നിലാവുകൊണ്ടു മേഞ്ഞ വീട് പുസ്തക പ്രകാശനം
December 27 , 2018
അടയാളം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച സി. രാജഗോപാലന്റെ നിലാവുകൊണ്ടു മേഞ്ഞ വീട് എന്ന പുസ്തകം പ്രശസ്ത സാഹിത്യകാരനും സിനിമാ നടനും കലാ സാംസ്‌കാരിക പ്രവർത്തകനുമായ വി.കെ.ശ്രീരാമൻ, പ്രശസ്ത പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തകയായ ദയാഭായിക്കു നല്കിക്കൊണ്ട് പ്രകാശനം നിർവ്വഹിച്ചു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ മുൻനിര പ്രവർത്തകനും സാംസ്കാരിക സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത പി.ടി. ഭാസ്‌കരപ്പണിക്കർ, പരിസ്ഥിതി മുന്നേറ്റങ്ങളുടെ അമരക്കാരനും ആദ്യകാല സംഘാടകനും അധ്യാപകനുമായിരുന്ന ഇന്ത്യനൂർ ഗോപി എന്നിവരുടെ അനുസ്മരണാർത്ഥം പാലക്കാട് ജില്ലയിലെ ചെർപ്‌ളശ്ശേരിക്കു സമീപം അടക്കാപുത്തൂരിൽ നടന്ന ‘നാട്ടുവിചാരം–2018’ ദ്വിദിന സമ്മേളന വേദിയിലായിരുന്നു പ്രകാശനം.
ടി. ജി. നിരഞ്ജൻ പുസ്തകത്തെയും രചയിതാവിനെയും ആമുഖഭാഷണത്തിൽ പരിചയപ്പെടുത്തി. പരിസ്ഥിതി പ്രവർത്തകരായ ഹരീഷ് വാസുദേവൻ, ഡോ. ഇ. ഉണ്ണിക്കൃഷ്ണൻ, പരിസ്ഥിതിസംഘടനായ സീക്കിന്റെ സെക്രട്ടറിയും ജീവശാസ്ത്രഗവേഷകനുമായ വി.സി. ബാലകൃഷ്ണൻ, തൃശൂർ ഡയറ്റ് സീനിയർ ലക്ചററായ ഡോ. പ്രമോദ്, അതിരപ്പിള്ളി സമര നേതാവ് എസ്.പി. രവി, ഹരിത കേരള മിഷൻ കോ–ഓർഡിനേറ്റർ വൈ. കല്യാണ കൃഷ്ണൻ, കേരളത്തിലെ ആദ്യ വനിതാ ആന പരിപാലകയായ നിഭ നമ്പൂതിരി, കേന്ദ്രസംഗീത നാടക അക്കാദമി അവാർഡ് ജേതാവായ ശ്രീജ ആറങ്ങോട്ടുകര തുടങ്ങി പരിസ്ഥിതി സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പേർ ചടങ്ങില്‍ പങ്കെടുത്തു.