒളിപ്പിച്ചിരിക്കുന്നത്. സാധാരണ രീതിയിൽ കഴിഞ്ഞിരുന്ന അനുപം കുടീറിലേക്ക് ഒരു നാൾ രണ്ടു സന്ദർശകർ എത്തുന്നു. നിസ്സഹായനായ ഒരു മധ്യവയസ്കനും അയാളുടെ മകളും. സുനന്ദൻ എന്നാണ് അയാളുടെ പേര് മകൾ നീത. ഒരു ചെറിയ അഭ്യർഥനയുമായാണ് നീത എത്തുന്നത്. മറവിരോഗവും മാനസികാസ്വാസ്ഥ്യവും നിറഞ്ഞ സുനന്ദന്റെ രോഗം മാറ്റുവാൻ സുചിന്ത സഹായിക്കണം. ഏതുവിധമാണ് ഈ രോഗിയെ സുചിന്ത സൗഖ്യമാക്കുന്നത്. ഇവിടെയാണ് ഈ നോവലിന്റെ അസാധാരണ ഭംഗി കുടികൊള്ളുന്നത്. എന്താണ് സുനന്ദനും സുചിന്തയുമായ ബന്ധം. അവർ ബാല്യകാല സുഹൃത്തുക്കളാണ് അതിലും അപ്പുറം എന്തെങ്കിലും ഉണ്ടോ? അൽപ്പം സ്നേഹവും സാന്ത്വനവും നൽകിയാൽ താളം തെറ്റിയ സുനന്ദന്റെ മനസ്സ് നേരെയാക്കാൻ കഴിയുമെന്ന് മകൾ നീത വിശ്വസിക്കുന്നു. ഈ നോവലിനെ മുന്നോട്ടു നയിക്കുന്ന ഘടകവും ഇതു തന്നെയാണ്. നീതയുടെ വാക്കുകളിൽ നിന്ന് ഇത് കണ്ടെത്താം. ‘‘തന്നിൽ ഉറങ്ങിക്കിടക്കുന്ന സ്രോതസ്സ് ഏതാണെന്ന് ഗംഗയോ ഗോമുഖോ പോലും സ്വയം അറിയുന്നില്ല. പെട്ടെന്നാണല്ലോ അരുവി പൊട്ടിയൊഴുകുന്നത്. അപ്പോൾ സുചിന്തയുടെ ചിന്ത ഈ വിധം ആയിരുന്നു’’. എന്റെ ശാന്തവും സ്തബ്ധവുമായ ഹിമാലയത്തിന്റെ ശാന്തിക്ക് ഭംഗം വരുത്തി ഉറങ്ങിക്കിടക്കുന്ന അരുവിയെ ഉണർത്താനാണു നീ എന്റെ വീട്ടിൽ വന്നിരിക്കുന്നത്’’. മൂകമായ വീടിനെ ഉണർത്താൻ എത്തിയവർ എന്ന് അയൽക്കാർ പോലും പറയാൻ തുടങ്ങി. സുചിന്തയ്ക്ക് തന്റെ ബാല്യകാലകാമുകനെ തിരിച്ചു കിട്ടി. അതോടെ ഗതകാല സ്മൃതികൾ ഗംഗാ പ്രവാഹം പോലെ ഒഴുകിയെത്തുകയും ചെയ്യുന്നു. മുത്തശ്ശിക്കു വേണ്ടി ചെമ്പകപ്പൂക്കൾ ശേഖരിക്കുന്നത്, പൂക്കൾക്കുവേണ്ടി ഇരുവരും നടത്തുന്ന പിണക്കങ്ങൾ, അവർ ഒരുമിച്ചു കഴിച്ച മധുരപലഹാരങ്ങൾ തുടങ്ങിയവ, ‘‘ഞാൻ എങ്ങോട്ടു ദൃഷ്ടി പായിച്ചാലും ആയിരം ഓർമകളുടെ സൂചിക്കുത്ത്’’ എന്ന വാക്കുകൾ. അനുപം കുടീറിലെ മൂന്നു യുവാക്കളുടെ കാര്യമോ? സാധാരണക്കാരായിട്ടും സ്വയം