inner-banner

Our Books

ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളെ തോറ്റിയുണര്‍ത്തുന്ന ഈ പുസ്തകം ഒരു നാടിന്റെ ഗതകാലസംസ്‌കൃതിയുടെ നന്മയും തെളിമയുമാണ് പറയുന്നത്. നാടും ജനങ്ങളും അവരുടെ വിശ്വാസങ്ങളും കൃഷിയും ആണ്ടറുതികളും കാലാവസ്ഥയുമെല്ലാം തെളിഞ്ഞ മഴയുടെ കണ്ണാടിഞരമ്പുകള്‍പോലെ ഈ ഓര്‍മ്മകളില്‍ നിറഞ്ഞുകിടക്കുന്നു. വള്ളുവനാടിന്റെ ശുദ്ധമായ മൊഴിവഴക്കങ്ങളെ പിന്തുടരുന്ന 'നിലാവുകൊണ്ടു മേഞ്ഞ വീട്' വായനയുടെ പുതിയൊരു സൗന്ദര്യമാണ് പകരുന്നത്.

✪ Format: Paperback | Pages: 84

 Size: Demy 1/8 110 g

✪ Edition: First, 2018 August

 Cover design: Rajesh Chalode


  

5

ആസ്വാദന കുറിപ്പ്

പാലക്കാടിന്റെ ഗതകാല സംസ്കൃതിയുടെ നന്മയെ ശുദ്ധമായ ഭാഷയിലൂടെ നമ്മളിലേക്ക് പകരുകയാണ് "നിലാവ് കൊണ്ട് മേഞ്ഞ വീടിലൂടെ" സി. രാജഗോപാലൻ. പനയോല കൊണ്ടുള്ള പുര മേയൽ എത്ര മനോഹാരിതയോടെയാണ് അദ്ദേഹം വരച്ചിടുന്നത്. നിലാവ് മേഞ്ഞ വീട്ടിൽ നിന്നുമിറങ്ങിയപ്പോൾ നമുക്ക് നഷ്ടപ്പെട്ടു പോയ ഗ്രാമവിശുദ്ധിയെ ഓർത്തു എന്റെ കണ്ണുകൾ ഈറനണിഞ്ഞുപോയി. ഗ്രന്ഥകാരന് സ്നേഹം നിറഞ്ഞ ആശംസകൾ. അടയാളം പബ്ലിക്കേഷൻസിനും മനോഹരമായ കവർ തയാറാക്കിയ രാജേഷ് ചാലോടിനും സ്നേഹാഭിനന്ദനങ്ങൾ... എ. കെ. ഗോപിദാസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ആസ്വാദന കുറിപ്പിൽനിന്ന്, (പൂർണ്ണരൂപം https://bit.ly/2Snt6sB എന്ന ലിങ്കിൽ വായിക്കാം)

