2018 ലെ എഴുത്തച്ഛൻ പുരസ്കാരം മയ്യഴിയുടെ കഥാകാരന്
November 01 , 2018
മയ്യഴിയുടെയും അൽഫോൻസച്ചന്റെയും ദൽഹിയുടെയും കഥ പറഞ്ഞ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം മുകുന്ദന് ഭാഷാപിതാവിന്റെ പേരിലുള്ള സംസ്ഥാന പുരസ്കാരം.. ഭാവനയുടെയും യാഥാർത്ഥ്യങ്ങളുടെയും അനുഭൂതിസാന്ദ്രമായ ഭാവപ്പകർച്ചകളെ മലയാള വായനക്ക് പരിചയപ്പെടുത്തിയ മുകുന്ദന് എഴുത്തച്ഛൻ പുരസ്കാരം ലഭിക്കുമ്പോൾ അത് ചോയിയുടെ കുടവരെയുള്ള മുകുന്ദന്റെ കഥാലോകത്തിനുള്ള അംഗീകാരം കൂടിയാണ്... അരനൂറ്റാണ്ടു നിറഞ്ഞു നിന്ന എഴുത്തു ജീവിതത്തിൽ ഭാഷയുടെയും അനുഭവങ്ങളുടെയും പുതിയ വഴികളിലൂടെ മലയാളികളെ കൈപിടിച്ചു നടത്തിയ എഴുത്തുകാരനാണദ്ദേഹം. കേന്ദ്ര–കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, എം.പി. പോൾ, മുട്ടത്ത് വർക്കി, വയലാർ പുരസ്കാരങ്ങൾക്കു പുറമേ കലയ്ക്കും സാഹിത്യത്തിനും ഫ്രഞ്ചു സർക്കാർ നൽകുന്ന പുരസ്കാരമായ ‘ഷെവലിയർ’ പുരസ്കാരവും നേടിയിട്ടുണ്ട്. മാഹിയിലാണ് താമസം.
ദൈവത്തിന്റെ വികൃതികൾ, മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, നൃത്തം, കേശവന്റെ വിലാപങ്ങൾ, ഈ ലോകം അതിലൊരു മനുഷ്യൻ, പ്രവാസം, ഡെൽഹി, ആവിലായിലെ സൂര്യോദയം, ആദിത്യനും രാധയും മറ്റു ചിലരും, ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു, മുകുന്ദന്റെ കഥകൾ തുടങ്ങി നിരവധി പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. ഇവയിൽ പലതും വിവിധ ഭാഷകളിലേക്ക് തർജമ ചെയ്തിട്ടുണ്ട്.
എഴുത്തച്ഛൻ പുരസ്ക്കാരം ലഭിച്ച എം. മുകുന്ദന് അടയാളത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...