inner-banner

Our Books

തീവ്ര കമ്മ്യൂണിസ്റ്റ് നിലപാടില്‍ നിന്നും ജനാധിപത്യവാദിയിലേക്കുള്ള ഒരാളുടെ രാഷ്ട്രീയ പരിവര്‍ത്തനത്തിന്റെ ആന്തരികധാരയാണ് ഈ സംഭാഷണങ്ങളില്‍.  കെ. വേണു എന്ന നക്‌സലൈറ്റില്‍ നിന്നും ജനാധിപത്യ വിശ്വാസിയായ മാനവവാദിയിലേക്കുള്ള ഈ പരിണാമത്തിന്റെ അടയാളങ്ങള്‍ കേരളത്തിന്റെ ഒരു കാലഘട്ടത്തെ ഉഴുതുമറിച്ച ചിന്തകളുടെ നേര്‍സാക്ഷ്യം കൂടിയാണ്.  കെ. വേണുവിന്റെ വ്യക്തിജീവിതവും രാഷ്ട്രീയജീവിതവും ഇഴചേരുന്ന ഈ സംഭാഷണങ്ങളില്‍നിന്നും കേരളം പിന്നിട്ട  നിര്‍ണായകമായൊരു കാലത്തിന്റെ കനല്‍പ്പാടുകളാണ് ചിതറിക്കിടക്കുന്നത്. വരും തലമുറയുടെ രാഷ്ട്രീയ പഠനങ്ങള്‍ക്കായി ഈ സംഭാഷണങ്ങള്‍ ഉപകരിക്കും.


 Format: Paperback | Pages: 168

 Size: Demy 1/8 | 200 g

 Edition: First, 2019 January

 Cover design: Rajesh Chalode


  

