inner-banner

Our Books

ആധുനിക ചെറുകഥയുടെ പിതാവെന്നറിയപ്പെടുന്ന മോപ്പസാങ്ങിന്റെ തെരഞ്ഞെടുത്ത പതിനാറ് കഥകളുടെ സമാഹാരം. മനുഷ്യജീവിതത്തിന്റെ ഉള്ളറകളിലേക്ക്  ഇറങ്ങിച്ചെന്ന് അവന്റെ പരിമിതികളുടെ നിസ്സഹായതയുടെയും ലോകം കണ്ടെത്തുന്ന ഈ കഥകളുടെ പൊതുസ്വഭാവം അത് മനുഷ്യനെന്ന യാഥാര്‍ത്ഥ്യത്തെ കാപട്യങ്ങളില്ലാതെ അഭിമുഖീകരിക്കുന്നുവെന്നതാണ്. ബന്ധങ്ങളുടെ കാപട്യവും അതിജീവനത്തിനായുള്ള ആസക്തിയും തീര്‍ക്കുന്ന പോര്‍മുഖങ്ങളിലേക്കാണ് മോപ്പസാങ് വായനക്കാരെ ആനയിക്കുന്നത്.

കുമ്പസാരം, പരേതയുടെ രഹസ്യം, ഷോപ്പന്‍ ഹോവറുടെ ശവശരീരം തുടങ്ങി ആഖ്യാനകൗശലം കൊണ്ടും പ്രമേയപരമായ ഗൗരവം കൊണ്ടും എക്കാലത്തെയും ക്ലാസിക്കുകളായ കഥകളടക്കം മോപ്പസാങ്ങിന്റെ മികച്ച കഥകളാണ് ഈ സമാഹാരത്തില്‍.


 Translated by: Rajan Thuvvara

 Format: Paperback | Pages: 124

 Size: Demy 1/8 150 g

 Edition: First, 2018 April

 Cover design: Vipindas


              

