ദൃശ്യകലയിലെ പെരുന്തച്ചന് വിട...
December 24 , 2021
വളരെ വേണ്ടപ്പെട്ട ആരുടെയോ വീട്ടിലേയ്ക്ക് വിരുന്ന് പോകുന്ന ആഹ്ളാദത്തോടെയും അഭിമാനത്തോടെയുമാണ് അറുപതുകളിലെയും എഴുപതുകളിലെയും സിനിമാകാണികൾ കൊട്ടകകളിലേക്ക് പോയിരുന്നത്. അവിടെ അഭ്രപാളിയിൽ സ്വന്തം കുടുംബാംഗങ്ങളെപോലുള്ള കഥാപാത്രങ്ങൾ അവരെ കാണാൻ കാത്തുനിന്നിരുന്നു. വീട് എന്ന അനുഭവത്തെ സിനിമയുടെ മുഖ്യഇടങ്ങളിൽ സ്ഥാപിച്ചെടുത്ത അന്നത്തെ സിനിമകളുടെ ശില്പതന്ത്രം കെ. എസ്. സേതുമാധവനിൽ തുടങ്ങുന്നു. ദൃശ്യകലയിലെ ആ പെരുന്തച്ചൻ മലയാളികളെ പലതും മറക്കാനും പലതും ഓർമ്മിപ്പിക്കുവാനും പരിശീലിപ്പിച്ചു. കെ. എസ്. സേതുമാധവൻ വിട പറയുമ്പോൾ കുടുംബ സംസ്കാരത്തെ ഏതിലും മീതെ ഉയർത്തിപ്പിടിച്ച് തലമുറകളോട് സംവദിച്ച മഹാപ്രതിഭയാണ് മാഞ്ഞുപോകുന്നത്. ജോൺ പോൾ എഴുതി അടയാളം പ്രസിദ്ധീകരിച്ച മായാ സ്‌മൃതി എന്ന പുസ്തകത്തിൽ "തൊണ്ണൂറ്റിനാലിലും യൗവനം" എന്ന മനോഹരമായ ഓർമക്കുറിപ്പ് കെ. എസ്. സേതുമാധവനെന്ന ചലച്ചിത്രകാരനെ അനാവരണം ചെയ്യുന്നു.