അസാധാരണക്കാരായി കണക്കാക്കുന്നവർ. സാധാരണ ജനങ്ങളുടെ സ്പർശമേൽക്കുമോ എന്ന ഭയം കാരണം അവർ സ്വയം അസ്പർശ്യരായി സൂക്ഷിച്ചു. അതിന്റെ ഫലമായി അസ്പര്‍ശ്യരായ രോഗികളെപ്പോലെ സ്വയം അവരുടെ ചുറ്റുപാടിൽ ഒറ്റപ്പെട്ടു കഴിയുകയാണ്. സുചിന്തയെക്കുറിച്ച് രേഖപ്പെടുത്തിയത് വായിക്കാം. ‘‘അവൾക്കു ഭയം മാത്രമാണ് ഭയം. ജീവിതകാലം മുഴുവനും ഭയപ്പെട്ടാണ് അവൾ കഴിഞ്ഞുവന്നത്. ജീവിതത്തിന്റെ ആരംഭദശയിൽ ഒരാളോട് പ്രേമം തോന്നി. എന്ന അപരാധബോധം കാരണം അവൾ എന്നും ഭയപ്പെട്ടാണ് കഴിഞ്ഞു വന്നത്. ആരെങ്കിലും അറിയുമോ എന്ന ഭയം കാരണം അവൾ ജീവിതകാലം മുഴുവനും ആ പ്രേമത്തിനുമേൽ പാളിപാളിയായി മണ്ണ് മൂടപ്പെടുവാൻ അനുവദിക്കുകയും ചെയ്തു.’’ ആ മണ്‍കൂനയാണ് ഇപ്പോൾ നീക്കം ചെയ്യുന്നത്. ഓർമകൾ ഓർത്തെടുത്ത് നഷ്ടവസന്തങ്ങളെ തിരഞ്ഞു പിടിച്ച് തന്റെ പഴയ കൂട്ടുകാരനെ പൂർവസ്ഥിതിയിലെത്തിക്കുവാനുള്ള ശ്രമം. മനുഷ്യമനസ്സ് എന്ന അദ്ഭുത പ്രപഞ്ചത്തിന്റെ ജനാലകൾ തുറക്കുകയാണ് ഈ നോവൽ. സ്നേഹത്തിന്റെ വാത്സല്യത്തിന്റെ തൂവൽസ്പർശം ഏൽക്കുമ്പോൾ ഏതു രോഗമാണ് സൗഖ്യമാകാത്തത്? സാമൂഹ്യബന്ധങ്ങളിലും കുടുംബന്ധങ്ങളിലും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ഈ നോവൽ ഗൗരവമായി ചർച്ച ചെയ്യുന്നു. കാലം എത്ര ശക്തമായി ഉരച്ചു മായിക്കുവാൻ ശ്രമിച്ചാലും തെളിഞ്ഞു തെളിഞ്ഞു വരുന്ന ഓർമകളാണ് മനുഷ്യനുള്ളതെന്ന് സുചിന്തയുടെ ജീവിതകഥകൾ വായനക്കാരോട് പറയുകയാണ്. മക്കളെല്ലാം വിട്ടുപോകുമെന്നറിഞ്ഞിട്ടും തന്റെ ബാല്യകാലസഖിയുടെ നിസ്സഹായതയിൽ അയാളെ വിട്ടുപോകാൻ കൂട്ടാക്കാത്ത ഉജ്വല ചിത്രം ഈ നോവലിന് കൂടുതൽ മിഴിവു നൽകുന്നു. രാധാകൃഷ്ണൻ അയിരൂർ ആണ് പുസ്തകത്തിന്റെ പരിഭാഷ നിർവഹിച്ചിരിക്കുന്നത്. (ജേക്കബ് ഐപ്പ് മലയാള മനോരമ ഓണ്‍ലൈനില്‍ പങ്കുവച്ച കാവ്യാത്മകമായ ആസ്വാദന കുറിപ്പിൽനിന്ന്, പൂർണ്ണരൂപം https://bit.ly/2TtceFm എന്ന ലിങ്കിൽ വായിക്കാം)

