എഴുത്തുകാരനും യാത്രികനുമായ ആഷാമേനോന്റെ ജീവിതത്തിലേക്കും ദര്‍ശനങ്ങളിലേക്കും കടന്നുപോകുന്ന നീണ്ട സംഭാഷണം. മനുഷ്യനും പ്രകൃതിക്കുമിടയിലെ ആത്മീയ പാരസ്പര്യത്തെ തൊട്ടറിഞ്ഞ ഒരു അന്വേഷകന്റെ വഴിയടയാളങ്ങളാണ് ഈ സംഭാഷണങ്ങളില്‍ നിറയുന്നത്.
ഹിമാലയവും ഓഷോയും കാള്‍സാഗനും ശങ്കരാചാര്യരും ഖസാക്കും ഇവിടെ നൂതനമായ ചില ബോധ്യങ്ങളാല്‍ നിര്‍വചിക്കപ്പെടുന്നു. ഒ. വി. വിജയന്‍ ആഷാമേനോന് എഴുതിയ അപൂര്‍വസുന്ദരങ്ങളായ കത്തുകളുടെ അനുബന്ധവും. പ്രതിഭാശാലിയായ ഒരു എഴുത്തുകാരന്റെ ആത്മീയസന്ദേഹങ്ങളും ശിഥിലബോധ്യങ്ങളും അന്തസ്സംഘര്‍ഷങ്ങളും വെളിവാക്കുന്ന കത്തുകള്‍ ആദ്യമായി പ്രസിദ്ധീകരിക്കുന്നു.
✪ Format: Paperback | Pages: 120
✪ Size: Demy 1/8 | 150 g
✪ Edition: First, 2018 January
✪ Cover design: Rajesh Chalode
5
എഡിറ്റോറിയൽ
അടയാളം പബ്ലിക്കേഷൻസിന്റെ ആദ്യപുസ്തകമാണിത്. മികച്ച പുസ്തകങ്ങളെ മികച്ച രീതിയിൽ തന്നെ വായനക്കാരിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പ്രസാധന സംരംഭം നിങ്ങൾക്കു മുന്നിലെത്തിയിരിക്കുന്നത്. സാഹിത്യ വിമർശകനും യാത്രികനും സർവോപരി പ്രകൃതി കേന്ദ്രിതമായ ഒരു ആത്മീയ ബോധ്യം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ആഷാമേനോന്റെ നിരവധി രചനകൾ മലയാളത്തെ ധന്യമാക്കിയിട്ടുണ്ട്. ഒരു വാരികയിൽ പ്രസിദ്ധീകരിച്ച സംഭാഷണങ്ങളുടെ കൂടുതൽ വിപുലമായ രൂപമാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. ഒപ്പം എഴുത്തിന്റെ യുഗശില്പിയെന്നു പറയാവുന്ന ഒ.വി.വിജയൻ ആഷാമേനോന് എഴുതിയ കത്തുകളിൽ വളരെ പ്രധാനപ്പെട്ട ചിലത് ഇതോടെപ്പം അനുബന്ധമായി ചേർത്തിട്ടുണ്ട്. അപൂർവമായ പാരസ്പര്യത്തിന്റെ ചരടിനാൽ കെട്ടപ്പെട്ട ഒരു അസാധാരണമായ ബന്ധമായിരുന്നു ഇവർ തമ്മിലെന്ന് ഈ കത്തുകളിൽ നിന്നും വായിക്കാം. വിജയൻ ഒരുകാലത്ത് അഭിമുഖീകരിച്ച അന്തഃസംഘർഷങ്ങളുടെയും വൈകാരികകപ്പൽഛേതങ്ങളുടെയും നേർരേഖകളായ ഈ കത്തുകൾ വിജയനെ അറിയാനാഗ്രഹിക്കുന്ന ഏവർക്കും വലിയ വഴിവിളക്കുകളായിരിക്കും. ദീർഘകാലത്തെ ചിന്തകളുടെയും സംവാദങ്ങളുടെയും സാഫല്യമായിരുന്നു അടയാളം പബ്ലിക്കേഷൻസ് എന്ന ആശയം. എന്നും നിറഞ്ഞ മനസ്സോടെ നല്ല വായനയെ പ്രോത്സാഹിപ്പിച്ച നിങ്ങളെല്ലാം ഞങ്ങൾക്കൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരോടും നന്ദിയും സ്‌നേഹവും.
