ഇ.എം.എസ് ഒരു പ്രസ്ഥാനത്തിന്റെയെന്നതിനപ്പുറം, ദേശത്തിന്റെയും ജനതയുടെയും കാലത്തിന്റെയും ആചാര്യനായിത്തീര്‍ന്നതെങ്ങനെയെന്നതിന്റെ രേഖാചിത്രണമാണ് ഈ പുസ്തകം. ഒരു വ്യക്തി ആചാര്യനായിത്തീരുമ്പോള്‍ സംഭവിക്കുന്ന സാംസ്‌കാരികവും സൈദ്ധാന്തികവും രാഷ്ട്രീയവുമായ വികാസതലങ്ങളെയും അനുരണനങ്ങളെയും വ്യക്തമാക്കുന്ന സ്മൃതിചിത്രങ്ങളിലൂടെയാണ് പുസ്തകം കടന്നുപോകുന്നത്. ഇ.എം.എസ് ജീവിതത്തില്‍നിന്നും വിടപറയുമ്പോള്‍ വിവിധ ലോകമാധ്യമങ്ങള്‍ ആ വിയോഗത്തെ എങ്ങനെ അടയാളപ്പെടുത്തിയെന്ന അന്വേഷണത്തോടൊപ്പം, വിവിധ മേഖലകളിലെ ശ്രദ്ധേയരായ വ്യക്തികളുടെ ഓര്‍മ്മക്കുറിപ്പുകളും കാവ്യാനുസ്മരണങ്ങളും ഈ സ്മൃതിചിത്രത്തെ വ്യത്യസ്തമാക്കുന്നു. വേറിട്ടൊരു ഇ.എം.എസ് സ്മരണ.
✪ Format: Paperback | Pages: 184
✪ Size: Crown 1/4 | 300 g
✪ Edition: First, 2019 March
✪ Cover photo: B. Jayachandran
✪ Cover design: Sreejith, Pappus Media
5
എഡിറ്റോറിയൽ
കമ്മ്യൂണിസത്തെ സൈദ്ധാന്തികമായും പ്രായോഗികമായും അവതരിപ്പിച്ചുകൊണ്ട് കേരളത്തിന്റെ നവോത്ഥാനത്തിന് ഗതിവേഗം പകരുന്നതിൽ ഇ.എം.എസ് വഹിച്ച പങ്ക് നിസ്തുലമാണ്. ഒരു രാഷ്ട്രീയചിന്താധാരയെന്ന നിലയിൽ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് ജീവിതത്തിന്റെ ഏതൊക്കെ ഇടങ്ങളിലേക്ക് കടന്നുചെല്ലാനാവുമെന്നും എങ്ങനെയത് നമ്മുടെ കലാശാസ്ത്രസാഹിത്യപദ്ധതികളെ പുതുക്കിപ്പണിയുന്നുവെന്നും ഇ.എം.എസ് സമർത്ഥിച്ചു. മാനവകേന്ദ്രിതമായ ആകുലതകൾക്കുള്ള പരിഹാരമായിരുന്നു ഇ.എം.എസിന്റെ ചിന്തകളും പ്രവൃത്തിയുമെല്ലാം. തെരഞ്ഞെടുപ്പിലൂടെ അധികാരമേറ്റ ആദ്യമുഖ്യമന്ത്രിയെന്ന നിലയിൽ കേരളം എന്നെന്നും സ്മരിക്കുമ്പോഴും, ഏതെങ്കിലും വിധത്തിലുള്ള നിർവചനത്തെപോലും പരിമിതപ്പെടുത്തുന്ന ആഴം ഇ.എം.എസ് എന്ന പ്രതിഭക്കും വ്യക്തിക്കുമുണ്ടായിരുന്നു. ഇ.എം.എസ് എ ട്രയൽ ടു ഹിസ്റ്ററി തീർത്തും പുതുമയുള്ള ഒരു പുസ്തകമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കേവലമൊരു അനുസ്മരണാപുസ്തകമെന്നതിലുപരി, കടന്നുപോയൊരു വ്യക്തിയുടെ പ്രഭാവത്തെ കാലം എങ്ങനെയാണ് അടയാളപ്പെടുത്തിയിരിക്കുന്നതെന്ന ഒരു അന്വേഷണം കൂടിയാണ് ഈ പുസ്തകം. അച്ചടിമാധ്യമങ്ങളുടെ അപ്രമാദിത്വം നിലനിന്നിരുന്ന ഒരു കാലത്തായിരുന്നു ഇ.എം.എസ്സിന്റെ നിര്യാണം. കറുപ്പിലും വെളുപ്പിലും നിറഞ്ഞുനിന്ന പ്രധാന മാധ്യമങ്ങളുടെ താളുകളിലൂടെ ഇ.എം.എസ്സിന്റെ വിയോഗവാർത്ത എങ്ങനെ കടന്നുപോയെന്ന് ഈ പുസ്തകം രേഖപ്പെടുത്തുന്നു. എഴുത്തുകാർ, പത്രപ്രവർത്തകർ, ചിന്തകർ, അദ്ദേഹത്തിന്റെ സഹപ്രവർത്തകർ എന്നിങ്ങനെ നിരവധിയാളുകളുടെ അനുസ്മൃതികളും ഇതിൽ വായിക്കാം. ഒരു വ്യക്തി എങ്ങനെ ചരിത്രമായിത്തീരുന്നുവെന്ന വായനയാണിത്. ഇ.എം.എസ്സിന്റെ സ്മരണക്കു മുന്നിൽ സ്‌നേഹാഞ്ജലികളോടെ സന്തോഷത്തോടെയും അഭിമാനത്തോടെയും ഞങ്ങളീ പുസ്തകം അവതരിപ്പിക്കുന്നു.
Editorial
14 Jan , 2019