പരിണീത, ബൊബോക്ക്, ബോള്‍ ഡി സൂയിഫ് എന്നീ മൂന്ന് വിശിഷ്ട ഗ്രന്ഥങ്ങളുടെ പ്രകാശനം
February 12 , 2020
കാലഘട്ടത്തെ സ്വന്തം സത്തയുടെ സാന്നിധ്യംകൊണ്ട് അടയാളപ്പെടുത്തിയ ജ്ഞാനയോഗികളും മഹാപ്രതിഭകളുമായവരുടെ ക്രിയാത്മകധാരയിലേക്ക് സ്വയം ഇഴചേര്‍ന്നുകൊണ്ട് ആ മുത്തുകള്‍ മലയാള ഭാഷയ്ക്ക്, മലയാളികള്‍ക്ക് പരിചിതമാക്കിത്തരികയെന്ന ശ്രേഷ്ഠമായ കര്‍മ്മമാണ് ഈ പരിഭാഷകളിലൂടെ രാജന്‍ തുവ്വാര നിര്‍വഹിച്ചിരിക്കുന്നതെന്ന് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജോണ്‍പോള്‍ അഭിപ്രായപ്പെട്ടു. രാജന്‍ തുവ്വാര മൊഴിമാറ്റം നിര്‍വഹിച്ച ശരത്ചന്ദ്ര ചാറ്റര്‍ജിയുടെ പരിണീത, ദസ്തയോവ്‌സ്‌കിയുടെ ബൊബോക്ക്, മോപ്പസാങ്ങിന്റെ ബോള്‍ ഡി സൂയിഫ് എന്നിവയുടെ പ്രകാശനം കൃതി പുസ്തകോത്സവത്തില്‍ വച്ച് നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കവിയും വിവര്‍ത്തകനുമായ വേണു വി. ദേശം പുസ്തകങ്ങൾ ഏറ്റുവാങ്ങി. അടയാളം പബ്ലിക്കേഷന്‍ ഡയറക്ടര്‍ സ്‌നേഹലത ടി. ബി. അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വിവര്‍ത്തകനായ എം. ജി. സുരേഷ് ആശംസകള്‍ നേര്‍ന്നു. മാനേജിംഗ് ഡയറക്ടര്‍ വിബിന്‍ രവികുമാര്‍ സ്വാഗതവും ശ്രീജിത്ത് ഇതൾ നന്ദിയും പറഞ്ഞു.