5

പുസ്തകാവലോകനം

ചെറുകഥകളുടെ മാസ്റ്റര്‍ എന്നറിയപ്പെടുന്ന കഥാകൃത്താണ് മോപ്പസാങ്. മനുഷ്യജീവിതത്തിന്റെ പരിമിതികളുടെയും നിസ്സഹാവസ്ഥയുടെയും ലോകത്തേക്കു വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നതാണ് മോപ്പസാങിന്റെ മിക്ക കഥകളും. വികാരങ്ങളെയും ചിന്തകളെയും സൂക്ഷ്മവും ലളിതവുമായി അവതരിപ്പിക്കുന്ന അദ്ദേഹത്തിനെ എമിലി സോളയുടെയും ബല്‍സാക്കിന്റെയും രചനകള്‍ സ്വാധീനിച്ചിട്ടുണ്ട്. ഫ്രഞ്ച് സാഹിത്യത്തെ ലോകോത്തര രചനകളുടെ ഔന്നത്യത്തിലെത്തിക്കുന്നതില്‍ മോപ്പസാങ് വഹിച്ച പങ്ക് നിസ്സാരമല്ല. വിസ്തൃതമായ രചനാലോകങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. ഘടനാപരമായ പരീക്ഷണങ്ങള്‍ക്കൊപ്പം തന്നെ പ്രമേയത്തില്‍ പുലര്‍ത്തിയിരുന്ന ലാളിത്യവും കാലുഷ്യവുമായിരുന്നു രചനകളുടെ സവിശേഷത. കാല, ദേശ, ഭാഷാപരമായ പരിമിതികള്‍ക്കുള്ളില്‍ തളയ്ക്കപ്പെടാതെ ഈ എഴുത്തുകാരന്‍ ഇന്നും നിലനില്‍ക്കുന്നത് പ്രമേയ സ്വീകരണത്തില്‍ പുലര്‍ത്തിയ ധാര്‍ഷ്ട്യം കൊണ്ടാണ്. അപ്രസക്തമെന്നു നമുക്കു പലപ്പോഴും തോന്നുകയും എന്നാല്‍ നിത്യേനയെന്നവണ്ണം കണ്‍മുന്നില്‍ നടന്നുകൊണ്ടിരിക്കുന്നതുമായ വിഷയങ്ങളെയാണ് തന്റെ രചനയ്ക്കു വേണ്ടി അദ്ദേഹം സ്വീകരിച്ചിരുന്നത്. അങ്ങേയറ്റം പരിഹാസ്യപരവും വൈകാരികവുമായ ശൈലിയില്‍ മനുഷ്യമനസ്സിന്റെ സങ്കീര്‍ണതയെയും വിചിത്രമായ ശീലങ്ങളെയും രചനയില്‍ ആവിഷ്‌ക്കരിച്ച മറ്റൊരു എഴുത്തുകാരനില്ല. 'കുമ്പസാരം (ദി കണ്‍ഫെഷന്‍)' എന്ന കഥയിലും ഈ പ്രത്യേകത കാണാം. മനുഷ്യാസക്തിയെ അങ്ങേയറ്റം പരിഹാസത്തോടെയും ഹാസ്യാത്മകമായുമാണ് ഇതില്‍ നോക്കി കാണുന്നത്. വിവാഹിതനായ 'മെഷ്യ ദി ലാംപ് ദെലിന്‍' എന്നയാളാണ് കേന്ദ്രകഥാപാത്രം. സുന്ദരിയും സൗമ്യശീലയുമായ സ്വന്തം ഭാര്യയുണ്ടായിരുന്നിട്ടും തന്റെ പതിവു രീതികളായ സ്ത്രീകള്‍ക്കു വേണ്ടിയുള്ള പരക്കംപാച്ചിലുകള്‍ക്കിടയില്‍ രണ്ടു പെണ്‍കുട്ടികള്‍ക്കു പിന്നാലെ കൂടിയ അയാളെ അവര്‍ വളരെ തന്ത്രപരമായി ഒരു പള്ളിക്കുള്ളിലെ കുമ്പസാരക്കൂട്ടില്‍ അടച്ചിടുന്നു, തുടര്‍ന്ന് അടച്ചിട്ട കൂട്ടില്‍ കിടക്കുന്ന അയാള്‍ക്കരികില്‍ കുമ്പസാരത്തിനായി സ്വന്തം ഭാര്യ തന്നെ വരുന്നതും ഭര്‍ത്താവിന്റെ ഉറ്റ സുഹൃത്തുമായി അവള്‍ നടത്തിയ രഹസ്യബന്ധത്തെ പറ്റി കുമ്പസരിക്കുന്നതുമാണ് കഥയുടെ ഉള്ളടക്കം. മറ്റൊരു കഥയായ 'കോഴിക്കൂവിയതാ (കോക്ക് ക്രോഡ്)' ശാരീരിക ബലക്ഷയം സംഭവിച്ച സ്വന്തം ഭര്‍ത്താവില്‍ നിന്നും മാനസികമായി അകന്നു കഴിയുന്ന ബെര്‍ത്തയെന്ന കാമുകിയെ വശീകരിക്കാനായി പുറകേ നടക്കുന്ന ജോസഫി ക്രോയ്സയുടേതാണ്. അവരെ വരുതിയിലാക്കാനായി സ്വയം നശിക്കുന്ന രീതിയിലേക്ക് അയാള്‍ ധൂര്‍ത്തനാകുന്നുണ്ട്. ഏറെ പരിശ്രമകരമായ ഒരു പന്നിവേട്ടയ്ക്കൊടുവില്‍ അവള്‍ അയാള്‍ക്കു തന്നെ സ്വന്തമാക്കാനുള്ള അവസരം നല്‍കുന്നു. അവളുടെ കിടപ്പറയില്‍ അയാള്‍ അവളെ കീഴ്പ്പെടുത്താനുള്ള വ്യഗ്രതയില്‍ സ്വന്തം വസ്ത്രങ്ങളുരിഞ്ഞ് കിടക്കുന്നെങ്കിലും കഷ്ടപ്പാടുകള്‍ നിറഞ്ഞ വേട്ടയുടെ ക്ഷീണം അയാളെ അഗാധമായ ഉറക്കത്തിലേക്കു നയിക്കുന്നു. അവളാകട്ടെ അതു കാണുന്നുണ്ടെങ്കിലും അയാളെ ഉണര്‍ത്താന്‍ ശ്രമിക്കുന്നുമില്ല. തുടര്‍ന്ന് ഉറങ്ങിയെണീറ്റു പരിഭ്രമത്തോടെ ഞാനെവിടെയാണ് എന്നു ചോദിക്കുന്ന അയാളോട് അവള്‍ പറയുന്ന മറുപടി രസകരമാണ്. തന്റെ ഭര്‍ത്താവിനോട് സംസാരിക്കുന്ന അതേ ധിക്കാരം നിറഞ്ഞ സ്വരത്തില്‍ അവള്‍ ഇങ്ങനെ പറയുന്നു. "ഹേയ് അതൊന്നും കാര്യമാക്കേണ്ട; അതു കോഴികൂവിയതാണ് കിടന്നുറങ്ങിക്കോളൂ, അതിന് താങ്കളുമായി യാതൊരു ബന്ധവുമില്ല." പരേതയുടെ രഹസ്യമാണ് മറ്റൊരു രസകരമായ കഥ. മനുഷ്യ മനസിന്റെ രഹസ്യ അറകളിലേക്കും സദാചാര സീമകളിലേക്കും വെളിച്ചം വിതറുന്ന തരത്തിലാണ് കഥയുടെ ഇതിവൃത്തം. വര്‍ഷങ്ങളായി അമ്മയെ പിരിഞ്ഞു കഴിയുന്ന കന്യാസ്ത്രീയായ മകളും മജിസ്ട്രേറ്റായ മകനും അമ്മ മരിച്ചതിനെ തുടര്‍ന്ന് കാണാന്‍ വരുന്ന രംഗം ഭാവതീവ്രമാണ്. അമ്മയെ അടക്കം ചെയ്യുന്നതിനു മുന്‍പായി അല്പം സമയം കൂടെയിരിക്കാന്‍ മോഹമുണ്ടെന്നു പറഞ്ഞ് രണ്ടാളും മൃതദേഹത്തിനു ചുറ്റുമിരിക്കുകയും മേശക്കുള്ളില്‍ നിന്ന് അമ്മയുടെ പഴയ കത്തുകള്‍ ഓരോന്നായി വായിക്കുന്നതും അമ്മയുടെ രഹസ്യ പ്രണയം വെളിപ്പെടുന്നതും തിടുക്കത്തില്‍ അവര്‍ ആ മുറിയില്‍ നിന്നും പുറത്തേക്ക് കടക്കുന്നതുമെല്ലാം ഒരു സിനിമ കാണുന്ന പ്രതീതി ജനിപ്പിക്കും. കത്തിക്കൊണ്ടിരിക്കുന്ന