Reviews

01 Dec , 2018

5

നഷ്ടസ്വര്‍ഗ്ഗസ്മൃതികള്‍ - സുഗതകുമാരി ടീച്ചർ

എല്ലാ മതങ്ങള്‍ക്കും അവരവരുടേതായ നഷ്ടസ്വര്‍ഗ്ഗങ്ങളുണ്ട്, ഏദന്‍ തോട്ടങ്ങളുണ്ട്, മാവേലിനാടുകളുണ്ട്. അവയെ തിരിഞ്ഞുനോക്കി നെടുവീര്‍പ്പിടുന്ന ഒരു തലമുറ ഇവിടെ ഇനിയും ഈ കേരളത്തില്‍ ബാക്കിയുണ്ട്. അവര്‍കൂടി മണ്‍മറയുമ്പോള്‍ പിന്നെയെന്തു കുഞ്ഞിക്കണ്ടങ്ങള്‍, പുത്തരിയൂണുകള്‍, കതിര്‍ക്കണികള്‍, ഓലവായനകള്‍, തുലാപ്പച്ചകള്‍..? അതിശീഘ്രം ഇല്ലാതായിക്കൊണ്ടിരിക്കുന്ന, ഇല്ലാതായിക്കഴിഞ്ഞ ഒരു കാര്‍ഷികകേരളത്തിന്റെ ഗ്രാമീണസൗഭാഗ്യത്തിന്റെ നഷ്ടസ്വര്‍ഗ്ഗ സ്മൃതികളാണ് ഈ പുസ്തകം. നിലാവുമേഞ്ഞ് നിലാവുമെഴുകിയ ഈ മാസ്മരലോകത്തിന്റെ ഓരോ ദൃശ്യവും എന്റെ കണ്ണുനനയിക്കുന്നു, ഉള്ളുനിറയ്ക്കുന്നു. എന്റെ വരുംകുഞ്ഞുങ്ങള്‍ക്കു കൊടുത്തുപോകാനാകാത്ത അനര്‍ഘ നിധിശേഖരത്തിന്റെ ആഴവും പരപ്പും എന്നെ ആകുലയാക്കുന്നു. എന്റെ കൊച്ചുമക്കള്‍ക്ക് കളിവീടില്ല, ഓണക്കളികളില്ല, മുളയൂഞ്ഞാലില്ല, പച്ചപ്പാടങ്ങളും പനന്തത്തകളും ഓലേഞാലികളുമില്ല, അവര്‍ വിഷുപ്പക്ഷിയുടെ വിളിച്ചുണര്‍ത്തലിന് കാതോര്‍ക്കാറില്ല. 'വിത്തും കൈക്കോട്ടും എന്ന കിളിവാക്കുകള്‍ക്ക് അര്‍ത്ഥമില്ല. തൂക്കണാംകുരുവിക്കൂടുകളും വാഴത്തേന്‍ നുണയലും അണ്ണാന്‍കുഞ്ഞിന്റെ ചകിരി ശേഖരിക്കലും കുഴിയാനയുടെ ഇരപിടിക്കലും രാത്രിയിലെ മിന്നാമിന്നിത്തിളക്കങ്ങളും അവര്‍ക്ക് അപരിചിതമാണ്. എന്റെ കുഞ്ഞുങ്ങള്‍ കണ്ണാന്തളിപ്പൂക്കളുടെ കണ്ണില്‍ നോക്കാറില്ല, അവര്‍ക്ക് തൊട്ടാല്‍ നാണിച്ചു കൈകൂപ്പിമാറുന്ന തൊട്ടാവാടിയെയും പനമുകളിലെ യക്ഷിയെയും രാവഴികളിലൂടെ ഉരുണ്ടുനീങ്ങുന്ന തീപ്പിശാചിനെയും ചന്ദനം തൊട്ട കാക്കപ്പൂവിനെയും