പ്രശസ്ത കവി വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു
February 25 , 2021
ഭാരതീയതയിലേക്ക് ഉയരുന്ന മലയാള കവിതയുടെ നിദർശനങ്ങളാണ് വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിതകൾ. പുരാണങ്ങളുടെയും ഇതിഹാസങ്ങളുടെയും മഹാസംസ്‌കൃതിയെ സമകാലികമാക്കുകയും ആധുനിക കാലത്തിന്റെ സമസ്യകളോട് സംവദിക്കുകയും ചെയ്ത കവിയാണ് അദ്ദേഹം. സ്വന്തം മുഖമെവിടെ എന്ന ചോദ്യത്തെ അസ്തിത്വവാദകാലത്ത് അടയാളപ്പെടുത്തിയ വിഷ്ണുനാരായണൻ നമ്പൂതിരി പ്രകൃതിയുടെയും പ്രണയത്തിന്റെയും ശക്തിസൗന്ദര്യങ്ങളെ ഉപാസിക്കുന്ന നിരവധി കവിതകളെഴുതി. ഇന്ത്യയെ ഒരു വികാരമായി ആത്മാവില്‍ പ്രതിഷ്ഠിച്ച കവി ഇന്ത്യന്‍ ദര്‍ശനങ്ങളെ ആഴത്തിലും പരപ്പിലും സ്വാംശീകരിച്ചു. ഹിമാലയത്തിലൂടെയും ഇന്ത്യന്‍ പൗരാണിക മനസ്സുകളിലൂടെയും ആ കവിത തീർത്ഥാടനം നടത്തി. കാളിദാസന്‍ മുതല്‍ വൈലോപ്പിള്ളി വരെയുള്ളവരെ ഗുരുസ്ഥാനീയരായികണ്ട പാരമ്പര്യാവബോധത്തിന് ഉടമയാണ് അദ്ദേഹം. മലയാളകവിതയെ സത്യത്തിന്റെയും സൗന്ദര്യത്തിന്റെയും ഔന്നിത്യങ്ങളിലേക്ക് ആനയിച്ച വിഷ്ണുനാരായണൻ നമ്പൂതിരിക്ക് വിട...