മെഴുകുതിരിയുടെ പ്രഭയെ പ്രഭാതം വിളര്‍പ്പിച്ചപ്പോള്‍ മകന്‍ ചാരുകസേരയില്‍ നിന്നുമെഴുന്നേറ്റ് സ്വന്തം മക്കളെ ഉപേക്ഷിച്ച ശപിക്കപ്പെട്ട അമ്മയെ ഒന്നു നോക്കുകപോലും ചെയ്യാതെ പെങ്ങളുമൊത്ത് മുറിയില്‍നിന്ന് പുറത്തു കടക്കുമ്പോള്‍ പ്രതിഫലിക്കുന്നത് മനുഷ്യന്റെ അസ്ഥിരമായ മാനസികാവസ്ഥയാണ്. 'ക്രിസ്മസ് ഈവ്' എന്ന കഥയില്‍ തനിക്കു കൂട്ടിനായി രാത്രിയില്‍ സ്ത്രീകളെ തേടിയിറങ്ങി കൂടെ കൂട്ടിക്കൊണ്ടു വരുന്ന സ്ത്രീയുടെ പ്രസവത്തിനു സാക്ഷിയാകേണ്ടി വരുന്ന ഹെന്റി, കാമുകന്റെ ഭീരുത്വം നിറഞ്ഞ പ്രവൃത്തിമൂലം ജീവിതകാലം മുഴുവന്‍ കന്യകയും മുടന്തയുമായി തന്റെ കാലം കഴിക്കുന്ന ക്ലോഷെറ്റ് തുടങ്ങി മനസ്സില്‍ തങ്ങി നില്‍ക്കുന്ന അനേകം കഥാപാത്രങ്ങളും മറ്റുമായി - ഷോപ്പന്‍ഹോവറുടെ ശവകുടീരം, ബെൽഹോമിലെ ജന്തു, ഉപേക്ഷിക്കപ്പെട്ടവന്‍, ദത്തുപുത്രന്‍, കൊക്കോ, കുമ്പസാരം, കോഴികൂവിയതാ, കോര്‍സിക്കയിലെ കവര്‍ച്ചക്കാരന്‍, ശവദാഹം, മുടന്തന്‍, ഭീരു, പരേതയുടെ രഹസ്യം, ഡെനീസ്, ക്രിസ്മസ് ഈവ്, ക്ലോഷറ്റ്, കോമാളി തുടങ്ങി ആഖ്യാനത്തിലെ ശൈലികൊണ്ടും പ്രമേയപരമായ ഗൗരവം കൊണ്ടും മികച്ചതായി അനുഭവപ്പെട്ട പതിനാറു കഥകളുടെ മനോഹരമായ വിവര്‍ത്തനമടങ്ങുന്നതാണ് ഈ കഥാസമാഹാരം. വളരെ ലളിതമായ വായനാനുഭവത്തോടൊപ്പം തുടര്‍ചിന്തകളില്‍ മനസ്സിന്റെ വളരെ ആഴത്തിലേക്ക് സ്വാധീനം ചെലുത്തുന്ന ശൈലിയാണ് മോപ്പസാങിന്റേത്. ഇത്തരത്തിലുള്ള വായന നിലനിര്‍ത്താന്‍ ഈ കാലഘട്ടത്തിലും കഴിയുന്നു എന്നതു തന്നെയാണ് മോപ്പസാങ് എന്ന എഴുത്തുകാരന്റെ കഥകളുടെ പ്രധാന ആകര്‍ഷണം. കാലത്തിനൊപ്പം സഞ്ചരിക്കുകയും ഈ കാലഘട്ടത്തിലും പ്രാധാന്യമര്‍ഹിക്കുന്ന വായന അര്‍ഹിക്കുകയും ചെയ്യുന്ന ഗണത്തിലാണ് അദ്ദേഹത്തിന്റെ രചനകളുടെ സ്ഥാനം. (രാജൻ തുവ്വാര മൊഴിമാറ്റം നിർവഹിച്ച മോപ്പസാങ് കഥകൾ എന്ന പുസ്തകത്തെകുറിച്ച് 2018 ഡിസംബർ 16 മംഗളം ദിനപത്രത്തിന്റെ പുസ്തകപരിചയത്തിൽ പ്രതീഷ് പരമേശ്വരൻ തയ്യാറാക്കിയ ആസ്വാദന കുറിപ്പിൽനിന്ന്, പൂർണ്ണരൂപം https://bit.ly/2ukZF0D എന്ന ലിങ്കിൽ വായിക്കാം)

Pratheesh

22 Mar , 2019

Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top