കണ്ണെഴുതിയ ശംഖുപുഷ്പത്തെയും പരിചയമില്ല. അവര്‍ മുറ്റത്തു തീക്കൂട്ടി പറങ്കിയണ്ടിയും ചക്കക്കുരുവും ആഞ്ഞിലിക്കുരുവും ചുട്ടുതിന്നിട്ടില്ല. പച്ചമാങ്ങയും ഉപ്പുംകൂട്ടി മാങ്കൊമ്പിലിരുന്നു കടിച്ചുതിന്നു രസിച്ചിട്ടില്ല. കാറ്റും മഴയും വെയിലും ഓടിക്കളിക്കുന്ന പുലര്‍വേളകളില്‍ മാമ്പഴം പെറുക്കാന്‍ മത്സരിച്ചോടിയിട്ടില്ല. 'കഷ്ടം' എന്നു നാം ഉള്ളുനോവുമ്പോള്‍ അവര്‍ പരിഹാസത്തോടെ ചിരിക്കുന്നു. വിരല്‍ത്തുമ്പില്‍ ഭൂലോകം മുഴുവന്‍ തൊട്ടറിയുന്നവര്‍, മണിക്കൂറുകളോളം യന്ത്രസല്ലാപത്തില്‍ മുഴുകുന്നവര്‍-അവര്‍ക്കു കളിക്കാന്‍ പ്ലേസ്റ്റേഷനുകളും കൂട്ടിനു ഫേസ് ബുക്കും വര്‍ത്തമാനം പറയാന്‍ അജ്ഞാത മുഖങ്ങളുമുണ്ട്. നാം ആ ലോകത്തുനിന്ന് എത്രയോ അകന്നുനിന്ന് സ്വപ്നം കാണുന്നു! എന്റെ നാട്, എന്റെ ഭാഷ, എന്റെ സംസ്‌കാരം, എന്റെ തേക്കുപാട്ടുകള്‍, കൊയ്ത്തുപാട്ടുകള്‍, കൈകൊട്ടിക്കളികള്‍, തിരുവാതിരത്തുടിക്കല്‍, തെളിഞ്ഞ ആറ്റിലെ നീന്തിക്കുളികള്‍ എന്നൊക്കെ അല്ലല്‍കൊള്ളുന്നു. ആ അല്ലലാണ് രാജഗോപാലിന്റെ ഈ പുസ്തകം നിറച്ചും. വാഴപ്പിണ്ടിവള്ളങ്ങളും, പറതുടികളും കൊയ്ത്തും മെതിയും കളംനിറയും പുത്തരിയൂണും പുരമേച്ചിലുമെല്ലാം അപ്രസക്തവും അര്‍ത്ഥശൂന്യവും പരിഹാസ്യവുമായിത്തീര്‍ന്നുകഴിഞ്ഞ ഈ കാലഘട്ടത്തില്‍ ''ആരു വീണ്ടും അകലെ നിന്നും നിന്‍ പേരുചൊല്ലി വിളിച്ചുപാടുന്നു?'' എന്ന ചോദ്യമാണ് ഈ വാക്കുകളിലൂടെ മുഴങ്ങിക്കേള്‍ക്കുന്നത്. നാം മനപ്പൂര്‍വം നശിപ്പിച്ചുകളഞ്ഞ ഒരു സൗഭാഗ്യസ്വര്‍ഗ്ഗത്തിന്റെ സ്മരണകള്‍ മറന്നുപോകാതിരിക്കാന്‍ വേണ്ടി ചരിത്രാവശിഷ്ടങ്ങള്‍ പോലെ കുറിച്ചിട്ടിരിക്കുന്നു. ഹാ! ഇതൊക്കെയായിരുന്നു നമ്മുടെ നാട് എന്ന് നാളെ ഏതോ ഗവേഷകര്‍ക്കു കണ്ടെടുക്കാനുള്ള പുരാരേഖകള്‍പോലെ, ഓലയില്‍ നാരായംകൊണ്ടെഴുതിയ പ്രാചീന ലിഖിതങ്ങള്‍പോലെ ഈ ചെറുപുസ്തകവും പ്രാധാന്യമര്‍ഹിക്കുന്നു. ഈ പുസ്തകം നിമിത്തം നാം വീണ്ടും സ്വപ്നം കാണുന്നു. നാടന്‍ മണങ്ങളും രുചികളും അനുഭവിക്കുന്നു. കൊയ്ത്തുപാടത്തെ ചെളിയുടെ സുഗന്ധം വീണ്ടും നഗരഹൃദയത്തിലേക്കു വീശിയടിക്കുന്നു. വാഹനങ്ങളുടെ ഇരമ്പലിന്‍ നടുവിലേക്ക് ഒരു തേക്കുപാട്ട് ഒഴുകിയെത്തുന്നു. നെല്ലുകുത്തുന്നതിന്റെ താളം എവിടെയോ മുഴങ്ങുന്നു. കുഞ്ഞുങ്ങള്‍ ലാപ്‌ടോപ്പിന്റെ മുന്നില്‍നിന്നും പിടഞ്ഞെഴുന്നേറ്റ് സോക്‌സും ഷൂസും ടൈയും ഊരിയെറിഞ്ഞ് കൊച്ചു ചുട്ടിത്തോര്‍ത്തുടുത്ത് തിളങ്ങിയൊഴുകുന്ന പരിശുദ്ധമായ ആറ്റിലേക്കു കുതിച്ചിറങ്ങി നീന്തിത്തുടിച്ചുകളിക്കുന്നു! അവരുടെ ആഹ്ലാദാരവങ്ങള്‍ കേട്ട് നീര്‍ക്കിളികള്‍ കൂട്ടത്തോടെ പറന്നുയരുന്നു! അമ്മമാര്‍ പുഞ്ചിരിയോടെ പുഴക്കരയില്‍ തോര്‍ത്തുമായി കാത്തുനില്‍ക്കുന്നു. അടിമുടി ചേറണിഞ്ഞ, തോളില്‍ കലപ്പയേന്തിയ അര്‍ധനഗ്നനായ കര്‍ഷകന്റെ മുന്നില്‍ കേരളം പ്രണമിച്ചുനില്‍ക്കുന്നു. ഞങ്ങള്‍ക്കു സ്വപ്നം കാണാനെങ്കിലും അവകാശമുണ്ടല്ലോ. പ്രിയപ്പെട്ട രാജഗോപാലന്‍, താങ്കള്‍ ഒരിക്കല്‍കൂടി ഞങ്ങളെ ആ നഷ്ടസ്വര്‍ഗ്ഗത്തിന്റെ സ്വപ്നങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോയിരിക്കുന്നു. താങ്കളുടെ ആത്മാര്‍ത്ഥവും നിഷ്‌കളങ്കവും ഹൃദ്യവുമായ വാക്കുകള്‍ക്ക്, മറന്നുപോയവയെ ഓര്‍മ്മിപ്പിക്കലുകള്‍ക്ക്, നന്ദി പറയുന്നു. ഈശ്വരന്‍ നമ്മുടെ നാടിനെ രക്ഷിക്കട്ടെ... (നിലാവുകൊണ്ടു മേഞ്ഞ വീട് എന്ന ഓർമ്മ പുസ്തകത്തിന് സുഗതകുമാരി ടീച്ചർ എഴുതിയ ആമുഖം)

