പ്രിയകവിയ്ക്ക് വിട...
January 03 , 2021
കേരളീയതയുടേയും നിരാലംബ പ്രണയത്തിന്റെയും തീക്ഷ്ണമായ സമര മുദ്രകളുടെയും കവിയാണ് അനില്‍ പനച്ചൂരാന്‍. കേള്‍ക്കുന്നവരേയും വായിക്കുന്നവരേയും ഒരുപോലെ ത്രസിപ്പിച്ച വാക്കിന്റെ നിത്യയൗവനമാണ് പനച്ചൂരാന്‍ കവിതകള്‍. ഭൂമിയേയും ആകാശത്തെയും കവി നെഞ്ചോട് ചേര്‍ത്തുപിടിച്ചു. രക്തസാക്ഷിത്വത്തിന്റെ അനശ്വരതയെ വാഴ്ത്തിപാടി. പ്രകൃതിയുടെ ഭാവപകര്‍ച്ചകളെ സസൂക്ഷ്മം ഒപ്പിയെടുത്തു. പനച്ചൂരാന്റെ പാട്ടുകളുടെ പാനപാത്രം എന്നും നിറഞ്ഞു തുളുമ്പി നിന്നു. തലമുറകള്‍ക്ക് ഓര്‍ത്തു മൂളാവുന്ന ഒരുപിടി ചലച്ചിത്രഗാനങ്ങള്‍ ആ തൂലികയില്‍ വിസ്മയ പ്രവാഹമായി. ജീവിതത്തിന്റെ ഓരോ നിമിഷവും ഒരു പോരാളിയുടെ പിടച്ചിലോടെ നീറിച്ചു. പ്രിയപ്പെട്ട അനില്‍, ഞങ്ങളില്‍നിന്ന് അകന്നുപോയാലും നിങ്ങള്‍ കൊളുത്തിതന്ന പ്രത്യാശയുടെ പന്തങ്ങള്‍ ഞങ്ങള്‍ക്ക് നേര്‍വഴി കാട്ടുന്ന ഹൃദയചെരാതായി കത്തിനില്‍ക്കും. പ്രിയകവിയ്ക്ക് വിട...