Editorial
16 Jan , 2019
4.5
തനുമാനസി - പായിപ്ര രാധാകൃഷ്ണന്‍
ആഭിമുഖ സംഭാഷണങ്ങള്‍ അതിലേര്‍പ്പെടുന്നവരെപ്പോലും ആഹ്ളാദിപ്പിക്കാനാവാത്തവിധം വിരസങ്ങളും നിഷ്ഫലങ്ങളും ആയിട്ടാണ് പലപ്പോഴും ഭവിക്കാറുള്ളത്. പുതിയ വാതായനങ്ങള്‍ ഒന്നും തുറക്കാതെവരുമ്പോള്‍ പ്രത്യേകിച്ചും ആത്മപ്രഭാഷണത്തിന്റെ കാല്പനികരീതി സൗന്ദര്യം കിനിയുന്നതാണ് ആഷാമേനോന്റെ രചനാലോകം. സ്വച്ഛന്ദമായ ആനന്ദാനുഭവം തന്നെ. പരദൂഷണം, പരിഹാസം തുടങ്ങിയ വിപരീതോര്‍ജങ്ങള്‍ തന്നെ കുറവാണ് ആ പ്രശാന്തതീരങ്ങളില്‍. സാന്ദ്രമായ ഒരു വിശുദ്ധ സംഗീതം സദാ മഞ്ഞുപോലെ പെയ്യുന്ന ഭാഷ. ദുരാഗ്രഹതയ്ക്ക് ഈണവും താളവും സംഗീതവും സന്നിവേശപ്പിച്ച പദാവലികളിലൂടെ ആഷാമേനോന്‍ മനോധര്‍മ്മം സൃഷ്ടിക്കുന്നു എന്ന് കൃതിയുടെ പൂമുഖപ്പടിയില്‍ മുഴങ്ങുന്നു. യാത്രയും ആസ്വാദനവും നിരൂപണവും മന്ദ്രമായി കലരുന്ന രചനകള്‍. തനുമാനസി എന്ന് ഈ രചനാസമുച്ചയത്തിന്റെ മുഖപ്പില്‍ ചാര്‍ത്താം. ഒരെഴുത്തുകാരനാല്‍ ഇപ്രകാരം ആവേശിതനാവുക, സര്‍ഗ്ഗാത്മകസിംഫണിയായി ഒ.വി. വിജയനും ആഷാമേനോനും മാറുക-ഇങ്ങനെ അപൂര്‍വ്വമായ പലതും ഈ കൃതിയില്‍ ഇതള്‍ വിരിയുന്നുണ്ട്. ഒരെഴുത്തുകാരന്‍ മറ്റൊരെഴുത്തുകാരനിലൂടെ നടത്തുന്ന ആത്മസഞ്ചാരം-അറിഞ്ഞും അനുഭവിച്ചും അന്യോന്യം ആദരവുകള്‍ പുലര്‍ത്തിയും മര്യാദയുടെ അതിരുകള്‍ പോറിക്കാതെയും ഒരു ഭാഷണം. നെറ്റിയിലെ പൊട്ടിനും പൂജാമുറിയിലെ വിളക്കിനും എഴുത്തുമായി ബന്ധമില്ലെന്ന് നടിക്കാന്‍ ഇവിടെ മന:പൂര്‍വ്വം ശ്രമിക്കുന്നില്ല. ആ നേര്‍മ്മ വിജയന്റെ കത്തുകളിലും പ്രകാശം പരത്തുന്നുണ്ട്. പറയാനും ബോധ്യപ്പെടുത്താനും വിഷമമുള്ള ജീവിതത്തിന്റെ ഇടനാഴികളിലൂടെ മൗനത്തെപ്പോലും പരിഭാഷപ്പെടുത്തുംവിധം പതിഞ്ഞ സ്വരസ്ഥായിയില്‍, ഔചിത്യത്തെ നോവിക്കാതെ, സമാനഹൃദയര്‍ക്ക് മാത്രം ആവശ്യമുള്ള ഒരു ആത്മഭാഷണം എന്നെ ഈ സംഭാഷണത്തെ പറയാനാവൂ. എന്‍.