'കുറിഞ്ഞികൾ കഥപറയുന്നു' എന്ന പുസ്തകത്തിന് മികച്ച ശാസ്ത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം
January 05 , 2021
പുരസ്കാരങ്ങൾ ഏതൊരാളുടേയും എഴുത്തുജീവിതത്തിനുള്ള സഫലമായ അംഗീകാരങ്ങളാണ്. അവ, വായനക്കാരുടെ ശ്രദ്ധയും പരിഗണനയും കൃതിയിലേക്ക് ഉൾച്ചേർക്കുന്നു. പ്രസാധകർക്ക് പുരസ്കാരലബ്ധി ആഹ്‌ളാദത്തിന്റെ സംമോഹനമായ മുഹൂർത്തമായിരിക്കും. മഹത്തായ എന്തും ജനങ്ങളാൽ വിധിക്കപ്പെടാതെയും വിലയിരുത്തപ്പെടാതെയും ഇരിക്കുന്നില്ല. സമീപകാലത്ത് അടയാളത്തിന്റെ രണ്ട് പുസ്തകങ്ങൾ സഹൃദയ ലോകത്താൽ സമാദരിക്കപ്പെട്ടു. ഏറെ അഭിമാനവും ചാരിതാർഥ്യവുമുണ്ട് അടയാളത്തിന്.
'കുറിഞ്ഞികൾ കഥപറയുന്നു' എന്ന പുസ്തകത്തിന് ഡോ. ടി. ആർ. ജയകുമാരിക്കും ആർ. വിനോദ് കുമാറിനും സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മികച്ച ശാസ്ത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം തേടിവന്നു. അടയാളം പരിചയപ്പെടുത്തിയ പുതുതലമുറയിലെ എഴുത്തുകാരിയായ റെജിലയുടെ ആദ്യ കവിതാസമാഹാരം 'ഖമർ പാടുകയാണ്' എന്ന കൃതി മാധവിക്കുട്ടിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള നീർമാതള പുരസ്കാരം നേടി. മൂന്നുപേർക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ.
പുതുവത്സരത്തിൽ എഴുത്തിന്റേയും വായനയുടെയും ചഷകങ്ങൾ നിറഞ്ഞുതന്നെ ഇരിക്കട്ടെ. പുസ്തകപ്രേമം നമ്മെ കൂടുതൽ നല്ല മനുഷ്യരാക്കട്ടെ.