അടിയൊഴുക്കുകളും ആന്തരിക വൈരുദ്ധ്യങ്ങളും ഇഴപാകിയ വർണക്കുമിളയായിരുന്നോ ടോൾസ്റ്റോയിയുടെ ദാമ്പത്യജീവിതം? താനനുഭവിച്ച പരിത്യക്തത, സ്നേഹനിരാസം, അവമതി, അപമാനം എന്നിവയൊക്കെയാണോ സോഫിയ ടോൾസ്റ്റോയി ഈ ചെറുനോവലിൽ പറയുന്നത്? വിഖ്യാത എഴുത്തുകാരന്റെ പത്നിയും പ്രണയിനിയും കൂടിയായ സോഫിയ ടോൾസ്റ്റോയിയുടെ അന്ന ആത്മകഥാപരമായ അന്തർഭാവങ്ങൾ സംവഹിക്കുന്നു. പ്രണയ നിരാസത്തിന്റെയും മോഹഭംഗങ്ങളുടെയും ഇരുണ്ട കയങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന അന്നയുടെ ജീവിതമാണ് ഇതിവൃത്തം. പ്രണയം ഒരിക്കലും യാഥാർഥ്യമാക്കപ്പെടുവാനാവാത്ത വൃഥാ കാമന മാത്രമാണെന്ന് അന്നയുടെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു.
✪ Translated by: Venu V Desam
✪ Format: Paperback | Pages: 144
✪ Size: Demy 1/8 | 175 g
✪ Edition: First, 2019 April
✪ Cover design: Rajesh Chalode
5
സോഫിയാ ടോൾസ്റ്റോയി എന്തിന് നോവലെഴുതി?
1889-ൽ ലിയോ ടോൾസ്റ്റോയി പ്രസിദ്ധീകരിച്ച ക്രൂയിറ്റ്‌സർ സൊണാറ്റ എന്ന നോവൽ റഷ്യൻ സാംസ്‌കാരിക മണ്ഡലത്തിൽ കൊടങ്കാറ്റിളക്കി വിടുകയുണ്ടായി. ലൈംഗികത, സ്‌നേഹം, വിവാഹം, കുടുംബം, പരപുരുഷസംഗമം, ചാരിത്ര്യം എന്നിങ്ങനെയുള്ള വിഷയങ്ങളിൽ തുറന്ന ചർച്ചകൾക്ക് വഴിമരുന്നിട്ട ഈ നോവൽ വളരെ പെട്ടന്ന് ചക്രവർത്തിയായ അലക്‌സാണ്ടർ മൂന്നാമന് 'സദാചാരപരമായ കാരണങ്ങളാൽ' നിരോധിക്കേണ്ടതായിവന്നു. ഒരു റഷ്യൻ ഭൂപ്രഭു തന്റെ ഭാര്യയുടെ ജാരനെ വധിക്കുകയും മനഃസാക്ഷിക്കുത്തിനാൽ കുറ്റമേറ്റു പറയുകയും ചെയ്യുന്നതാണ് നോവലിന്റെ പൊരുളടക്കം. കുറ്റവാളിയും സംശയാത്മാവുമായ ആ ഭൂപ്രഭു ഒരു രാത്രി തീവണ്ടിയാത്രയിൽ സഹയാത്രികനോട് വിവരിക്കുന്ന മട്ടിലാണ് ടോൾസ്റ്റോയി തന്റെ വായനക്കാരനു മുന്നിൽ അവതരിപ്പിക്കുന്നത്. തന്നേക്കാൾ വളരെ പ്രായം കുറഞ്ഞ യുവസുന്ദരിയായിരുന്നു അയാളുടെ ഭാര്യ. നിരോധനത്തെ തുടർന്ന് ടോൾസ്റ്റോയിയുടെ സഹോദര പത്‌നിയുടെ പീറ്റേർഴ്‌സ്ബർഗ്ഗിലുള്ള വസതിയിൽ ചേർന്ന ഒരു ബുദ്ധിജീവിസദസ്സിൽവെച്ച് 'ക്രൂയിറ്റ്‌സർ സൊണാറ്റ' ഉറക്കെ വായിക്കപ്പെട്ടു. പിറ്റേന്ന് ഒരു പ്രധാന പ്രസാധക സ്ഥാപനം കൃതിയുടെ മുന്നൂറ് കയ്യെഴുത്തു പ്രതികൾ തയ്യാറാക്കുവാനും പിറ്റേർഴ്‌സ്ബർഗ്ഗിൽ വിതരണം ചെയ്യുവാനും നിശ്ചയിക്കുകയും അത് നടപ്പിൽ വരുത്തുകയും ചെയ്തു. ഈ നോവൽ ടോൾസ്റ്റോയിയുടെ പത്‌നി സോഫിയയെ അക്ഷരാർത്ഥത്തിൽ അപമാനിക്കുവാൻ പര്യാപ്തമായിരുന്നു. പ്രഭുവംശജർ അവരെ സംശയത്തോടെ വീക്ഷിക്കുവാനും അപഹസിക്കുവാനും തയ്യാറായി. ഒരു ഡോക്ടറുടെ മൂന്നു പെൺമക്കളിൽ ഒരുവളായി പിറന്ന സോഫിയയുടെ കുടുംബ സുഹൃത്തായിരുന്നു ടോൾസ്റ്റോയി. ടോൾസ്റ്റോയിയുടെ 'കുട്ടിക്കാലം' എന്ന കൃതി തന്റെ കുട്ടിക്കാലത്തുതന്നെ വായിച്ച സോഫിയ, ടോൾസ്റ്റോയിയുടെ ആരാധികയായിരുന്നു. താൻ സ്വയം പിന്നീട് കഥകള്‍ എഴുതിയപ്പോൾ അവൾ ആ രചനകളിലെ നായകനായി ചിത്രീകരിച്ചത് ടോൾസ്റ്റോയിയെ തന്നെയാണ്. ആരാധന പ്രണയമായി മാറുകയും തന്റെ പതിനെട്ടാം വയസ്സിൽ തന്നേക്കാൾ പതിനാറു വയസ്സിന് മൂപ്പുള്ള ടോൾസ്റ്റോയിയെ സോഫിയ പരിണയിക്കുകയും ചെയ്തു. കഥാരചന അവൾക്ക് കൗമാര കുതൂഹലം മാത്രമായിരുന്നുവെങ്കിലും പിന്നീട് സാഹിത്യത്തിലും കലയിലും തത്ത്വശാസ്ത്രത്തിലും സോഫിയ അഗാധ വിജ്ഞാനം നേടുകയുണ്ടായി. യുഗസ്രഷ്ടാവായ ഒരു മഹാസാഹിത്യകാരന്റേയും മാനവവാദിയുടേയും ഭാര്യ എന്ന നിലയിൽ സോഫിയ അനുഭവിക്കാത്ത ദുരിതങ്ങളോ ആഘോഷങ്ങളോ ഇല്ല. മൂന്നുവട്ടം അവർ ആത്മഹത്യക്കു മുതിർന്നതായി ഡയറികളിൽ കാണപ്പെടുന്നു. ടോൾസ്റ്റോയിയുടെ മരണത്തിൽ പോലും അവർ തെറ്റുകാരിയായി ചിത്രീകരിക്കപ്പെട്ടു. അസ്റ്റപ്പോവ എന്ന ചെറിയ റെയിൽവേ സ്റ്റേഷനിൽ കിടന്ന് അനാഥനെപ്പോലെ മരിച്ച ടോൾസ്റ്റോയിയെ ബോധം നഷ്ടപ്പെടുന്നതിനു മുമ്പ് ഒരുനോക്കു കാണുവാൻപോലും ശിഷ്യസംഘം ആ സാധ്വിയെ അനുവദിച്ചില്ലത്രെ. ടോൾസ്റ്റോയിയുടെ പതിമൂന്നു കുട്ടികളെ സോഫിയ പ്രസവിച്ചു. (ചിലർ അകാലത്തിൽ മരിച്ചു). യുദ്ധവും സമാധാനവും പോലുള്ള ബൃഹദ് കൃതികൾ പലവട്ടം പകർത്തിയെഴുതി എന്നതിന് വിശ്വസാഹിത്യം സോഫിയയോട് കടപ്പെട്ടിരിക്കുന്നു. ടോൾസ്റ്റോയിയുടെ തനിപ്പകർപ്പായിരുന്ന അല്യോഷാ എന്ന കുരുന്ന് മരിച്ചപ്പോൾ സോഫിയ ഭ്രാന്തിന്റെ വക്കോളമെത്തി. നൈരാശ്യത്തിലാണ്ട് ജീവിതം മടുത്ത സോഫിയയെ തനയേവ് എന്ന യുവസംഗീതജ്ഞന്റെ സാന്നിദ്ധ്യം സാന്ത്വനിപ്പിക്കുകയുണ്ടായി. ഒരു സംഗീതവിരുന്നിൽ വെച്ചാണ് സോഫിയാ തനയേവിനെ പരിചയപ്പെട്ടത്. യാസ്‌നായ പോള്യാനയിലും മോസ്‌കോയിലുള്ള വേനൽക്കാല വസതിയിലും തനയേവ് സ്വീകരിക്കപ്പെട്ടു. അയാൾ സോഫിയ മറന്നു കിടന്നിരുന്ന സംഗീതപാഠങ്ങൾ വയലിനിൽ വീണ്ടും പഠിപ്പിക്കുവാനും ശ്രമിച്ചു. ശാരീരികമായിരുന്നില്ല, ആഴത്തിൽ വൈകാരികം മാത്രമായിരുന്നു ആ ബന്ധമെങ്കിലും കുടുംബാംഗങ്ങളും ബന്ധുക്കളും ആ ബന്ധത്തെ എതിർത്തു. ടോൾസ്റ്റോയിക്ക് തനയേവിനെ കാണുന്നതുപോലും കലിയായിരുന്നു. ഒടുവിൽ തനയേവ് ആ വീട്ടിൽ സ്വീകരിക്കപ്പെടാതെയായി. 