പി. വിജയകൃഷ്ണനും 'അടയാളം' പ്രസാധകര്‍ക്കും ചാരിതാര്‍ത്ഥ്യത്തിന്നവകാശമുണ്ട്. (2018 ഏപ്രിൽ മാസത്തിലെ കലാകൗമുദി വാരികയിൽ പായിപ്ര രാധാകൃഷ്ണന്‍ തയ്യാറാക്കിയ ആസ്വാദന കുറിപ്പിൽനിന്ന്)
Reviews
29 Nov , 2018
4.5
പ്രതീഷ് പരമേശ്വരൻ
എഴുത്തുകാരനും യാത്രികനുമായ ആഷാമേനോന്റെ ജീവിതത്തിലേക്കും ദർശനങ്ങളിലേക്കും കടന്നു പോകുന്ന സംഭാഷണങ്ങൾ. ഒപ്പം ഒ.വി. വിജയൻ ആഷാമേനോന് എഴുതിയ അപൂർവ്വസുന്ദരങ്ങളായ എഴുത്തുകാരന്റെ ആത്മീയ സന്ദേഹങ്ങളും അന്തർസംഘർഷങ്ങളും വെളിവാക്കുന്ന കത്തുകളും. ഭാഷയുടെ സങ്കീർണതകൾ കൊണ്ടും, തത്ത്വചിന്തയും, സംസ്കാരവിശേഷങ്ങളും, പ്രകൃതി പാഠവും സാഹിത്യദർശനങ്ങളും, യാത്രാനുഭവവും ഏകോപിച്ചിട്ടുള്ള അദ്ദേഹത്തിന്റെ രചനാ പാഠങ്ങൾ മലയാളത്തിൽ ഒറ്റത്തിരിഞ്ഞു നിൽക്കുന്നവയാണ്. സംസ്കൃതം ഉൾച്ചേർത്തുകൊണ്ടുള്ള മലയാളമൊഴിച്ചന്തത്തിലൂടെയാണ് തന്റെ രചനകളെ അദ്ദേഹം നടത്തുന്നത്.പതിറ്റാണ്ടുകളായി പുലരുന്ന 'ഭാഷാവിമർശനത്തെ' ഗൗനിക്കാതെ സ്വയം സൃഷ്ടിയുടെ തന്മയിലും, ഉന്മയിലും ഉന്മുഖനാവുകയാണ് ആഷാമേനോൻ. ഭാഷയുടെ പേരിൽ ഏറെ പ്രകീർത്തിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്യുന്നതിനെപ്പറ്റിയും, ഈ ഭാഷാ ബോധം രൂപപ്പെട്ടതിനു പിന്നിലെ പാരമ്പര്യ പൈതൃക സംസ്കാരിക പശ്ചാത്തലം സംസ്കൃത പണ്ഡിതനും അധ്യാപകനുമായ അച്ഛൻ ശങ്കൻകുട്ടി മേനോനിൽ നിന്നാർജ്ജിച്ചതായിരിക്കണം. ലാസ്യ ശബ്ദത്തിൽ വ്യക്തയുടെ സ്ഫടികസമാനമാർന്ന ശൈലിയിൽ അദ്ദേഹം സംസാരിക്കുന്നു. എഴുത്തു ജീവിതത്തിൽ ആത്മകഥാപരമായ ആദ്യ മനസ്സുതുറക്കൽ കൂടിയാവാം ഇത്. ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിനോടുള്ള മാനസ്സികമായ അടുപ്പത്തെക്കുറിച്ച് പറയുമ്പോൾ സ്വന്തം ആദർശപുരുഷനായ അച്ഛന്റെ മരണം നടന്നു കഴിഞ്ഞ അവസരത്തിലുള്ള നോവലിന്റെ വായന തന്റെ സൗന്ദര്യാത്മക ചിന്തകളെ നിർവ്വഹിക്കാൻ സഹായിച്ചു എന്നുള്ളതാണ് അദ്ദേഹത്തിനു പറയാനുള്ളത്. തുടർന്ന് താനും ഒ.വിയുമായുള്ള അടുപ്പമുണ്ടാവാനുള്ള കാരണമായ ആ കണ്ടെത്തലിനെക്കുറിച്ചും പറയുന്നുണ്ട്. 'ഖസാക്കിന്റെ ഇതിഹാസം വായിച്ചപ്പോൾ സംവേദനം അതിനനുസരിച്ച് രൂപപ്പെടുകയായിരുന്നു. അക്കാലം വരെ ഞാൻ എനിക്കു വേണ്ടതേ വായിച്ചിരുന്നുള്ളൂ. ഇത് പ്രശംസയുടെ ഉപരിതലങ്ങളല്ല ജിജ്ഞാസയുടെ ആഴങ്ങളാണ്. എന്താണ് രവി തേടിയത്? ഞാൻ ഡയറിയിൽ ആർക്കെന്നില്ലാതെ കുറിച്ചിട്ടു. 'ജീവിതത്തിലെ ചില സംഭവങ്ങൾ നിയാമകങ്ങളാണ്' എന്നും എഴുതി. ഖസാക്ക് എന്റെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു. ഖസാക്കിന്റെ ഇതിഹാസം വന്നതുമുതൽ ഞാൻ എന്നെ തന്നെ പുതുക്കിക്കൊണ്ടിരുന്നു. ഖസാക്കിനെക്കുറിച്ച് ഞാൻ എഴുതിയതൊക്കെയും ഒ.വി. വിജയൻ വായിക്കേണ്ടതാണ് എന്ന് സുഹൃത്ത് രാമചന്ദ്രൻ പറഞ്ഞു. ഊഹിച്ചെടുത്ത വിലാസത്തിൽ വിജയന് കത്തെഴുതി. ഇതിഹാസത്തെക്കുറിച്ച്, ഖസാക്കിലെ നാട്ടുവഴക്കങ്ങളെക്കുറിച്ച്, രവിയുടെ അഗമ്യഗമനങ്ങളെക്കുറിച്ചൊക്കെയായിരുന്നു നിരീക്ഷണങ്ങൾ വന്നുകൊണ്ടിരുന്നത്. ഇതിനിടയിൽ ആരും രവിയെ കണ്ടില്ല. ഞാൻ രവിയെ എന്റെ രീതിയിൽ കണ്ടെത്തി വിജയന് സമർപ്പിക്കുകയായിരുന്നു. തുടർന്ന് എനിക്കു മറുപടിയായി വളരെ നീണ്ടകത്തു കിട്ടുകയാണ് മണ്ണിൽ, പൊടിയിൽ, ഇന്ന് എന്നായിരുന്നു വിജയന്റെ സ്ഥലകാല തിയ്യതി. 