Reviews

28 Feb , 2019

5

എഡിറ്റോറിയൽ

ബംഗാളിസാഹിത്യത്തെ മാറ്റിനിർത്തിക്കൊണ്ടുള്ള ഇന്ത്യൻ സാഹിത്യം എക്കാലത്തും അപൂർണ്ണമാണ്. സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പും പ്രബുദ്ധരചനകൾ കൊണ്ട് നവോത്ഥാനനിർമ്മാണം നടത്തിയ സാഹിത്യവിശാരദർ ബംഗാളിലുണ്ട്. ഈടുറ്റതും കാലാതീതമായ പ്രസക്തിയവകാശപ്പെടാവുന്നതുമായ ബംഗാളിരചനകളെ മലയാളത്തിലെത്തിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ആശാപൂർണാ ദേവിയുടെ അന്തിവെളിച്ചം അടയാളം പ്രസിദ്ധീകരിക്കുന്നത്. ആശാപൂർണാ ദേവിയുടെ രചനകളുടെ പ്രധാന മികവ് അത് സാമൂഹിക പരിണാമങ്ങളുടെ മുന്നിൽനടക്കുന്ന വഴിവെളിച്ചങ്ങളാകുന്നു എന്നതാണ്. വ്യവസ്ഥിതികളുടെ അടഞ്ഞവാതിലുകളോട് പ്രതികരിക്കുന്ന ആർദ്രതയും കാരുണ്യവും മുറുകെപ്പിടിക്കുന്ന കഥാപാത്രങ്ങളെ അവരുടെ രചനകളിൽ കണ്ടുമുട്ടുന്നുണ്ട്. പ്രവചനാത്മകമായ ക്രാന്തദർശിത്വം പുലർത്തുന്ന സ്ത്രീകഥാപാത്രങ്ങളും അതിലുൾപ്പെടുന്നു. മനുഷ്യചേതനയുടെ അന്തസ്സാരമായി ഒഴുകുന്ന വൈകാരികതയെ മുറുകെപ്പിടിക്കാനാണ് ഈ എഴുത്തുകാരി എന്നും മുതിർന്നിട്ടുള്ളത്. അത്തരമൊരു കഥാപാത്രമാണ് അന്തിവെളിച്ചത്തിലെ സുചിന്ത. സാമൂഹികബന്ധങ്ങളും രക്തബന്ധങ്ങളും അറ്റുപോകുമ്പോഴും വേദനയോടെയെങ്കിലും മാനുഷികമായ ആർദ്രഭാവത്തോടെ നിരാലംബതയുടെയും ദൈന്യതയുടെയും ഒറ്റപ്പെടലിന്റെയും നേരെ കരങ്ങൾ നീട്ടുന്ന സുചിന്ത ഈ നോവലിനെ ചേതോഹരമാക്കുന്നു.

