ഖമർ പാടുകയാണ് പുസ്തക പ്രകാശനം
January 20 , 2019
അടയാളം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച റെജില ഷെറിന്റെ ഖമർ പാടുകയാണ് എന്ന കവിതാസമാഹാരം ഇരിങ്ങാലക്കുടയിലെ എഴുത്തുകാരുടെ കൂട്ടായ്മയായ സംഗമ സാഹിതിയുടെ ആഭിമുഖ്യത്തോടെ തൃശൂർ കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസ്സിൽ പ്രകാശനം ചെയ്തു.
വയലാർ അവാർഡ് ജേതാവ് കെ.വി. മോഹൻകുമാർ പ്രശസ്ത സൂഫി സാഹിത്യകാരനായ ഇ.എം. ഹാഷിമിനു നൽകിയാണ് പ്രകാശനം നിർവഹിച്ചത്. അടയാളം പബ്ലിക്കേഷൻ ഡയറക്ടർ സ്‌നേഹലത സ്വാഗതം ആശംസിച്ചു. പ്രൊഫ. സാവിത്രി ലക്ഷ്മണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കഥാകൃത്ത് രാജേഷ് തെക്കിനിയേടത്ത് പുസ്തക പരിചയം നടത്തി. അഡ്വ. തോമസ് ഉണ്ണിയാടൻ, ഉല്ലാസ് കളക്കാട്ട്, ജോജി പോൾ, സിസ്റ്റർ റോസ് ആന്റോ, സനോജ് രാഘവൻ, ഖാദർ പട്ടേപ്പാടം, പ്രതാപ് സിംഗ് തുടങ്ങിയവർ ആശംസകൾ നേർന്നു. ഇതോടനുബന്ധിച്ച് നടത്തിയ കവിയരങ്ങിൽ പി.എൻ. സുനിൽ, അരുൺ ഗാന്ധിഗ്രാം, കൃഷ്ണകുമാർ മാപ്രാണം എന്നിവർ പങ്കെടുത്തു. ഡെപ്യൂട്ടി തഹസിൽദാർ സിമീഷ് സാഹു മോഡറേറ്ററായി. റൗഫ് കരൂപ്പടന്ന നന്ദിയും പറഞ്ഞു. തുടർന്ന് മനോജ് കുമാറിന്റെ വീണക്കച്ചേരിയും അരങ്ങേറി.