പ്രമുഖ വിവര്‍ത്തകന്‍ കെ പി ബാലചന്ദ്രന്‍ അന്തരിച്ചു
December 28 , 2020
പരിഭാഷാകൃതികള്‍ മലയാള ഭാഷയ്ക്ക് നല്‍കിയ പുഷ്ടിയും പേശീബലവും ആധുനിക ചരിത്രത്തിന്റെ ഭാഗമാണ്. മറ്റു ദേശങ്ങള്‍, സംസ്കാരങ്ങള്‍, സാമൂഹിക വ്യവസ്ഥകള്‍, ജീവിത സാഹചര്യങ്ങള്‍ എല്ലാം പരിചയിക്കുക വഴി മലയാളി സ്വയം പുതുക്കി നിര്‍മ്മിച്ചുകൊണ്ടിരുന്നു. മലയാള സാഹിത്യത്തിന് ആത്മബലവും ഭാവനാശക്തിയും നല്‍കി എത്രയോ ലോകപ്രസിദ്ധ ക്ലാസ്സിക്കുകള്‍ നമുക്ക് സ്വന്തമായി. പരിഭാഷാ സാഹിത്യത്തിന്റെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് സര്‍ഗാത്മക സിദ്ധിയുള്ള എത്രയോ പരിഭാഷകര്‍ നമുക്കുണ്ട്. അക്കൂട്ടത്തില്‍ പ്രബുദ്ധമായ പുസ്തകങ്ങളുടെ ഒരു നീണ്ട നിര മലയാളത്തില്‍ അവതരിപ്പിച്ച പ്രതിഭാശാലിയായ പരിഭാഷകനാണ് കെ. പി. ബാലചന്ദ്രന്‍.
വ്യാസഭാരതം പരിഭാഷപ്പെടുത്തി മഹാവിസ്മയം സൃഷ്‌ടിച്ച വിദ്വാന്‍ പി പ്രകാശത്തിന്റെ മകന്‍, പരിഭാഷയെ ജീവിത വ്രതമായി സ്വീകരിച്ചത് മലയാളത്തിന് ധന്യതയായി. ഷെര്‍ലക് ഹോംസ് സാഹിത്യത്തെ മലയാളി മനസ്സില്‍ കുടിയിരുത്തിയത് ബാലചന്ദ്രന്‍ സാറാണ്. മുഗള്‍ ചരിത്ര കാലഘട്ടത്തെ ആഴത്തില്‍ അനുഭവിപ്പിക്കുന്ന അദ്ദേഹത്തിന്റെ ചരിത്രഗ്രന്ഥങ്ങള്‍ വായനകാര്‍ക്ക് വഴികാട്ടുന്ന മികച്ച പാഠപുസ്തകങ്ങളാണ്. അടയാളത്തിന് വേണ്ടി ജെയ്ന്‍ ഓസ്റ്റിന്റെ പ്രൈഡ് ആന്‍ഡ് പ്രിജുഡിസ് എന്ന ക്ലാസ്സിക് നോവല്‍ പരിഭാഷപ്പെടുത്തി നല്‍കിയത്, അച്ചടി പൂര്‍ത്തിയാകാനിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം. ഓര്‍മ്മകളുടെ താഴ്‌വരയിൽ ഒരു കനല്‍പ്പൂക്കൂടി വിരിയുകയാണ്. ബാലചന്ദ്രന്‍ സാറിന്റെ സ്മരണയെ അടയാളം അഭിമാനത്തോടെ നെഞ്ചേറ്റുന്നു.
അടയാളത്തിന്റെ ഉദ്ഘാടന മുഹൂര്‍ത്തത്തില്‍ ഭദ്രദീപം കൊളുത്തി അനുഗ്രഹിക്കാന്‍ വന്നെത്തിയ അദ്ദേഹത്തിന്റെ സ്നേഹവാത്സല്യം കഴിഞ്ഞ ഒരാഴ്ച മുമ്പുവരെ ടെലഫോണ്‍ സംഭാഷണത്തിലൂടെ തുടര്‍ന്നു. നന്മയും സ്നേഹവും സത്യവും സൗന്ദര്യവും ഊട്ടിയുറപ്പിക്കുന്ന ആ വാക്കുകള്‍ക്ക് വേണ്ടി അടയാളം എപ്പോഴും കാതോര്‍ക്കുന്നു...