'ആഴത്തിൽ ഒരാളെ നിഷ്‌ക്കളങ്കമായി സ്‌നേഹിക്കുമ്പോൾ എന്തിന് അതിൽ കാമചാരിത്വം ആരോപിക്കുന്നു'വെന്ന് ആയിടെ സോഫിയ ഡയറിയിലെഴുതി. ടോൾസ്റ്റോയിയുടെ മരണശേഷം ഒരിക്കൽക്കൂടി തനയേവ് അമ്മയെ സന്ദർശിക്കുവാന്‍ എത്തിയെന്നും ഒരു പരിഗണനയും ലഭിക്കാതെ വന്നപ്പോൾ ഇറങ്ങിപ്പോയെന്നും മകളായ അലക്‌സാണ്ഡ്ര ടോൾസ്റ്റയയുടെ ഓർമ്മക്കുറിപ്പുകളിൽ കാണുന്നു. സെൻസർമാരെ ഭയന്ന് ടോൾസ്റ്റോയി അനവധിവട്ടം ക്രൂയിറ്റ്‌സർ സൊണാറ്റ മാറ്റിമാറ്റി എഴുതിയപ്പോഴൊക്കെയും സോഫിയയാണ് പകർത്തിയെഴുത്ത് നിർവ്വഹിച്ചിരുന്നത്. ടോൾസ്റ്റോയിയുടെ ഏതാണ്ട് എല്ലാ കൃതികളുടേയും പരിശോധനയും സംയോജനവും സോഫിയ തന്നെയാണ് കൈകാര്യം ചെയ്തിരുന്നത്. ക്രൂയിറ്റ്‌സർ സൊണാറ്റ തനിക്ക് അപമാനത്തിന് കാരണമാകുമെന്ന് ബോദ്ധ്യപ്പെട്ട സോഫിയ നോവലിലെ നായികയുടെ സ്വഭാവ ചിത്രീകരണം മാറ്റണമെന്ന് പലവട്ടം ഭർത്താവിനോട് അപേക്ഷിക്കുകയുണ്ടായെങ്കിലും ടോൾസ്റ്റോയി തരിമ്പും പരിഗണിച്ചില്ല. പ്രസിദ്ധീകരണത്തിനു ശേഷം താൻ മുൻകൂട്ടി കണ്ടപ്പോലെ വായനാ സമൂഹവും പത്രങ്ങളും അഭിപ്രായപ്പെട്ടു തുടങ്ങുകയും കൃതി നിരോധിക്കപ്പെടുകയും ചെയ്തപ്പോൾ ഭർത്താവിന്റെ മഹത്ത്വത്തിൽ തീവ്ര വിശ്വാസമുണ്ടായിരുന്ന സോഫിയ ചക്രവർത്തിയെ നേരിൽ കണ്ട് നിരോധനം നീക്കിയെടുക്കുവാനുള്ള അപേക്ഷ നൽകുവാൻ തീരുമാനിച്ചു. ആ നോവൽ തന്റെ സൽപ്പേരിനെ തരിമ്പും സ്പർശിക്കുന്നില്ല എന്ന് തന്നെ അപഹസിക്കുന്നവരെ അറിയിക്കണമെന്ന ലക്ഷ്യം കൂടി ആ നീക്കത്തിന് പിന്നിൽ തീർച്ചയായും ഉണ്ടായിരുന്നിരിക്കും. ചക്രവർത്തിയെ കാണാൻ പോകുന്ന കാര്യം സോഫിയ ഭർത്താവിനെ അറിയിച്ചതുമില്ല. ടോൾസ്റ്റോയി ഒരിക്കലും അതനുവദിക്കുമായിരുന്നില്ലല്ലോ. ചക്രവർത്തിയെ നേരിൽ കണ്ട രംഗം തന്റെ ഓർമ്മക്കുറിപ്പുകളിൽ സോഫിയ വിശദമായി വർണ്ണിച്ചിട്ടുണ്ട്. പലവട്ടം അപേക്ഷിച്ചതിനു ശേഷമാണ് കൊട്ടാരത്തിൽ നിന്നും സന്ദർശനാനുമതി ലഭിച്ചത്. ചിക്കൻപോക്‌സ് ബാധിച്ചിരുന്ന ഒരു കുട്ടി വീട്ടിലുണ്ടെന്ന ആധിയോടെ ഒറ്റക്ക് പീറ്റേർഴ്‌സ്ബർഗ്ഗിൽ ഒരു വാടകമുറിയിൽ താമസിച്ച സോഫിയ സ്വയം എഴുതി തയ്യാറാക്കിയ അപേക്ഷയുമായി നിശ്ചയിച്ച് ഉറപ്പിച്ചിരുന്ന സമയത്തുതന്നെ കൊട്ടാരത്തിൽ ഹാജരായി. ചക്രവർത്തിയുടെ ഏതോ ബന്ധു മരിച്ചതിന്റെ ദുഃഖാചരണ ഘട്ടമാണ് എന്ന് അറിഞ്ഞിരുന്നതിനാൽ സോഫിയ വിലാപവേഷം ധരിക്കുവാൻ ശ്രദ്ധിച്ചിരുന്നു. ഒരുപാട് കാത്തിരുന്നതിനു ശേഷമാണ് സോഫിയക്ക് പ്രവേശനാനുമതി