'താങ്കളുടെ കത്തു വായിച്ചപ്പോൾ ഇത്തിരിക്കൂടി ദുർബലനായിരുന്നെങ്കിൽ ഞാൻ കരഞ്ഞു പോയേനെ എന്നായിരുന്നു തുടക്കം. ഞാൻ ഖസാക്കിൽ എന്റെ മനക്കണ്ണിൽ കണ്ടവേദനകളും കണ്ണീരും ഇന്നാണ് ആദ്യമായി ഒരാൾ ഖസാക്കിൽ കാണുന്നത്. സുഹൃത്തേ ആരാണ് താങ്കൾ? നാം തമ്മിൽ കൂടുതൽ അറിഞ്ഞേ ഒക്കൂ എന്നാണ് വിജയൻ എഴുതിയത്. ഖസാക്കിൽ എന്റെ ജീവിതവും സാഹിത്യവും അഭിന്നമായി കലാശിച്ച പരിതോവസ്ഥയിൽ ഒരു നിർണ്ണായകത്വമുണ്ട്. പക്ഷേ ഞാനൊരിക്കലും ഖസാക്കിൽ ബദ്ധനായില്ല. ഒന്നിലും ബദ്ധനവാതിരിക്കലാണ് അഭിലഷണീയമെന്നൊക്കെ പിൻകാലമാണ് ധരിച്ചതെങ്കിലും. ആദ്യകാലത്ത് വായിച്ചവയിൽ നിന്ന് വ്യത്യസ്തമായി ഖസാക്ക് വായിച്ചിട്ടുണ്ട്. എന്നിരിക്കിലും അത് എക്കാലത്തേക്കുമുള്ള ഒരു വിശുദ്ധ പ്രമാണമായി കണ്ടിട്ടില്ല. ഖസാക്ക് ഉണർത്തിയ ജിജ്ഞാസകൾ ഇന്നും വേറെ ഏതൊക്കെയോ സാoഗത്യങ്ങളിൽ ദീപ്തമാവുന്നു എന്നു മാത്രം സമ്മതിക്കുന്നു. ഞാൻ ഇഷ്ടപ്പെടുന്ന വാക്കുകളിലൊന്നാണ് 'നിരന്തരം' ഏത് സപര്യയും ഈ 'നിരന്തര'ത്തിലാണ് ഭദ്രമാവുക. ഖസാക്കിനപ്പുറം നിങ്ങളെ നയിക്കാൻ പ്രാപ്തനാക്കുമ്പോഴാണ് ഖസാക്ക് സാരവത്താവുന്നത്. സാഹിത്യം മാത്രമറിയുന്നവർ സാഹിത്യമറിയുന്നില്ല. സാഹിത്യവിമർശകനും യാത്രികനും സർവോപരി പ്രകൃതികേന്ദ്രീകൃതമായ ഒരു ആത്മീയബോധം കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന ആഷാമേനോന്റെ നിരവധി രചനകൾ മലയാളത്തിലുണ്ട്. ഒരു വാരികയിൽ പ്രസിദ്ധീകരിച്ച സംഭാഷണങ്ങളുടെ വിപുലമായ രൂപമാണ് ഈ പുസ്തകം. ഇതിലൂടെ തന്റെ വായനയെ, യാത്രകളെ, മതരാഷ്ട്രീയബോധത്തെപ്പറ്റിയുമൊക്കെ ഡോ. എൻ.പി. വിജയകൃഷ്ണനുമായി വളരെ ആഴത്തിലുള്ള സംഭാഷണത്തിൽ ഏർപ്പെടുന്നു ആഷാമേനോൻ. ആഷാമേനോന്റെ രചനകളിലെ ക്ലിഷ്ടതയില്ലാതെ ആഷാമേനോനെന്ന വ്യക്തിത്വത്തെ മനസ്സിലാക്കാൻ സഹായിക്കുന്ന പുസ്തകം. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പൂർണ്ണരൂപം https://bit.ly/2s0RIfT എന്ന ലിങ്കിൽ വായിക്കാം.
Pratheesh
01 Jan , 2019