Editorial

14 Jan , 2019

5

പ്രതീഷ് പരമേശ്വരൻ

പരിചയപ്പെടുത്തലാവശ്യമില്ലാത്ത ബംഗാളിലെ പ്രശസ്തയായ എഴുത്തുക്കാരിയാണ് ആശാപൂർണാ ദേവി. ചെറുതും വലുതുമായി 242 നോവലുകൾ, 37സമാഹാരങ്ങളിലായി 3000-ത്തിലധികം കഥകൾ, 62 ബാലസാഹിത്യ കൃതികൾ എന്നിവയാണ് ബംഗാൾ സാഹിത്യത്തിന് അവരുടെ സംഭാവന. ആശാപൂർണാ ദേവിയുടെ Jibon Shondhya എന്ന നോവലിന്റെ മലയാള വിവർത്തനമാണ് 'അന്തിവെളിച്ചം' എന്ന ഈ നോവൽ. സാമൂഹിക പരിണാമങ്ങളുടെ മുന്നോടിയായി വഴിവെളിച്ചം കാട്ടുന്ന രചനകളാണ് അവരുടേത്. ആ നിലയിൽ അത്തരം വിഷയങ്ങളെ ഏറെ മനോഹരമായി ഈ നോവലിലും അവർ അവതരിപ്പിച്ചിരിക്കുന്നു. ചുറ്റുപാടുകളിൽ നിന്നെല്ലാം വ്യത്യസ്തമായി യാതൊരു വിധ ബഹളങ്ങളുമില്ലാതെ പരസ്പരം ആവശ്യത്തിനുമാത്രമുള്ള സംസാരവും അനാവശ്യ സംഭാഷണവുമില്ലാതെ ശാന്തമായി കഴിഞ്ഞു കൂടിയിരുന്നവരായിരുന്നു അനുപം കുടീറിലെ സുചിന്തയും അവരുടെ മക്കളായ നിരുപമും, നീലാജ്ഞനും, ഇന്ദ്രനീലും. പക്ഷേ അപ്രതീക്ഷമായി വന്നെത്തിയ രണ്ടുപേരുടെ ഇടപെടൽമൂലം ആ വീട്ടിലെ പഴയ ശീലങ്ങൾ അപ്പാടെ തുടച്ചു മാറ്റപ്പെടുന്നു. ചുറ്റുപാടുമുള്ള വീടുകൾക്കു കൗതുകവും ജിജ്ഞാസയും വളർത്തികൊണ്ട് അനുപം കുടീറിൽ നിന്ന് ബഹളങ്ങളും പൊട്ടിച്ചിരികളും ഗാനശകലങ്ങളും പുറത്തേക്കൊഴുകുന്നു. വന്ന രണ്ടുപേർ സുചിന്തയുടെ കൗമാരകാല സുഹൃത്തും പ്രണയിതാവും ആയിരുന്ന സുശോഭനും അദ്ദേഹത്തിന്റെ മകളായ നീതയുമായിരുന്നു. തന്റെ പിതാവിനു ബാധിച്ച മാനസികാരോഗ്യ പ്രശ്നത്തിനു പരിഹാരമുണ്ടാകും എന്ന പ്രതീക്ഷയോടെ ഡോക്ടറും തന്റെ ഭാവിവരനുമായ സാഗറിന്റെ ഉപദേശപ്രകാരമാണ് നീത തന്റെ പിതാവിനേയും കൊണ്ട് ഈ വീട്ടിലേയ്ക്ക് വന്നു കേറുന്നത്. ചുറുചുറുക്കുള്ള നീതയുടെ പെരുമാറ്റം മൂലം ആ വീട്ടിൽ ഏറെ മാറ്റങ്ങളുണ്ടാകുന്നുണ്ട് എങ്കിലും ക്രമേണ മക്കളെല്ലാം സുചിന്തയുടെ പെരുമാറ്റo ഇഷ്ടപ്പെടാത അവളിൽ നിന്നും ആ വീട്ടിൽ നിന്നും ഒഴിഞ്ഞു മാറുന്നു. ഒരു വേള നീതക്കുപോലും സുചിന്തയെയും പിതാവിനെയും തനിച്ചാക്കി മാറി നിൽക്കേണ്ട അവസ്ഥ വരുന്നു. ഏറെ ബുദ്ധിമുട്ടുകളോടെയാണെങ്കിലും തന്റെ നേർക്ക് വന്നടുക്കുന്ന പ്രതികൂല സാഹചര്യങ്ങളെയെല്ലാം നേരിട്ട് ധീരയായി തന്റെ തീരുമാനത്തിൽ നിന്നും പിന്മാറാതെ സുചിന്ത എല്ലാ പ്രതിസന്ധികളെയും നേരിടുകയാണ്. സ്നേഹബന്ധങ്ങളും സാമൂഹിക പരികൽപനകളുമെല്ലാം വിചാരണ ചെയ്യപ്പെടുന്ന ആശാപൂർണാ ദേവിയുടെ ഈ നോവൽ മനുഷ്യജീവിതത്തിന്റെ ഉള്ളറകളെ അനാവൃതമാക്കുന്ന ഒരു രചനയാണ്. ഇന്നുവായിക്കുമ്പോൾ പോലും ഏറെ പുതുമ തോന്നിപ്പിക്കുന്ന പ്രമേയത്തോടെയുള്ള ഈ നോവൽ ഒരുകാലഘട്ടത്തിന്റെ പരിവർത്തനോന്മുഖമായ സാമൂഹിക സൂചനകൾ ഉൾക്കൊള്ളിച്ചിരിക്കുന്ന മനോഹരമായൊരു രചനയാണ്. മൊഴിമാറ്റം: രാധാകൃഷ്ണൻ അയിരൂർ. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പൂർണ്ണരൂപം https://bitlylink.com/dJpwz എന്ന ലിങ്കിൽ വായിക്കാം.

Pratheesh

09 May , 2019

Similar Books
Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top