ലഭിച്ചത്. കാത്തിരിക്കേണ്ടിവന്നതിനു ക്ഷമ ചോദിച്ചുകൊണ്ടാണ് ചക്രവർത്തി സംഭാഷണം ആരംഭിച്ചത്. സോഫിയയുടെ അപേക്ഷയുടെ സ്വഭാവം തിരിച്ചറിഞ്ഞ ചക്രവർത്തി ''ക്രൂയിറ്റ്‌സർ സൊണാറ്റ പോലെയുള്ള നോവലുകൾ നിങ്ങൾ കുട്ടികൾക്കു വായിക്കുവാൻ കൊടുക്കുമോ'' എന്ന ചോദ്യം ഉന്നയിച്ചു. ടോൾസ്റ്റോയി പുതിയ മതം സ്ഥാപിച്ചതിലും പള്ളിയെ ഉപേക്ഷിച്ചതിലുമുള്ള പരിതാപവും മറച്ചു വെച്ചില്ല. ടോൾസ്റ്റോയി തുടർന്നും എഴുതുന്നതിൽ തനിക്ക് സന്തോഷമേ ഉള്ളൂവെന്നും കയ്യെഴുത്തുപ്രതികൾ തനിക്ക് നേരിട്ട് അയക്കണമെന്നും ഗുണദോഷ വിചിന്തനത്തിനു ശേഷമേ പ്രസിദ്ധീകരണത്തിനു അനുവാദം നൽകുവാനാകൂ എന്നും അദ്ദേഹം അറിയിച്ചു. ക്രൂയിറ്റ്‌സർ സൊണാറ്റയുടെ നിരോധനം താൻ നീക്കുകയാണെന്നും പക്ഷേ ആ നോവൽ ടോൾസ്റ്റോയിയുടെ സമാഹൃത കൃതികളിൽ മാത്രമേ ഉൾപ്പെടുത്താവു എന്നും അങ്ങനെ വരുമ്പോൾ വിപുല പ്രചാരം ഉണ്ടാകുകയില്ല എന്നും ചക്രവർത്തി അറിയിച്ചു. പക്ഷേ ചക്രവർത്തിയുടെ പ്രത്യാശയ്ക്കു വിരുദ്ധമായിരുന്നു പിന്നീട് ആ നോവലിനുണ്ടായ പ്രചാരം. സമാഹൃത കൃതികളിലാണ് അതുൾപ്പെട്ടിരുന്നത് എന്നതിനാൽ മാത്രം സമാഹൃത കൃതികൾക്ക് പല പതിപ്പുകൾ ആവശ്യമായിവന്നു. ക്രൂയിറ്റ്‌സർ സൊണാറ്റ പുരുഷാന്തരങ്ങൾ വായിക്കാനിരിക്കുന്ന നോവലാണെന്ന ബോദ്ധ്യം കൈവന്ന സോഫിയ തനിക്ക് ആ നോവലിലൂടെ വന്നുചേർന്ന കളങ്കം കഴുകിക്കളയുവാൻ വേണ്ടിയാണ് ഒരു നോവൽ സ്വയമെഴുതുവാൻ നിശ്ചയിക്കുന്നത്. ആത്മകഥാപരമെന്നു തോന്നിപ്പിക്കുന്ന ആ നോവലിലൂടെ സ്വയം ന്യായീകരിക്കുവാനും തനിക്ക് പറയാനുള്ളത് അവതരിപ്പിക്കുവാനും ആ നിസ്സഹായാവസ്ഥയിൽ സോഫിയ നിശ്ചയിച്ചു. ലക്ഷണയുക്തമായ ആ നോവൽ പക്ഷേ എഴുതപ്പെട്ട കാലത്ത് പ്രസിദ്ധീകരിക്കുവാൻ സോഫിയയ്ക്കു സാധിച്ചില്ല. 1891-94 കാലയളവിൽ രചിക്കപ്പെട്ട ഈ നോവൽ സ്‌കൂൾകുട്ടികൾക്കുള്ള നോട്ടു പുസ്തകങ്ങളിലാണ് എഴുതപ്പെട്ടത്. 1944-ൽ മാത്രമാണ് ആ കയ്യെഴുത്തുപ്രതി ടോൾസ്റ്റോയി മ്യൂസിയത്തിൽ നിന്നും കണ്ടെടുക്കപ്പെട്ടത്. നോവലിന് എന്തു പേരിടും എന്ന പ്രശ്‌നം സോഫിയയെ അലട്ടുകയും പന്ത്രണ്ടോളം ശീർഷകങ്ങൾ അവർ വിഭാവനം ചെയ്യുകയും ചെയ്തു. ഒടുവിൽ ആരുടെ കുറ്റം (WHOSE FAULT) എന്ന പേര് അവർ തിരഞ്ഞെടുത്തു. നോവൽ വായിച്ചുകേട്ട സുഹൃത്തുക്കളും ബന്ധുക്കളും അത് ഒരിക്കലും പ്രസിദ്ധീകരിച്ചുകൂടാ എന്ന് ഉപദേശിച്ചതിനാൽ സോഫിയ പ്രസിദ്ധീകരണ പദ്ധതി പാടേ ഉപേക്ഷിക്കുകയാണുണ്ടായത്. അക്കാലത്ത് എഴുതിയ കത്തുകളിലും ഡയറികളിലും തന്റെ ആത്മകഥയായ 'എന്റെ ജീവിത' (My Life) ത്തിലും ക്രൂയിറ്റ്‌സർ സൊണാറ്റയെപ്പറ്റി തനിക്കുള്ള ഉൽക്കണ്ഠകൾ സോഫിയ അവതരിപ്പിച്ചിരുന്നതായി കാണാം. തന്റെയും ടോൾസ്റ്റോയിയുടേയും ദാമ്പത്യം തന്നെയാണോ നോവലിൽ പരോക്ഷമായി അവതരിപ്പിച്ചിരിക്കുന്നത് എന്ന സംശയം ന്യായമായും സോഫിയയെ വ്യസനചിത്തയാക്കി. 1994-ലാണ് ആദ്യമായി 'ആരുടെ കുറ്റം' ഒരു റഷ്യൻ മാസികയിലൂടെ പുറംലോകത്തെത്തിയത്. അന്ന് അത് ആരാലും ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും 2010-ൽ ക്രൂയിറ്റ്‌സർ സൊണാറ്റയോടൊപ്പം ചേർത്ത് പ്രസിദ്ധീകരിക്കപ്പെട്ടപ്പോഴാണ് സഹൃദയലോകം വലിയ വരവേൽപ്പു നൽകിയത്. തന്റെ ഭാര്യ എഴുതിയ ഒന്നും വായിക്കുവാൻ ടോൾസ്റ്റോയി ഒരിക്കലും സന്നദ്ധനായിരുന്നില്ല. വിവാഹം എന്ന പ്രസ്ഥാനത്തേയും സ്ത്രീസ്വഭാവത്തേയും പരപുരുഷഗമനത്തെയും കുറിച്ചുള്ള ടോൾസ്റ്റോയിയുടെ ആശയഗതികളെ തന്റെ 'പ്രതിരോധ നോവലി'ലൂടെ സോഫിയ കടന്നാക്രമിക്കുകയും അന്നത്തെ റഷ്യൻ സ്ത്രീസ്വാതന്ത്ര്യവാദത്തെ പിൻതുണക്കുകയും ചെയ്തു. പിന്നീട് ആ ദമ്പതികളുടെ പിതൃപക്ഷവാദിയായ മകൻ ലെവ്‌ല്യോവിച്ച് അമ്മയെപ്പോലെ ക്രൂയിറ്റ്‌സർ സൊണാറ്റക്ക് പ്രതികരണമെന്നോണം 'ചോപ്പിന്റെ മുഖവുര' (Chopins prelude) എന്ന ഒരു നോവലെറ്റ് എഴുതിയെങ്കിലും പിതാവിന്റെ പാരമ്പര്യനിഷ്ഠമായ അഭിപ്രായങ്ങളെ സാധൂകരിക്കുവാനാണ് ശ്രമിച്ചത്. ടോൾസ്റ്റോയി അത് കണ്ടതായിപ്പോലും നടിച്ചില്ലത്രെ. എങ്ങനെ വിശകലനം ചെയ്താലും അതിപ്രശസ്തനും മഹാനുമായ ടോൾസ്റ്റോയിയുടെ പത്‌നി സോഫിയ സ്വന്തം നിലക്ക് സമർഥയായ ഒരു നോലിസ്റ്റ് ആയിത്തീരുമായിരുന്നു അവർ എഴുത്തു തുടർന്നിരുന്നുവെങ്കിലെന്ന് 'ആരുടെ കുറ്റം' എന്ന നോവൽ നിസ്സംശയം പ്രഖ്യാപിക്കുന്നു. ഭർത്താവിന്റെ കരുത്തുറ്റ നിഴലിൽ നിന്നും നീങ്ങിനിൽക്കുവാൻ സത്യസന്ധയായ ഒരു ഭാര്യയും മാതാവുമെന്ന നിലക്ക് അവർ ആഗ്രഹിച്ചില്ല. മറിച്ചായിരുന്നു എങ്കിൽ പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യൻ സാഹിത്യത്തിലെ പ്രഗത്ഭമതികളുടെ പട്ടികയിൽ സോഫിയാ ടോൾസ്റ്റോയിയുടെ പേരുകൂടി ഉൾപ്പെടുത്തേണ്ടി വരുമായിരുന്നുവെന്ന് നിശ്ചയം. (സോഫിയ ടോൾസ്റ്റോയ് യുടെ 'WHOSE FAULT' എന്ന നോവൽ വേണു വി ദേശം അന്ന എന്ന പേരിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നു. അന്നയെ കുറിച്ച് 2019 ജനുവരി 27 ലെ മാതൃഭൂമി വാരികയിൽ പ്രസിദ്ധീകരിച്ച കുറിപ്പ്)
Editorial
25 Jan , 2019
5
അന്നും ഇന്നും എന്നും, അന്ന...
