മലയാള ചലച്ചിത്ര കലയിലെ എക്കാലത്തെയും മാസ്റ്റർ ജീനിയസ് ജോണ്‍ പോള്‍ സാറിന് പ്രണാമം...
April 23 , 2022
മലയാള ചലച്ചിത്രലോകത്തെ അനിഷേധ്യമായ സര്‍ഗാത്മക സാന്നിധ്യമാണ് ജോണ്‍പോള്‍. അന്നുവരെ അപരിചിതമായിരുന്ന തീക്ഷ്ണമായ വൈകാരിക മുഹൂര്‍ത്തങ്ങള്‍ അഭ്രപാളിയില്‍ ആവിഷ്‌കരിച്ച് മലയാളസിനിമയുടെ വ്യാകരണം പുതുക്കിപ്പണിയുന്നതില്‍ മഹത്തായ പങ്കുവഹിച്ച തിരക്കഥാകൃത്ത്.
അരനൂറ്റാണ്ടോളമായി തുടര്‍ന്നിരുന്ന എഴുത്തു ജീവിതത്തിനിടയില്‍, കലാമൂല്യം തികഞ്ഞതും ജനപ്രിയവും ആധുനിക ഭാവുകത്വത്തിന് ദൃശ്യഭാഷ സമ്മാനിച്ചതുമായ ഒരുപിടി ഹൃദയഹാരിയായ, എക്കാലത്തെയും മികച്ച സിനിമകള്‍ക്ക് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ പ്രതിഭാ ശാലി. ഉള്ളില്‍ കൊളുത്തിവലിക്കുന്ന നന്മാര്‍ദ്രമായ വൈകാരികാനുഭൂതി പകര്‍ന്നവയാണ് ജോണ്‍പോളിൻ്റെ സിനിമകള്‍.
അടയാളം പ്രസിദ്ധീകരിച്ച ഉത്തരം തേടുന്നവൻ്റെ അശാന്തി, ഓർമ്മവിചാരം ഓർമകളുടെ ചാമരം, മായാ സ്മൃതി എന്നീ ഓര്‍മപുസ്തകങ്ങള്‍ ഹൃദയഹാരിയും ഒരു സുവര്‍ണകാലഘട്ടത്തിൻ്റെ സര്‍ഗചൈതന്യം കുടികൊള്ളുന്നവയുമാണ്. ഈ കൃതികളെല്ലാം തന്നെ ചരിത്രവും ജീവിതസത്യങ്ങളും അനുഭവ യാഥാർഥ്യങ്ങളും ആത്മാംശവും കലർന്നവയും മാനുഷികതയുടെ തൂവൽസ്പർശം കൊണ്ട് മനസ്സിനെ ഊർവ്വരമാക്കുന്നവയുമാണ്. മലയാള ചലച്ചിത്ര കലയിലെ എക്കാലത്തെയും മാസ്റ്റർ ജീനിയസ് ജോണ്‍ പോള്‍ സാറിന് പ്രണാമം...