മലയാളത്തിന്റെ പ്രിയ കഥാകാരൻ ടി. പത്മനാഭന്റെ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്ന കുറിപ്പുകൾ. അനുഭവങ്ങളിൽ നിന്നും ഇഴവിടർത്തിയെടുത്ത കഥകളാണ് പത്മനാഭന്റെത് എന്ന് ഈ കുറിപ്പുകളിൽ നിന്നും വായിച്ചെടുക്കാം. കഥയോളം ശക്തമാണ് ഇവിടെ പങ്കുവെക്കുന്ന അനുഭവങ്ങളും. കഥാകാരന്റെ ഇഷ്ടാനിഷ്ടങ്ങളും മായാതെ നിൽക്കുന്ന ഓർമ്മകളും സ്നേഹത്തണൽ വിരിച്ച അമ്മയും ജീവിതപങ്കാളിയായ ഭാര്യയുമെല്ലാം ഈ പുസ്തകത്തിലെ അനുഭവങ്ങളാകുന്നു. ഒപ്പം പത്മനാഭന്റെ ഏറെ പ്രശസ്തമായ അഞ്ച് കഥകളും.
✪ Format: Paperback | Pages: 128
✪ Size: Demy 1/8 | 160 g
✪ Edition: First, 2018 January
✪ Cover design: Rajesh Chalode
4.5
പ്രകാശം പരത്തിയ കഥാകാരൻ - വാസുദേവ്
മലയാളത്തിന്റെ കഥാവിളക്കാണ് ടി. പത്മനാഭൻ.അദ്ദേഹം കൊളുത്തിവച്ച നിറദീപങ്ങൾ കത്തുന്ന രഥചക്രങ്ങളായി നമ്മുടെ സാഹിത്യത്തിനാകെ പരിശോഭ വിതറുന്നു. നിരവദ്യമായ ഏകാഗ്രതയും ആഖ്യാനത്തിലെ സുതാര്യതയും പ്രമേയത്തിലെ സാധാരണത്വവും ആവിഷ്കരണത്തിലെ സുഗ്രഹതയും പത്മനാഭന്റെ കഥകളെ വേറിട്ട് നിർത്തുന്നു. സാഹിത്യത്തിൽ ഭാവുകത്വപരവും സാങ്കേതികമായ വികാസപരിണാമങ്ങൾ സംഭവിച്ചപ്പോഴും പത്മനാഭന്റെ കഥാശില്പങ്ങൾ പരീക്ഷണാത്മകമായ പ്രദർശനവസ്തുക്കളാകാതെ കഥാകാര വൈജയന്തികളായിനിന്നു. അനുഭവത്തിന്റെയും ആത്മസാക്ഷാത്കാരത്തിന്റെയും ഉൾച്ചൂടുവഹിക്കുന്ന ആ കഥകൾ ഒരിക്കലും മലയാളിയെ നിരാശയിലേക്കു നയിച്ചില്ല. വൈയക്തികവും സാമൂഹികവുമായ നിരവധി മാനുഷിക പ്രശ്‌നങ്ങള്‍ ജീവിതത്തെ പ്രതിസന്ധിയിലേക്കു നയിക്കുമ്പോള്‍ പത്മനാഭന്റെ കഥാതല്ലജങ്ങള്‍ ഇടര്‍തീര്‍പ്പിനുള്ള തുരുത്തുകളായി മാറുകയാണ്. കഥകളിലെ വ്യതിരിക്തതയും വ്യാവര്‍ത്തക ഘടനയും കഥാകാരന്റെ വ്യക്തിജീവിതത്തിലും അന്വയിക്കാന്‍ സാധിക്കും. പത്മനാഭന്റെ ജീവിതത്തിലൂടെയും കഥാലോകത്തിലൂടെയുമുള്ള സൂക്ഷ്മസഞ്ചാരമാണ് പയ്യന്നൂര്‍ കുഞ്ഞിരാമന്‍ എഴുതിയ 'ടി. പത്മനാഭന്‍ കഥയും ജീവിതവും' എന്ന ഗ്രന്ഥം. ഈ പുസ്തകം വായിക്കുമ്പോള്‍ പത്മനാഭന്റെ വ്യക്തിസ്വത്വത്തോടു നാം കൂടുതല്‍ അടുക്കുകയും പറഞ്ഞുകേട്ടതും ചിന്തിച്ചുകൂട്ടിയതുമായ ചില അബദ്ധധാരണകള്‍ തകരുകയും ചെയ്യുന്നു. ഭാവസാന്ദ്രവും അനിതരസാധാരണവുമായ കഥകളെഴുതി മലയാളിയെ വിസ്മയിപ്പിച്ച പത്മനാഭന്റെ ജീവിതത്തിലൂടെ കുഞ്ഞിരാമന്‍ സഞ്ചരിക്കുകയാണ്. പത്മനാഭന്റെ കഥയും ജീവിതവും തമ്മിലുള്ള അഭേദ്യബന്ധത്തെ ഉദാഹരണങ്ങളിലൂടെ അദ്ദേഹം സുഭദ്രമായി ആവിഷ്‌ക്കരിച്ചിരിക്കുന്നു. നമ്മുടെ ഹൃദയത്തോടു ചേര്‍ന്നുനിന്നുകൊണ്ട് അഅത്മാവുമായി സംവദിക്കുന്ന ജീവിതസത്യങ്ങള്‍ കാവ്യാത്മകമായ ഭാഷയിലവതരിപ്പിച്ച പത്മനാഭന്റെ ജീവിതം ഒരു കഥപോലെ നമുക്കു മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നു. ടി. പത്മനാഭന്റെ ജീവിതത്തില്‍ അവ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചാണ് ആദ്യസംഭവം പറയുന്നത്. അമ്മ കഥയിലും ജീവിതത്തിലും അദ്ദേഹത്തിനു പ്രചോദനമായിരുന്നു. മാതൃസ്‌നേഹത്തിന്റെ മഹത്ത്വം വെളിവാക്കുന്ന ഗൗരിപോലുള്ള കഥകളില്‍ ആത്മാനുഭവങ്ങളുടെ ചൂടുംചൂരുമുണ്ട്. മാനുഷികഭാവങ്ങളില്‍ മാത്രമല്ല ഉത്കൃഷ്ടമായ സ്ത്രീസങ്കല്പങ്ങളിലും അമ്മ അദ്ദേഹത്തെ കൈപിടിച്ചു നടത്തി. ജീവിതത്തിലുടനീളം സത്യസന്ധത പുലര്‍ത്തിയ എഴുത്തുകാരനായിരുന്നു പത്മനാഭന്‍. ഈ സത്യദീക്ഷകൊണ്ടാണ് വക്കീല്‍പ്പണിപോലും വേണ്ടാ എന്നു വച്ചത്. എഴുത്തിലും അദ്ദേഹം സത്യസന്ധത പുലര്‍ത്തി. തനിക്കു ശരിയെന്ന് ഉത്തമബോധ്യമുള്ളതുമാത്രം അദ്ദേഹം എഴുതി. സത്യം എന്നു തോന്നിയതിനുവേണ്ടി മാത്രം വാദിച്ചു. അതിനുവേണ്ടി മാത്രം മുഖം നോക്കാതെ വഴക്കിട്ടു. തന്റെ നിലപാടുകളുടെയും സ്വപ്രത്യയസ്ഥൈര്യത്തിന്റെയും വിജ്ഞാനപനമെന്ന നിലയില്‍ കഥ മാത്രമെഴുതി. അദ്ദേഹത്തിന്റെ ധീരവും ആത്മാര്‍ത്ഥവുമായ നിലപാടുകള്‍ പുസ്തകത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. അഗാധമായ സ്‌നേഹമാണ് പത്മനാഭന്റെ കഥകളുടെ മുഖമുദ്ര. അതു മനുഷ്യനോടുമാത്രമല്ല, സഹജീവികളോടെല്ലാമുണ്ട്. അദ്ദേഹത്തിന്റെ കഥകളില്‍ മനുഷ്യനോടൊപ്പം തന്നെ പക്ഷികളും മൃഗങ്ങളും മരങ്ങളുമൊക്കെ കഥാപാത്രങ്ങളാണ്. വിശേഷബുദ്ധിയില്ലാത്തവരെന്നു മുദ്രകുത്തപ്പെട്ട ജന്തുജീവികളുടെ അവികലമായ സ്‌നേഹത്തെയും തനിക്കാവനോടുള്ള അന്യൂനമായ കരുതലിനെയും കുറിച്ച് പത്മനാഭന്‍ എഴുതിയിട്ടുണ്ട്. പൂച്ചക്കുട്ടികളുടെ വീട്, ശേഖൂട്ടി, ജീവന്റെ വഴി, കത്തുന്ന രഥചക്രം തുടങ്ങിയ കഥകളെ മാറ്റിനിര്‍ത്തി പത്മനാഭനെയെന്നല്ലാ മലയാളകഥയെത്തന്നെ വിലയിരുത്താനാവില്ല. പ്രകൃതിസ്‌നേഹത്തിന്റെയും സഹജീവിസ്‌നേഹത്തിന്റെയും ഉദാത്തമാതൃകകളായി അവ നമ്മോടു സംവദിക്കുന്നു. പത്മനാഭന്റെ ബാല്യം കഷ്ടപ്പാടും ദാരിദ്ര്യവും നിറഞ്ഞതായിരുന്നു. എങ്കിലും സ്‌നേഹനിധികളായ അമ്മയും അമ്മാവനും ജ്യേഷ്ഠത്തിയും അദ്ദേഹത്തെ താങ്ങിനിര്‍ത്തി. സ്‌കൂളില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. എന്നാല്‍, പിന്നീട് രാഷ്ട്രീയത്തിലെ കള്ളത്തരങ്ങള്‍ കണ്ട് ആ മേഖല അദ്ദേഹമുപേക്ഷിച്ചു. എങ്കിലും തീവ്രനിലപാടുകളും ആദര്‍ശങ്ങളുമുള്ള ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും നേതാക്കളോടും അദ്ദേഹത്തിനാഭിമുഖ്യമുണ്ട്. പത്മനാഭന്റെ ജീവിതത്തിലെ പ്രസക്തമായ സംഭവങ്ങളെല്ലാം ഈ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സുഖദുഃഖങ്ങളും ശക്തിദൗര്‍ബല്യങ്ങളും ഇഷ്ടാനിഷ്ടങ്ങളുമെല്ലാം കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹം ജയില്‍വാസമനുഷ്ഠിച്ചുള്ള കാര്യം അത്രയൊന്നും പ്രഖ്യാതമല്ല. ഈ പുസ്തകം ആ വിവരം പകരുന്നുണ്ട്. പത്മനാഭന്‍ ഒരു പരിസ്ഥിതി പ്രവര്‍ത്തകനല്ല. പക്ഷേ, അദ്ദേഹത്തിന്റെ ഉള്ളില്‍ പരിസ്ഥിതി നിറഞ്ഞുനില്‍ക്കുകയാണ്. മരങ്ങളുടെ ഇടയിലൂടെ കിളികളുടെ ശബ്ദവും കേട്ടുകൊണ്ടുനടക്കുന്ന ഒരു മനുഷ്യനെ അദ്ദേഹം കഥകളില്‍ ചിത്രീകരിച്ചിട്ടുണ്ട്. അത് അദ്ദേഹം തന്നെയാണ്. അനുബന്ധമയി പത്മനാഭന്റെ ഏറ്റവും പ്രസിദ്ധമായ കടല്‍, ഗൗരി, കത്തുന്ന ഒരു രഥചക്രം, പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി, യാത്ര എന്നീ കഥകള്‍ നല്‍കിയിട്ടുണ്ട്. എത്ര ആവൃത്തി വായിച്ചാലും മനസ്സിനെ കുളിരണിയിപ്പിച്ചുകൊണ്ടേയിരിക്കുന്ന ഈ കഥകള്‍ നമ്മെ വിസ്മയാധീനരാക്കും. പത്മനാഭന്റെ കഥകളെക്കുറിച്ചു പഠിക്കുന്നവര്‍ക്ക് പയ്യന്നൂര്‍ കുഞ്ഞിരാമന്റെ ഈ പുസ്തകം ഒഴിവാക്കാനാകില്ല. (2018 ഒക്ടോബറിലെ വിദ്യാരംഗം മാസികയിൽ വാസുദേവ് തയ്യാറാക്കിയ ആസ്വാദന കുറിപ്പ്)
Reviews
29 Nov , 2018