അടയാളം നേരുന്നു, പുന്നെല്ലിൻ്റെയും പുസ്തകങ്ങളുടെയും പുതുമണമുള്ള സമത്വസുന്ദരമായ ഒരോണക്കാലം
August 21 , 2021
കേരളീയ നവോത്ഥാനത്തിന്റെ വിമോചനാത്മകവും ജനകീയവുമായ മൂല്യങ്ങളാണ് ഓണത്തെ ഒരു ദേശത്തിൻ്റെ മുഴുവൻ ഉത്സവമാക്കി ഉയർത്തിയത്. കീഴാളരുടെ ഉയിർത്തെഴുന്നേൽപ്പിൻ്റെ സാംസ്കാരിക മുദ്രകൾ ഓണാഘോഷത്തിൽ ആഴത്തിൽ പതിഞ്ഞുകിടക്കുന്നുണ്ട്. ആധുനിക ജനാധിപത്യ സംസ്കാരം സമൂഹത്തിൻ്റെ അടിവേരുകളോളം ചെന്നെത്തിയതുകൊണ്ടാണ് മുഴുവൻ മലയാളികൾക്കും ഓണം കൊണ്ടാടാൻ സാധ്യമായത്.
ഇന്ന്, ഓണം എല്ലാ കേരളീയരുടെയും ദേശീയോത്സവമാണ്. മനുഷ്യരെല്ലാം ഒന്നാണെന്ന ആദർശം പൊരുതി നേടേണ്ടതിൻ്റെ പ്രസക്തി ഓണം നമ്മോടു പറയുന്നു. സ്വപ്നങ്ങളിൽ മാത്രം കാണുന്ന മാവേലിക്കാലം യാഥാർഥ്യമാക്കാൻ നമുക്ക് ശ്രമിക്കാം. നമ്മളെല്ലാം ഒരൊറ്റക്കൂട്ടമായി ഓണം ആഘോഷിക്കുമ്പോൾ, അസഹിഷ്ണുതയുടെയും സങ്കുചിതത്വത്തിൻ്റെയും ഭയത്തിൻ്റെയും അതിർവരമ്പുകൾ മാഞ്ഞുപോകുന്നു. അതെ, ഓണം മലയാളിയെ മനുഷ്യപറ്റുള്ളവരാക്കുന്നു.
കലകളും സാഹിത്യവും ജനകീയമായതിൻ്റെ സാക്ഷാത്കാരം കൂടിയാണ് ഓണം. അക്ഷരസ്നേഹത്തിൻ്റെ പ്രബുദ്ധതയോടെ, അടയാളം എല്ലാ മലയാളികൾക്കും നേരുന്നു, പുന്നെല്ലിൻ്റെയും പുസ്തകങ്ങളുടെയും പുതുമണമുള്ള സമത്വസുന്ദരമായ ഒരോണക്കാലം.