വീണ്ടും ഒരു വായനദിനം
June 19 , 2021
കേരള സമൂഹത്തെ അടിത്തറ മുതൽ ആകാശം വരെ ജനാധിപത്യവൽക്കരിച്ചത് വായനയിലൂടെ സമാർജ്ജിച്ച അറിവുകളും അവയുടെ പ്രായോഗിക പ്രവർത്തനങ്ങളുമാണ്. മലയാളക്കരയെ ആധുനികവും നവീനവും പരിഷ്‌കൃതവുമാക്കിത്തീർത്തത് പുസ്തകങ്ങളിലൂടെ വ്യാപിച്ച പുതിയ ലോക വീക്ഷണമാണ്. വായന സ്വകാര്യാനുഭൂതിയിൽ നിന്നും സാമൂഹ്യപരതയുടെ വിശാലമായ തലത്തിലേക്ക് ഉയരുന്നുണ്ട്. പരിവർത്തനത്തിനുവേണ്ടി ദാഹിച്ച അനേകം തലമുറകളെ തൃപ്തിപ്പെടുത്തിയത് വായനയാണ്. ഗ്രാമാന്തരങ്ങൾതോറും ഉണർന്നിരുന്ന ഗ്രന്ഥശാലാസംഘങ്ങളും സാക്ഷരതാപ്രവർത്തനങ്ങളുമാണ് കേരളത്തെ പ്രതിബദ്ധതയുടെ കർമ്മസ്ഥലിയാക്കി മാറ്റിയത്. കേരളം പോലെ പുസ്തകത്തെ നെഞ്ചോടു ചേർക്കുന്ന ഒരു ദേശം ലോകത്തിലുണ്ടോ എന്ന് സംശയമാണ്. വായന മലയാളിയെ വിശ്വപൗരനാക്കി, പ്രകൃതി സ്നേഹിയാക്കി, നീതിയുടെ കാവലാളാക്കി, മനുഷ്യ സ്വാതന്ത്രത്തിന്റെ സന്ദേശ വാഹകനാക്കി.
വീണ്ടും ഒരു വായനദിനം. ഒരു മലയാളി എന്ന നിലയിൽ നമുക്ക് അഭിമാനത്തോടെ പറയാം, അക്ഷരങ്ങളിലൂടെ നേടിയെടുത്തതാണ് നമ്മുടെയെല്ലാം പ്രബുദ്ധത. അത് കൂടുതൽ തിളക്കമുറ്റതാക്കാൻ പുസ്തക പ്രസാധന സംഘമായ അടയാളം എന്നും ജനങ്ങൾക്കൊപ്പമുണ്ടാകും. വായനക്കാർക്കിടയിൽ ആശയസംവാദങ്ങൾക്കും മൂല്യവിചിന്തനങ്ങൾക്കും സ്വപ്നസഞ്ചാരങ്ങൾക്കും തുടക്കമിട്ട ഒരുപിടി പുസ്തകങ്ങൾ അടയാളം പ്രസിദ്ധീകരിച്ചു. അടയാളം ആഗ്രഹിക്കുന്നത് നല്ല പുസ്തകങ്ങൾകൊണ്ട് വായനയുടെ വസന്തോത്സവം ഒരുക്കാനാണ്. അതിനുവേണ്ടി ഈ വായനാദിനത്തിൽ അടയാളം വീണ്ടും വീണ്ടും സ്വയം സമർപ്പിതമാകുന്നു. എല്ലാവർക്കും ഹൃദ്യമായ വായനദിനം നേരുന്നു.