സുകൃതംസ്മര!
May 11 , 2022
മാടമ്പ് കുഞ്ഞുകുട്ടൻ മലയാള സംസ്കൃതിയുടെ വരപ്രസാദം ആവോളം ലഭിച്ച സുകൃതശാലിയാണ്. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് പിറകെ നടന്നലഞ്ഞ ഒരന്വേഷിയുടെ പാദമുദ്രകൾ മാടമ്പിൻ്റെ അക്ഷരങ്ങളിൽ ആഴത്തിൽ പതിഞ്ഞുകിടക്കുന്നു. ജീവിതത്തെ സത്യാന്വേഷണത്തിൻ്റെ പരീക്ഷണശാലയാക്കി മാറ്റിയ മാടമ്പ്, അസ്വാസ്ഥ്യം നിറഞ്ഞ തിരിച്ചറിവുകൾ മലയാളികൾക്ക് പകർന്നുതന്നുകൊണ്ടിരുന്നു. മനുഷ്യമനസ്സിന് പിടിതരാത്ത സമസ്യകളോടായിരുന്നു മാടമ്പിന് പ്രിയം. സ്വന്തം അസ്തിത്വത്തിൻ്റെ അടിവേരുകൾ അദ്ദേഹം തേടി. ഒപ്പം, ഗഹനങ്ങളായ ആശയ പ്രപഞ്ചങ്ങളിലേക്ക്, തത്ത്വചിന്തയുടെ മഹാകാശങ്ങളിലേക്ക് ആ പ്രതിഭ സഞ്ചരിച്ചു.
വ്യക്തിയെ മുതൽ സമഷ്ടിയെ വരെ അനുഭവിച്ചറിഞ്ഞ മലയാളത്തിൻ്റെ മഹാവിസ്മയവും തലമുറകൾ വണങ്ങിനിൽക്കുന്ന ഗുരുസന്നിധിയുമാണ് മാടമ്പ്. എഴുതിയതെല്ലാം അനശ്വരമാക്കി മാറ്റിയ സർഗ്ഗസിദ്ധിയുടെ നിറകുടമായ മാടമ്പിൽനിന്നും അടയാളത്തിന് ലഭിച്ച കരുതലും പരിഗണനയും നന്ദിയോടെ ഓർമ്മിക്കുന്നു. അദ്ദേഹത്തിൻ്റെ അവസാനത്തെ നോവൽ പ്രസിദ്ധീകരിക്കാനും രണ്ട് ബാലസാഹിത്യ കൃതികൾ പുന:പ്രസിദ്ധീകരിക്കാനും അടയാളത്തിന് അവസരം ലഭിച്ചത് അങ്ങേയറ്റം അഭിമാനത്തോടെയാണ് ഞങ്ങൾ കാണുന്നത്.
മാടമ്പ് കുഞ്ഞുകുട്ടൻ എന്ന മഹാപ്രതിഭയുടെ വിയോഗം മലയാളഭാഷയെ എന്നപോലെ അടയാളത്തെയും അനാഥമാക്കുന്നു...
സുകൃതംസ്മര!