ലോകത്തിലെ ആദ്യ സംസ്കൃത തിരക്കഥാ പുസ്തകം. നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ വിനോദ് മങ്കരയുടെ പ്രിയമാനസം എന്ന സംസ്കൃത സിനിമയുടെ തിരക്കഥ പുസ്തകരൂപത്തിൽ. നളചരിതകാരനായ ഉണ്ണായിവാര്യരുടെ ജീവിത കഥ പ്രതിപാദിക്കുന്ന ഈ തിരക്കഥയുടെ സ്വതന്ത്രമായ മലയാള രൂപവും ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു. പുസ്തകത്തിന്റെ ഒരു ഭാഗത്തുനിന്ന് സംസ്കൃതവും മറുഭാഗത്തുനിന്ന് മലയാളവും പ്രിയമാനസത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു.
✪ Format: Paperback | Pages: 160
✪ Size: Demy 1/8 | 215 g
✪ Edition: First, 2018 March
✪ Cover design: Rajesh Chalode
5
ഉൾപിടച്ചിലുകളുടെ പുസ്തകം...
സംസ്കൃതത്തിലെ ആദ്യ തിരക്കഥാ പുസ്തകമായ അടയാളം പ്രസിദ്ധീകരിച്ച വിനോദ് മങ്കരയുടെ പ്രിയമാനസത്തെ കുറിച്ച് Rintuja John മലയാള മനോരമ ഓണ്‍ലൈനില്‍ പങ്കുവച്ച കാവ്യാത്മകമായ ആസ്വാദന കുറിപ്പ്
Read more at: https://www.manoramaonline.com/literature/bookreview/2018/08/01/priyamanasam-vinod-mankara.html
WebMaster
02 Aug , 2018
5
എഡിറ്റോറിയൽ
സംസ്‌കൃത ഭാഷയിലെ മൂന്നാമത്തെ ചലച്ചിത്രമാണ് പ്രിയമാനസം. നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ അതിന്റെ ശില്പികൾ മലയാളികളാണെന്നത് അഭിമാനകരമായ കാര്യമാണ്. നളചരിതം എന്ന ഒരൊറ്റ ആട്ടക്കഥയിലൂടെ മലയാള സാഹിത്യ ചരിത്രത്തിലും കഥകളിലോകത്തും ഒരുപോലെ ലബ്ധപ്രതിഷ്ഠിതനായ ഉണ്ണായി വാര്യരുടെ ജീവിതമാണ് ഈ സിനിമയുടെ ഇതിവൃത്തമെന്നത് ഏറെ പ്രധാനമാണ്. ഏതൊരു എഴുത്തുകാരന്റെയും ക്ലാസിക് എന്നുപറയാവുന്ന രചനകൾ അയാളുടെ ജീവിതമുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്നുവെന്ന് പറയാറുണ്ട്. നളചരിതം ആട്ടക്കഥ ഉണ്ണായിയുടെ തന്നെ ആത്മാവിഷ്‌കാരമായിരുന്നോ, ദുരന്തപര്യവസായിയായ പ്രണയാനുഭവങ്ങളുടെ തീക്കനൽ ചവിട്ടിയാണോ ഈ ആട്ടക്കഥയിലേക്ക് ഉണ്ണായി ചുവടുവെച്ചത് എന്നൊക്കെയുള്ള തീർത്തും സർഗ്ഗാത്മകമായ അനുധ്യാനവും അന്വേഷണവുമായിരിക്കണം വിനോദ് മങ്കരയെ ഇങ്ങനെയൊരു ആവിഷ്‌കാരത്തിന് പ്രേരിപ്പിച്ചിരിക്കുക. ആദ്യമായിട്ടാണ് ഒരു സംസ്‌കൃതം തിരക്കഥ പ്രസിദ്ധീകരിക്കപ്പെടുന്നത്. സംസ്‌കൃതഭാഷാപരിജ്ഞാനമില്ലാത്ത സിനിമാപ്രേമികൾക്കും മലയാളം മാത്രം വശമുള്ള സാഹിത്യകുതുകികൾക്കും വേണ്ടി ഇതിന്റെ മലയാള ഭാഷാന്തരവും ഇവിടെ വായിക്കാം. കേവലം ഒരു തിരക്കഥയുടെ സാങ്കേതികത്വത്തിനകത്തല്ല ഇതിന്റെ വായന ഒതുങ്ങിനിൽക്കുന്നത്. അത് കഥാപാത്രങ്ങളുടെ മനോവിചാരങ്ങളുടെ ആഴക്കാഴ്ചകളുടെ ആഖ്യാനം കൂടിയായ ഒരു നോവൽ വാങ്മയത്തിന്റെ സ്വതന്ത്രഘടന കൂടി സായത്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതൊരു നല്ല വായനാനുഭവയമായിത്തീരുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. മലയാളി ഒരിക്കലും മറന്നുകൂടാത്ത ആ കവിയശസ്വിയുടെ ഓർമ്മകൾക്കുമുന്നിലുള്ള അടയാളം പബ്ലിക്കേഷന്റെ ഒരു സ്‌നേഹാഞ്ജലി കൂടിയായിട്ടാണ് ഞങ്ങൾ ഈ പുസ്തകം അവതരിപ്പിക്കുന്നത്.