WebMaster

01 Dec , 2018

5

ഓർമ്മകളുടെ നാട്ടുമണം

നാമും നമ്മുടെ കാലവും സാഹചര്യങ്ങളും എത്രയോ മാറിപ്പോയിരിക്കുന്നു. പരിചിതമായ പ്രകൃതി മുഖം നഷ്ടപ്പെട്ട് വികൃതകോലത്തിലായി. ചുറ്റിലും അപരിചിതത്വത്തിന്റെ വിഷമധ്വനികളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. നമ്മുടെ ഭൂമിയും അതിന്റെ ജൈവികമായ തനതു പ്രകൃതം വിട്ടു മറ്റെന്തിന്റെയോ അസ്ഥിരൂപമായിരിക്കുന്നു. ഇന്നലകളെ സ്വസ്ഥമായി ഓര്‍ത്തെടുക്കാനുള്ള സമയമില്ലാതെ മനുഷ്യന്‍ ബന്ധപ്പെട്ടു പായുകയാണ്. ജീവിതം, വികസനം എന്നിവയുടെ സാങ്കേതികത്വം മാത്രമാണ് നമുക്കിന്നു പരിചയം. സ്വാഭാവികത നാം മറന്നുപോയിരിക്കുന്നു. നാം നടന്നുവന്ന വഴികള്‍, പിന്നിട്ട കടമ്പകള്‍, ആസ്വദിച്ച വിരുന്നുകള്‍, കളിച്ച കളികള്‍, കണ്ട കാഴ്ചകള്‍, അനുഷ്ഠിച്ച ആചാരങ്ങള്‍, പഠിച്ച പാടങ്ങള്‍, തല്ലിപ്പിരിഞ്ഞ സൗഹൃദങ്ങള്‍, ഞെട്ടിത്തരിപ്പിച്ച വിശ്വാസങ്ങള്‍, പൊട്ടിച്ചിരിപ്പിച്ച തമാശകള്‍, വിഡ്ഢിത്തമായിത്തീര്‍ന്ന അനുകരണങ്ങള്‍, ഉച്ചരിച്ച നാട്ടുമൊഴികള്‍, മുങ്ങിക്കുളിച്ച നീര്‍ക്കയങ്ങള്‍, സ്വര്‍ണ്ണമായിത്തീര്‍ന്ന സായന്തനങ്ങള്‍ എല്ലാം എല്ലാം ഓര്‍മ്മകളിലെവിടെയോ ഒളിഞ്ഞിരിപ്പുണ്ട്. സ്മരണയുടെ തീപ്പൊരികള്‍ ഊതിത്തെളിച്ചാല്‍ ഗതാകാലാനുഭാവങ്ങളുടെ വന്‍കാടുകള്‍ കത്തിജ്വലിക്കുന്നതു കാണാം. സി. രാജഗോപാലന്റെ ‘നിലാവുകൊണ്ടു മേഞ്ഞ വീട്’ എന്ന പുസ്തകം വായിക്കുമ്പോള്‍ ഓര്‍മ്മകളുടെ പൂത്തിരികത്തിയ പ്രകാശം മനസ്സില്‍ നിറഞ്ഞുപോകുന്ന അനുഭവമുണ്ടാകുന്നു. ഹൃദ്യവും സുന്ദരവും ലളിതവുമായൊരു പുസ്തകം. ഇതു നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കും. പത്തുനാല്പത് കൊല്ലത്തിനു