തന്നെക്കാൾ പതിനാറോളം വസന്തങ്ങൾ കുറച്ചുമാത്രം കണ്ടിട്ടുള്ള സോഫിയയെയാണ് ടോൾസ്റ്റോയ് വിവാഹം കഴിച്ചത്. മറ്റൊരു ഋതുവിൽ വിരിഞ്ഞ പുഷ്‌പത്തെയെന്നപോലെ. റഷ്യൻ പ്രഭുത്വത്തിൻ്റെ അലിഖിത സദാചാര നിയമങ്ങൾ പുരുഷന് സ്വാതന്ത്ര്യവും സ്‌ത്രീക്ക് അദൃശ്യ വിലക്കുകളും കൽപ്പിച്ചു നൽകിയിരുന്ന കാലത്തായിരുന്നു അത്. ¶ കാലത്തിനൊപ്പം നിന്നുകൊണ്ട് ടോൾസ്റ്റോയ് കുടുംബത്തിൻ്റെ ഭരണം, എസ്റ്റേറ്റുകളുടെ നടത്തിപ്പ് എന്നിങ്ങനെ നല്ലൊരു പ്രഭ്വിയുടെ നയപാടവം വേണ്ടിടത്തൊക്കെ ഭാര്യയെന്ന നിലയിൽ വിജയിക്കാൻ സോഫിയയ്ക്കായി. കുടുംബജീവിതത്തിലെ താളപ്പിഴകൾ പുറത്തറിയാതെ മനസ്സിൻ്റേയും വീടിൻ്റേയും ചുവരുകൾക്കുള്ളിൽ ഇട്ടു മൂടാനും അവർ ശീലിച്ചു. ¶ സോഫിയയുടെ ഏതു വാക്കും പ്രവൃത്തിയും സംശയിക്കപ്പെട്ടുകൊണ്ടിരുന്നപ്പോഴും അതിനെ എതിർക്കാനല്ല, പകരം തൻ്റെ ഏതു തെറ്റായ സ്വഭാവമാണ് മാറ്റേണ്ടതെന്ന രീതിയിലുള്ള സ്വയം വിശകലനമാണ് അവർ ചെയ്‌തത്. ¶ തനയേവെന്ന സുഹൃത്തിൻ്റെ വയലിൻ വായന സംഗീത പ്രിയയായ സോഫിയ ഏറെ ആസ്വദിച്ചിരുന്നു. സോഫിയയുടെ ഈ ഇഷ്‌ടം ഭർത്താവായ ടോൾസ്റ്റോയിക്ക് അരോചകവുമായിരുന്നു. സംഗീത ജ്ഞാനവുമായുള്ള സോഫിയയുടെ ബന്ധത്തെക്കുറിച്ച് ടോൾസ്റ്റോയിയിലെ അസൂയാലുവായ ഭർത്താവ് മനസ്സിൽ മെനഞ്ഞ കഥകൾ ക്രൂയ്സ്റ്റർ സൊണാറ്റ എന്ന പേരിൽ ഒരു നോവലായി പുറത്തു വന്നു. ഭാര്യയുടെ സദാചാര മൂല്യ രഹിതമായ ജീവിതത്തിലും അനാശ്യാസ ബന്ധങ്ങളിലും മനംനൊന്ത് ഭാര്യയെ കൊല്ലുന്ന ഭർത്താവിനെയാണ് ആ നോവലിൽ ടോൾസ്റ്റോയ് നായകൻ ആക്കിയത്. ¶ ടോൾസ്റ്റോയിയുടെ എല്ലാ കൃതികളുടേയും പകർത്തിയെഴുത്തുകാരിയായ സോഫിയ പതിവുപോലെ ഈ കൃതിയും പകർത്തിയെഴുതി. അനാശ്യാസ വർണനയുടെ ഏറ്റം കൊണ്ടാവാം ഈ കൃതി നിരോധിക്കപ്പെട്ടു. തനിക്കു നേരെയാണ് ഈ നോവൽ വിരൽ ചൂണ്ടുന്നത് എന്നൊന്നും കണക്കാക്കാതെ സോഫിയ, ചക്രവർത്തിയെ നേരിട്ടു കണ്ട് നിരോധനം നീക്കിയെടുത്തു. ¶ വായിച്ചവർ വായിച്ചവർ സോഫിയയെ തെറ്റുകാരിയായ നായികയോട് ഉപമിക്കുകയാണ് ഉണ്ടായത്. അവരുടെ ജീവിതത്തിലെ താളപ്പിഴകളും അതിന് ആരോപിക്കപ്പെട്ട കാരണങ്ങളും അങ്ങാടിപ്പാട്ടായതിൽ സോഫിയ ഏറെ വേദനിച്ചു. ¶ ക്രൂയ്സ്റ്റർ സൊണാറ്റ വഴി തന്നെ അപകീർത്തിപ്പെടുത്തിയ ടോൾസ്റ്റോയിക്കു കൃത്യമായ മറുപടി നൽകാൻ തന്നെ സോഫിയ തീരുമാനിച്ചു. അങ്ങനെ എഴുതിയതിന് ഒരു നോവലിന്റെ രൂപഭാവങ്ങളുണ്ടായി. ‘ആരേയാണ് പഴിക്കേണ്ടത്’ (Who’s to Blame) എന്ന് പേരും കൊടുത്തു അതിന്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം വായിച്ച ആ കൈയെഴുത്തുപ്രതി പിന്നീട് വിസ്‌മൃതിയിലാണ്ടു. ¶ വളരെ നിർമലമനസ്‌കയായ അന്നയെന്ന ഭാര്യയെ അകാരണമായി സംശയിക്കുന്ന ഭർത്താവിനെയാണ് ഈ നോവലിൽ കാണാനാകുന്നത്. തൻ്റെ മനസ്സിൻ്റെ വിഹ്വലതകളും അരക്ഷിതത്വവും ഭയങ്ങളും ആണ് പ്രിൻസ് എന്ന അയാളുടെ പ്രവൃത്തികളെ നിയന്ത്രിച്ചിരുന്നത്. അന്നയാവട്ടെ, തൻ്റെ ഏത് തെറ്റാണ് പ്രിൻസിന് ഇത്ര വെറുപ്പുളവാക്കുന്നത് എന്നോർത്ത് ഉള്ളുരുക്കി. ക്രൂയ്സ്റ്റർ സൊണാറ്റ പോലെ ദുരന്ത പര്യവസായിയാണ് ഈ കൃതിയും. നൂറു വർഷങ്ങൾക്കിപ്പുറം 1994ൽ ഈ കൃതിയുടെ കൈയെഴുത്തുപ്രതി കണ്ടെടുക്കപ്പെടുകയും പുസ്‌തകമായി പ്രസിദ്ധീകരിക്കുകയും ചെയ്‌തു. ¶ തനിക്ക് അപകീർത്തികരമായ നോവൽ എഴുതിയ ഭർത്താവിന് മറുപടിയായി ഭാര്യക്ക് മറ്റൊരു നോവൽ എഴുതേണ്ടി വരിക, അതും ആ ഭർത്താവ് ലോക പ്രശസ്‌തനായ ലിയോ ടോൾസ്റ്റോയി ആണെന്നിരിക്കെ! സാഹിത്യ ചരിത്രത്തിലെ സമാനതകളില്ലാത്ത അപൂർവതയാണ് അത്. ¶ എന്നാൽ സോഫിയ തൻ്റെമേൽ ആരോപിക്കപ്പെട്ട കളങ്കം മായ്ക്കാൻ നൽകിയ തക്ക മറുപടി ലോകത്തിന് മുന്നിലെത്തിയത് നൂറ്റാണ്ട് ഒന്നു കഴിഞ്ഞാണെന്നത് അതിലേറെ ഐറണിയും. ഭർത്താവിൻ്റെ സങ്കല്പ കഥകളാൽ അപകീർത്തിപ്പെടേണ്ടി വരിക, പിന്നീട് അതിന് മറുപടിയുമായി വന്ന് സ്വയം ന്യായീകരിക്കേണ്ടി വരിക, അത് പുറംലോകം അറിയാതെ പോവുക എന്നതൊക്കെ എത്ര ദയനീയമായ അവസ്ഥയാണ്! ¶ വിജയിച്ച ഏതൊരു പുരുഷന് പിന്നിലും ഒരു സ്‌ത്രീയുണ്ടാകും എന്നതിന് ഉത്തമ ഉദാഹരണമാണ് സോഫിയ. പക്ഷേ അവർ എന്നും പിന്നിലായിപ്പോയി. പിന്നിൽ നിന്നുകൊണ്ട് ആ മഹാവ്യക്‌തിത്വത്തിന് താങ്ങാവുക എന്നത് മാത്രമാണ് തൻ്റെ നിയോഗമെന്ന് അവർ ധരിച്ചുപോയി. ടോൾസ്റ്റോയിയുടെ കൃതികളുടെ പകർത്തിയെഴുത്തുകാരി എന്നതിലുപരി എഡിറ്റർ കൂടി ആയിരുന്നു അവർ. ഒരു വ്യക്‌തി എന്ന നിലയിൽ അവരുടെ കഴിവുകൾ വികസിപ്പിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ ഒരുപക്ഷേ റഷ്യൻ സാഹിത്യ ചരിത്രത്തിൽ സോഫിയയുടെ പേരും എഴുതിച്ചേർക്കപ്പെട്ടേനെ. ¶ വേണ്ടതുപോലെ പരിഗണിക്കപ്പെട്ടിട്ടില്ല എന്നു മാത്രമല്ല പലപ്പോഴും അവഗണിക്കപ്പെടുകയായിരുന്നു സോഫിയ ജീവിതാവസാനം വരെ. അറുപത്താറുകാരിയായ സോഫിയയെ ഉപേക്ഷിച്ച് ഇറങ്ങിപ്പോയിട്ട് ദിവസങ്ങൾക്കകമാണ് എൺപത്തിരണ്ടുകാരനായ ടോൾസ്റ്റോയ് മരിക്കുന്നത്. പിന്നീടങ്ങോട്ട് ദുരിത ജീവിതമായിരുന്നുവത്രേ സോഫിയക്ക്. ഒടുവിൽ പട്ടിണികൊണ്ട് തളർന്ന ശരീരത്തിൽ നിന്ന് പ്രാണൻ വെടിയാൻ, ഒരു ഉണക്ക റൊട്ടി കുടലിലുണ്ടാക്കിയ മുറിവ് നിമിത്തമായി. ¶ സമ്പന്നയായ പ്രഭുകുമാരിയായി ജനിച്ച് വളർന്ന്, വിവാഹിതയായതോടെ മറ്റൊരിടത്തെ പ്രഭ്വിയായിരുന്ന ഒരുവളുടെ ദാരുണമായ ജീവിതാന്ത്യം. അതിപ്രശസ്‌തനായ ഭർത്താവ്, അദ്ദേഹത്തിൽ പതിമൂന്ന് മക്കൾ, അളവറ്റ ഭൂസ്വത്ത്; സന്തോഷം നിറഞ്ഞ ഒരു ദാമ്പത്യമൊഴികെ മറ്റെല്ലാം ഉണ്ടായിരുന്നു സോഫിയക്ക്. ഏറെയൊക്കെ ഉണ്ടെന്നു പറയുമ്പോഴും തന്നെ വിശ്വസിക്കാത്ത, സ്‌നേഹിക്കാത്ത, ഒരു ജീവിത പങ്കാളിയാണ് ഒപ്പമുള്ളതെങ്കിൽ ജീവിതത്തിൽ സമാധാനവും സന്തോഷവും എങ്ങനെയുണ്ടാവാൻ? ¶ ഒരു നൂറ്റാണ്ടിൻ്റെയും ദേശ ഭാഷകളുടെയും അന്തരമുണ്ടെങ്കിലും ഈ ജീവിതകഥ അറിയുമ്പോൾ നമുക്കത് അസംഭാവ്യമായി തോന്നാത്തത് എന്തുകൊണ്ടാണ്? ഇന്നും ഇതൊക്കെ നടക്കുന്നു എന്നതുകൊണ്ടല്ലേ? നിഴലായി മാത്രം നിൽക്കാൻ വിധിക്കപ്പെട്ട സ്‌ത്രീകൾ ഇന്നുമുണ്ട്. സ്വന്തം വ്യക്‌തിത്വവും ആഗ്രഹങ്ങളും മറ്റുള്ളവരുടെ ഇംഗിതാനുസരണം കുഴിച്ചുമൂടിയവർ. അവരിൽ ചിലർ, ഇതല്ല ജീവിതം എന്ന് തിരിച്ചറിഞ്ഞ് ചിറകു വിടർത്താൻ ശ്രമിക്കാറുമുണ്ട്. ചിലരതിൽ വിജയിക്കും. ചിലർക്ക് ആ ശ്രമം ഏറെ നോവായിരിക്കും നൽകുന്നത്. വീണ്ടും ചിറകരിയപ്പെടുന്നതിൻ്റെ നോവ്. സോഫിയയെപ്പോലെ പങ്കാളിയുടെ നിഴലായിരിക്കുമ്പോൾത്തന്നെ മനസ്സുകൊണ്ട് ഏറെ അകലെയായി ജീവിക്കേണ്ടി വരുന്നവരും ഉണ്ട്. ഇത്തരം ജീവിതങ്ങൾ ഇപ്പോഴുമുള്ളതുകൊണ്ടാണ് നൂറ്റാണ്ടിനിപ്പുറവും സോഫിയയുടെ കൃതി സ്വീകരിക്കപ്പെട്ടത്. ¶ ഉപാധികളില്ലാത്ത സ്‌നേഹം എന്ന സുന്ദരമായ പ്രയോഗത്തിൻ്റെ ആശയം മനസ്സിലാക്കി ബന്ധങ്ങൾ ബന്ധനങ്ങളാകാതെ ജീവിക്കാനാവുന്നതിലും സുന്ദരമായ അനുഭവം മറ്റൊന്നില്ല. അപ്പോഴാണ് ജീവിതം പതിനാറല്ല പതിനായിരം വസന്തങ്ങൾ അകലെയാണെങ്കിലും പൂവും പരാഗവും പോലെയാകുന്നത്. ¶ (വേണു വി. ദേശം ഭാഷാന്തരം നിർവഹിച്ച സോഫിയാ ടോൾസ്റ്റോയിയുടെ അന്ന എന്ന ആത്മകഥാപരമായ നോവലിനെകുറിച്ച് വിനീത വെള്ളിമന തയ്യാറാക്കിയ കാവ്യാത്മകമായ ആസ്വാദന കുറിപ്പിൽനിന്ന്. പൂർണ്ണരൂപം https://bit.ly/2RaGH7s എന്ന ലിങ്കിൽ വായിക്കാം)
WebMaster
13 Jun , 2019