5

എഡിറ്റോറിയൽ

ഒരു രാഷ്ട്രീയപ്രവർത്തകനെന്ന നിലയിൽ ജീവിതത്തെ അർത്ഥപൂർണ്ണമാക്കിയ അപൂർവം ചിലരേ കേരളരാഷ്ട്രീയത്തിലുള്ളൂ. കെ.വേണു ആ ന്യൂനപക്ഷത്തിലുൾപ്പെടുന്നൊരാളാണ്. കലാലയകാലത്തേ ഇടതുപക്ഷത്തോടൊപ്പം ചേർന്നുനിൽക്കുകയും പിന്നീട് അതിലെ തീവ്രവിഭാഗത്തിലേക്ക് പങ്കുചേരുകയും, വളരെ കലുഷിതവും അപകടകരവുമായ ഒരുകാലത്ത് പ്രസ്ഥാനത്തിന്റെ സജീവപ്രവർത്തകരിലൊരാളാവുകയും ചെയ്ത വേണു ഇന്ന് ജനാധിപത്യരാഷ്ട്രീയത്തിന്റെ സാധ്യതകൾക്കൊപ്പമാണ് നിൽക്കാൻ ഇഷ്ടപ്പെടുന്നത്. തന്റെ നിലപാടുകളിൽ സംഭവിച്ച വ്യതിയാനത്തെ തുറന്നുപറയുകയും വസ്തുനിഷ്ഠമായ അതിന്റെ സാംഗത്യം എത്രമാത്രം സാധുവാണെന്ന് തെളിയിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ബൗദ്ധികമായ സത്യസന്ധത ചോദ്യം ചെയ്യാനാവാത്തതാണ്. എന്നിരിക്കിലും സമകാലികമായ അദ്ദേഹത്തിന്റെ നിലപാടുകൾ ശക്തമായ ആക്രമിക്കപ്പെടുകയും വലിയ തോതിലുള്ള സംവാദങ്ങൾക്ക് വഴിവെക്കുകയുമൊക്കെ ചെയ്യുന്നുണ്ടെന്ന് പറയാതെ വയ്യ. ആന്തരീകമായി ഒരു വ്യക്തിയുടെ വളർച്ചയാണ് ഈ നിലപാടുവ്യതിയാനമെന്ന് സൂക്ഷ്മമായി അദ്ദേഹത്തിന്റെ ചിന്തകളെ പിന്തുടരുന്നൊരാൾക്ക് മനസ്സിലാകും. അത്രമാത്രം വിപുലമായ വായനയും നിരീക്ഷണപാടവവും പഠനോത്സുകതയും അദ്ദേഹത്തിനുണ്ട്. ലോകത്തിന്റെ ചലനങ്ങൾക്കു നേരെ തുറന്നുവെച്ചൊരു മനസ്സാണ് അദ്ദേഹത്തിന്റേത്. ജീവന്റെ ഉല്പത്തിയും പ്രപഞ്ചത്തിന്റെ ഗതിവിഗതികളും ആത്മീയദർശനങ്ങളുടെ പരിമിതികളും വൈരുദ്ധ്യാത്മകദർശനത്തിന്റെ പ്രസക്തിയും അനന്തതയെ ഉൾക്കൊള്ളുവാൻ തയ്യാറുള്ള ആ മനസ്സിന്റെ ഇഷ്ടവിഷയങ്ങളാണ്. ഒരു രാഷ്ട്രീയപ്രവർത്തകനെന്നതിലുപരി ഒരു ദാർശനീകൻ കൂടിയെന്നും വേണുവിനെ വിശേഷിപ്പിക്കാം. 2009 വരെ പ്രസിദ്ധീകരിക്കപ്പെട്ട വേണുവുമായി എം.എൻ.വിജയൻ അടക്കമുള്ള വിവിധ വ്യക്തികൾ നടത്തിയ പ്രധാനപ്പെട്ട ചില സംഭാഷണങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ കടന്നുപോകുമ്പോൾ കെ.വേണുവിന്റെ രാഷ്ട്രീയവും ജീവിതവും ദർശനവുമെല്ലാം വിഷയീഭവിക്കുന്നുണ്ട്. ഇന്ത്യയിലും ലോകത്തുതന്നെയും വളരെ ശ്രദ്ധേയമായ ചില സംഭവങ്ങളിലും വിഷയങ്ങളിലുമുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ഇതിൽ പങ്കുവെക്കുന്നുവെന്നതാണ് ഈ സമാഹാരത്തിന്റെ മറ്റൊരു പ്രത്യേകത. രാഷ്ട്രീയവും സാമൂഹികവും ദാർശനീകവുമായ നമ്മുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്തുവാൻ ശ്രമിക്കുന്നൊരു പുസ്തകമാണിതെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ ഏറെ ആത്മവിശ്വാസത്തോടെയും കൃതജ്ഞതയോടെയുമാണ് ഞങ്ങൾ ഈ പുസ്തകത്തെ അവതരിപ്പിക്കുന്നത്. കെ.വേണുവിനും അദ്ദേഹവുമായി സംഭാഷണം നടത്തിയവർക്കും വിവിധ പ്രസിദ്ധീകരണങ്ങൾക്കും നന്ദി.

Editorial

14 Jan , 2019

5

പി. സലിംരാജ്

ജനാധിപത്യത്തിലും സഹിഷ്ണുതയിലും അടിയുറച്ച തികച്ചും മൗലികമായ മൂല്യവിചിന്തനങ്ങളാണ് കെ. വേണുവിനെ വ്യതിരിക്തനാക്കുന്നത്. നീതി നിഷേധിക്കപ്പെട്ടവർക്കു വേണ്ടി ജാഗ്രതയോടെ നിലകൊള്ളുന്ന ധീരനായ പോരാളിയാണ് കെ. വേണു. അദ്ദേഹത്തിന്റെ ബൗദ്ധിക സംഭാവനകൾ കേരള സമൂഹത്തിന്റെ പ്രബുദ്ധതയെ ബഹുദൂരം മുന്നോട്ടു കൊണ്ടുപോയി. കാലുഷ്യങ്ങളിൽ നിന്നും കലക്കങ്ങളിൽ നിന്നും വ്യക്തതയിലേക്കും തെളിച്ചത്തിലേക്കും നയിക്കുന്ന ഗൗരവമേറിയ ആശയസംവാദങ്ങൾക്ക് കെ. വേണു നേതൃത്വം നല്കി. ഒരു കമ്മ്യൂണിസ്റ്റായും പിന്നീട് സമ്പൂർണനായ ഒരു ജനാധിപത്യവാദിയായും മാറിയപ്പോഴൊക്കെ കെ. വേണു സ്വന്തം പ്രത്യയശാസ്ത്ര നിലപാടുകളെ അടിമുടി പുതുക്കിപ്പണിതു കൊണ്ടിരുന്നു. ആധികാരികമായ സയൻസ് ഗ്രന്ഥങ്ങളുടെ വായനയും സൈദ്ധാന്തിക പഠനവും സോഷ്യലിസ്റ്റ് ചരിത്രാനുഭവങ്ങളും പ്രായോഗിക പ്രവർത്തനത്തിന്റെ തീക്ഷ്ണമായ പരീക്ഷണങ്ങളും വേണുവിലെ എഴുത്തുകാരനെ മൂർച്ച കൂട്ടിയെടുത്തു. സ്വയം വിമർശനത്തിനും തിരുത്തലിനുമുള്ള ആർജവമാണ് വേണുവിന്റെ നിലപാടു മാറ്റങ്ങളുടെ അടിത്തറ. ഇന്നും രാഷ്ടീയ ചർച്ചകളിൽ വേണുവിന്റെ വാദങ്ങൾ അംഗീകരിക്കുകയോ അല്ലെങ്കിൽ ഖണ്ഡിക്കുകയോ ചെയ്യപ്പെടുന്നു. വേണുവിനെ പരിഗണിക്കാതെ മാർക്സിസ്റ്റ് ദർശനത്തെ പറ്റിയുള്ള വീണ്ടുവിചാരങ്ങൾ കേരളീയ സന്ദർഭത്തിൽ പൂർണമാകുന്നില്ല ഏകാകിയും പരിണിതപ്രജ്ഞനുമായ വേണുവിന്റെ നിഗമനങ്ങൾക്ക് ആഗോള സാഹചര്യത്തിൽ ഏറെ പ്രസക്തിയുണ്ട്. പുരോഗമന കേരളം ലോകത്തിനു മുന്നിൽ അവതരിപ്പിച്ച സ്വതന്ത്ര ചിന്തയുടെ ആചാര്യനാണ് കെ. വേണു. സാർവദേശീയ രാഷ്ട്രീയത്തെ ഇത്രയും ശാസ്ത്രീയമായി അപഗ്രഥിക്കാൻ കഴിയുന്ന ജൈവ ബുദ്ധിജീവികൾ കുറവായിരിക്കും. മലയാളിയുടെ അഭിമാനമായി മാറിയ വേണുവിന്റെ വിചാര ലോകത്തിന്റെ വികാസപരിണാമങ്ങൾ അടയാളപ്പെടുത്തുകയാണീ പുസ്തകം. ഇതിലെ അഭിമുഖങ്ങൾ പ്രതിജ്ഞാബദ്ധനായ ഒരു സാമൂഹിക പ്രവർത്തകൻ കടന്നുവന്ന സംഘർഷഭരിതമായ സമരമുഖങ്ങൾ തുറന്നു കാണിക്കുന്നു. പ്രകോപിപ്പിക്കുന്ന, പുനരാലോചനക്ക് സന്നദ്ധമാക്കുന്ന, അഗാധവും അസ്വാസ്ഥ്യ ജനകവുമായ ചിന്തകളുടെ സമരോത്സുകതയിലേക്കും സർഗാത്മകതയിലേക്കും നയിക്കുന്ന കെ.വേണു വിന്റെ ലേഖനങ്ങളുടെയും അഭിമുഖങ്ങളുടെയും സമാഹാരം.

WebMaster

09 Mar , 2019

Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top