മുമ്പത്തെ കേരളം നമുക്ക് മുന്നില്‍ ചിത്രപടം നിവര്‍ത്തിയുണരും. ¶ താന്‍ ബാല്യകാലത്തനുഭവിച്ച ചില യാഥാര്‍ത്ഥ്യങ്ങളാണ് സി. രാജഗോപാലന്‍ ഈ പുസ്തകത്തില്‍ പങ്കുവയ്ക്കുന്നത്. ഒരു വള്ളുവനാടന്‍ ഗ്രാമത്തിലെ ഒരു സാധാരണ ബാലനുണ്ടാകാനിടയുള്ള ചില സ്വാഭാവിക അനുഭവങ്ങള്‍. ഇതു ഗ്രന്ഥകാരനുമാത്രം അവകാശപ്പെട്ട അനുഭവങ്ങളല്ല. പക്ഷേ, അനുഭവങ്ങള്‍ ഗൃഹാതുരമായ അനുഭൂതിയോടെ പുനരാവിഷ്കരിക്കുന്നതിലാണ് ഗ്രന്ഥകാരന്‍ വ്യത്യസ്തനാകുന്നത്. ഇത് ഒരു തലമുറയ്ക്കു കിട്ടിയ സൗഭാഗ്യമാണ്. പ്രകൃതിയുടെ മടിത്തട്ടില്‍ വളരാന്‍ ഇന്നത്തെ കുഞ്ഞുങ്ങള്‍ക്കു കഴിയുന്നില്ല. ഒരുപക്ഷേ, സമകാലികമായ സാങ്കേതികവിദ്യയുടെ സാധ്യതകളെല്ലാം ആസ്വദിക്കുന്ന കുഞ്ഞുങ്ങള്‍ അതൊന്നും ആഗ്രഹിക്കുന്നുണ്ടാവില്ല. പക്ഷേ, നഷ്ടപ്പെട്ടതിന്റെ വിലയറിയുന്നവര്‍ മനസ്സിലാക്കുന്നു അതു നഷ്ടസ്വര്‍ഗ്ഗമായിരുന്നുവെന്ന്. ഈ പുസ്തകം വായിക്കുന്നവരനുഭവിക്കുന്നത് ഒരു രണ്ടാം ബാല്യമാണ്. നാട്ടറിവുകളുടെ ഒരമൂല്യ ശേഖരം തന്നെ ഇവിടെ പരാമര്‍ശിക്കുന്നുണ്ട്. നമ്മുടെ നാടിന്റെ തനതു സംസ്കാരത്തിലേക്കുള്ള മടക്കയാത്രയ്ക്കു നാം തയ്യാറെടുക്കണമെന്നോ പുതിയ കാലം പാടേ ഉപേക്ഷിക്കണമെന്നോ ഗ്രന്ഥകാരന്‍ ഈ പുസ്തകത്തിലൊരിടത്തും പറയുന്നില്ല. ഞാനും എന്റെ ഗ്രാമവും ഇങ്ങനെയായിരുന്നു എന്നദ്ദേഹം അനുസ്മരിക്കുകമാത്രമേ ചെയ്യുന്നുള്ളു. അത് അനേകം സ്മരണകളുടെ അനുരണനങ്ങളായിത്തീരുകയാണ്. ¶ നമ്മുടെ കുഞ്ഞുങ്ങളില്‍നിന്ന് പ്രകൃതിയെ വേര്‍പെടുത്തിയതിന്റെ ഉത്തരവാദിത്വം മുതിര്‍ന്നവര്‍ക്കാണ്. നാം അനുഭവിച്ച സൗഭാഗ്യങ്ങള്‍ നമുക്കെന്തേ അവര്‍ക്കു കൊടുക്കാന്‍ കഴിഞ്ഞില്ല? ഓലപ്പുരയിലും വയ്ക്കോല്‍ മേഞ്ഞ പുരയിലും കിടന്നുറങ്ങുന്ന സുഖം മണിമാളികയിലെ ശീതീകരണ മുറികള്‍ പകരുന്ന സുഖത്തേക്കാള്‍ വലുതാണെന്നു പുതിയ തലമുറയ്ക്ക് അനുഭവത്തിലൂടെ ഗ്രഹിക്കാന്‍ സാധിക്കാതെപോയി. കാട്ടുമുല്ലപൂക്കളുടെ നറുമണം പേറുന്ന നാട്ടിടവഴികളും പുലര്‍കാലങ്ങളും തിരുവാതിര ഞാറ്റുവേലയിലെ കനത്തമഴയും പാടത്തെ കന്നുപൂട്ടലും കൊയ്ത്തു വേനല്‍ക്കാലത്തെ കായ്കറിത്തോട്ടവും ജ്യോത്സ്യന്റെ ഓലവായനയും വിഷുനാളിലെ ഭക്തിസാന്ദ്രമായ പൂക്കളിയും അവധിക്കാലത്തെ കളിവീടും കലാവിരുന്നും ഇടവപ്പാതിയിലെ കലികൊണ്ട കാറ്റും പേപിടിച്ച മഴയും ഇടിവാള്‍ വീഴ്ചയും സംക്രാന്തിയും പുത്തരിയൂണും ഓണക്കാലത്തെ പൂക്കളങ്ങളും ഉല്ലാസങ്ങളും തൃക്കാക്കരപ്പന്റെ കോലവും പൂതനും നിറയും എല്ലാം നമ്മുടെ ഗ്രാമങ്ങളില്‍ നിന്നൊഴിഞ്ഞുപോയി. ഒരു നെടുവീര്‍പ്പോടെ മാത്രമേ ആ ഓര്‍മ്മകള്‍ നമ്മെ പുണരുകയുള്ളൂ. ¶ സുഗതകുമാരിടീച്ചറാണ് ‘നിലാവുകൊണ്ടു മേഞ്ഞ വീടി’ന് അവതാരിക എഴുതിയിരിക്കുന്നത്. നാം മനഃപൂർവ്വം മറന്നുകളഞ്ഞ ഓര്‍മ്മകള്‍ ചരിത്രാവശിഷ്ടം പോലെ ഇവിടെ കുറിച്ചിട്ടിരിക്കുന്നു എന്നു ടീച്ചര്‍ എഴുതുന്നു. കാലത്തിന്റെ ത്വരിതഗമനം തകര്‍ത്തുകളഞ്ഞ ഗ്രാമീണ സംസ്കാരം ഈ പുസ്തകത്തില്‍ ജീവിക്കുന്നു. ഇതിലെ അക്ഷരങ്ങളിലൂടെയുള്ള സഞ്ചാരം നമ്മുടെ മനസ്സിനെ ഹരിതാഭാമാക്കുന്നു. ആരോടും നല്ല വായനയ്ക്കായി നിർദ്ദേശിക്കാന്‍ കഴിയുന്ന ഈ പുസ്തകം വിദ്യാർത്ഥികള്‍ക്കു നമ്മുടെ പഴമയുടെ ഗരിമയെ വ്യക്തമാക്കി നല്‍കും. (2018 ജൂലൈ വിദ്യാരംഗം മാസികയിൽ ആദിത്യ രാജേന്ദ്രൻ തയ്യാറാക്കിയ ആസ്വാദന കുറിപ്പ്)

Publication

24 Jul , 2019

5

നാട്ടുനന്മയുടെ ഓർമ്മപ്പെടുത്തലുമായി സി. രാജഗോപാലൻ

നാട്ടറിവുകൾ നാടിൻ്റെ ‌ സംസ്ക്കാരത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്നു. ശാസ്ത്രവും വൈദ്യവുമൊക്കെ പുരോഗമിച്ചെങ്കിലും നാട്ടുനടപ്പുകളും അവയിലെ ഗുണപാഠങ്ങളും ഇപ്പോഴും പിൻതുടരുന്നു. ജീവിതത്തിൻ്റെ സമസ്ത മേഖലകളിലും നന്മ മാത്രം വിളയിച്ചിരുന്നവരാണ് ഗ്രാമീണ കർഷകരും അവരുടെ പിൻതലമുറയും. ഇവരുടെ ജീവിതവും അനുഭവങ്ങളും തെളിച്ചം പോകാതെ കുറിച്ചിടുകയാണ് നിലാവു കൊണ്ടു മേഞ്ഞ വീട് എന്ന ഓർമ്മ പുസ്തകത്തിലൂടെ പട്ടാമ്പി പളളിപ്പുറം ഗോവിന്ദാലയത്തിലെ സി.രാജഗോപാലൻ. കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിൽ ജോയിൻ്റ് ഡയറക്ടറും നിലവിൽ കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയിൽ ഓഡിറ്റ് വിഭാഗം മേധാവിയുമായ രാജഗോപാലൻ പരിസ്ഥിതി സാംസ്കാരിക പ്രവർത്തകൻ കൂടിയാണ്. നിലാവു കൊണ്ടു മേഞ്ഞ വീട് ഓർമ്മപ്പെടുത്തുന്നത് പഴയകാല പുരകെട്ടി മേയലിനെയാണ്. ഓലയും വൈക്കോലും ഉപയോഗിച്ച് നിർമ്മിച്ചിരുന്ന വീടുകൾ വർഷാവർഷം കെട്ടിമേയുന്നതിനെ പറ്റിയാണ് ആദ്യ അദ്ധ്യായം പറയുന്നത്. പഴയ കാലങ്ങളിൽ വീടുകൾക്ക് മുന്നിൽ ഉണ്ടായിരുന്ന വിവിധ തരം മുല്ലപ്പൂക്കളെ കുറിച്ച് പറയുന്ന കാട്ടുമുല്ല വിരിഞ്ഞ പുലർകാലങ്ങളും വലിയവർക്കൊപ്പം തന്നെ കൃഷിപ്പണി എടുത്തിരുന്ന കുട്ടികൾക്ക് സ്വന്തമായി ഉണ്ടായിരുന്ന കുഞ്ഞിക്കണ്ടങ്ങളും, മകരക്കൊയ്ത്തിനു ശേഷം പാടത്ത് പച്ചക്കറി കൃഷി ചെയ്യുന്നതിനെപ്പറ്റി പറയുന്ന വേനൽപ്പാടത്തെ പച്ചത്തുരുത്തുകൾ, ഓണത്തിനും വിഷുവിനുമൊക്കെ വീട്ടിലെത്തിയിരുന്ന പണിക്കരെക്കുറിച്ചുള്ള ഓർമ്മയായ ഓല വായന, വിഷുവിനെ കുറിച്ചുള്ള ഓർമ്മകൾ നൽകുന്ന വാടാത്ത പൂക്കണി, വേനൽക്കാല കൃഷി സംരക്ഷിക്കാൻ കുട്ടിക്കൂട്ടങ്ങൾ കൃഷിയിടത്തിന്നടുത്ത് കളിവീട് കെട്ടി കാവലിരിക്കുന്നത്, തോരാത്ത മഴയെ കുറിച്ചുള്ള മഴമേളം, മഴയ്‌ക്കു ശേഷം നിറഞ്ഞു കിടക്കുന്ന നീല ജലാശയങ്ങൾ, കർക്കടക സംക്രാന്തി, ആദ്യ കതിര്, മോടൻ നെല്ലും പുത്തരിയും തുടങ്ങി നിരവധി കൊച്ചു ലേഖനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഒപ്പം തന്നെ ഓണവുമായി ബന്ധപ്പെട്ടും, മാതാരെ കൊള്ളലിനെപ്പറ്റിയും, ആയില്യം മകത്തെപ്പറ്റിയും, കരിങ്കറപ്പണിയെ പറ്റിയും, തുലാവർഷത്തെക്കുറിച്ചും, പൂതനും തിറയും, മുള ഊഞ്ഞാലും, കാവൽമാടവും, മാളം കോട്ടയും, അമ്മച്ചിക്കണ്ടം, കുന്നും മലകളും എന്നിവയെ കുറിച്ചും രാജഗോപാലൻ എഴുതുന്നു. ഏത് കുട്ടിക്കും എളുപ്പത്തിൽ വായിക്കാവുന്ന തരത്തിലാണ് പുസ്തക രചന. ഇല്ലാതായിക്കഴിഞ്ഞ ഒരു കാർഷിക കേരളത്തിൻ്റെ ഗ്രാമീണ സൗഭാഗ്യത്തിൻ്റെ നഷ്ടസ്വർഗ്ഗ സ്മ്യതികളാണ് ഈ പുസ്തകമെന്ന് അവതാരികയിൽ പ്രശസ്ത സാഹിത്യകാരി സുഗതകുമാരി ഓർമ്മപ്പെടുത്തുന്നു. പുസ്തകത്തിലെ ലേഖനങ്ങൾക്ക് അനുയോജ്യമായ ചിത്രങ്ങൾ വരച്ചിട്ടുള്ളത് ആറങ്ങോട്ടുകര ഗണേഷാണ്. അടയാളം പബ്ലിക്കേഷൻസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പരമേശ്വരൻ ആറങ്ങോട്ടുകര ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ആസ്വാദന കുറിപ്പിൽനിന്ന്, (പൂർണ്ണരൂപം https://bit.ly/2BBfu6n എന്ന ലിങ്കിൽ വായിക്കാം)

Editorial

21 Dec , 2018

Similar Books
Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top