Editorial
14 Jan , 2019
5
സുധീർ പറൂര്
തിരക്കഥകൾ കാണാനുള്ളതാണ് എന്നാണ് പറയുക. എന്നാൽ പ്രിയമാനസം എന്ന സംസ്കൃത തിരക്കഥ വായിക്കാനുള്ളത് കൂടിയാണ്. കവി തന്നെ കഥാപാത്രങ്ങളാകുമ്പോൾ സംഭാഷണങ്ങൾ കവിതകളായി മാറുന്നു പ്രിയമാനസത്തിൽ. ഉണ്ണായിവാര്യരുടെ ആത്മകഥ തന്നെയാണ് നളചരിതം എന്ന് വായനക്കാരൻ ഇത് വായിക്കുമ്പോൾ ചിന്തിക്കാതിരിക്കില്ല. ഭൈമിയും ഹoസവും ബാഹുകനുമൊക്കെയായി രൂപപരിണാമം സംഭവിക്കുന്ന കവിയുടെ ജീവിതം എന്ന ആട്ടക്കഥയിൽ തങ്കവും വിശാലവും ചേർക്കുന്ന മിനുക്കുവേഷങ്ങൾ - അക്ഷഹൃദയമന്ത്രം പഠിച്ച് കലിയെ ഛർദ്ദിപ്പിക്കുവാൻ കഴിയാതെ തിരിച്ചറിയുന്നതെങ്ങനെ? "ജീവതം കിഞ്ചിത് മഹാ സ്വപ്ന: ഏവ.സ്വപ്നാ: പൂർണതയാ ന- വിശ്വാസയോഗ്യാ: - സ്വപ്നോപി ഏതത് ന ഇച്ഛതി." സ്വപ്നങ്ങൾക്ക് പൂർണത വേണമെന്ന് ഈ സ്വപ്നങ്ങൾ പോലും ആഗ്രഹിക്കുന്നില്ല. ജീവിതം ഒരു മഹാസ്വപ്നമാണ്. സരസ്വതി കവിയോട് പറയുന്നതാണിത്. സംഭാഷണങ്ങൾ കവിതകളാണ് ഈ കൃതിയിൽ. ഒരു ഭാഗത്ത് സംസ്കൃതവും മറുഭാഗത്ത് മലയാള വിവർത്തനവും ചേർത്ത് രാജേഷ് ചാലോടിന്റെ വശ്യമായ മുഖചിത്രത്തിൽ അടയാളം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച വിനോദ് മങ്കരയുടെ പ്രിയമാനസം അനിർവചനീയമായ വായനാസുഖം നൽകുന്നു. രൗദ്ര കാമങ്ങളുടെ കലി ബാധിച്ചവന് കാർക്കോടക ദംശനം താല്കാലിക രക്ഷയാണെങ്കിലും സൗന്ദര്യത്തിൽ നിന്ന് വൈരൂപ്യത്തിലേയ്ക്കുള്ള കൂടുമാറ്റം സഹിക്കാൻ കഴിയാത്ത ബാഹുക ജൻമങ്ങളുടെ ദുഃഖവും ദുരന്തവും പേറി നളചരിതത്തിൽ അലിഞ്ഞു തീരുന്ന ഉണ്ണായിവാര്യരുടെ ഹൃദയം തുറന്നു വച്ച കൃതിയാണിത്. ഇത്രയും നല്ല ഒരു വായനാനുഭവം തന്നതിന് ഗ്രന്ഥകർത്താവിൻ്റെ തൂലികയെ പ്രണമിക്കുന്നു. ഇത്രയും മഹത്തായ രീതിയിൽ ഈ കൃതി അവതരിപ്പിച്ച അടയാളത്തിന് അഭിനന്ദനങ്ങൾ. ഉണ്ണായി വാര്യരേയും നളചരിതത്തേയും സ്നേഹിക്കുന്ന എല്ലാവരും ഇത് വായിച്ചിരിക്കേണ്ടതാണെന്ന് ഓർമ്മിപ്പിക്കട്ടെ. (സുധീർ പറൂര് തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ആസ്വാദന കുറിപ്പിൽനിന്ന്, (പൂർണ്ണരൂപം https://bit.ly/2Lb3xsE എന്ന ലിങ്കിൽ വായിക്കാം)
Reviews
09 Dec , 2018
5
പുസ്തകാവലോകനം
ആട്ടക്കഥാ സാഹിത്യത്തിൽ എന്തുകൊണ്ടും പ്രഥമസ്ഥാനത്തിന് അർഹമായ കൃതി എന്ന് നിരൂപകർ വാഴ്ത്തുന്ന കൃതിയാണ് ഉണ്ണായിവാരിയരുടെ നളചരിതം. ആട്ടക്കഥയുടെ രചനാനിമിഷങ്ങളിൽ ഉണ്ണായി വാര്യർ അനുഭവിച്ച ആന്തരസംഘർഷങ്ങളെ പ്രമേയമാക്കി 'വിനോദ് മങ്കര' രചിച്ച ഒന്നരമണിക്കൂർ ദൈർഘ്യമുള്ള സംസ്കൃത ചലച്ചിത്രത്തിന്റെ കാവ്യാത്മകവും ഭാവനാസമ്പന്നവുമായ തിരക്കഥാ രൂപമാണ് പ്രിയമാനസo. പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഉണ്ണായിയെക്കുറിച്ച് വളരെക്കുറച്ച് വിവരങ്ങളേ നമുക്കുള്ളൂ. നളചരിതം പന്തലിച്ചുനിൽക്കുമ്പോഴും അതിന്റെ രചയിതാവ് കളിവിളക്കിന്റെ നാളമെത്താത്ത ഏതോദൂരത്ത് മറഞ്ഞുനിൽക്കുകയാണ് ഇന്നും. ഇരിങ്ങാലക്കുടയിൽനിന്ന് തിരുവനന്തപുരത്ത് കൊട്ടാരത്തിലെത്തിയ ഉണ്ണായിവാര്യർ, മാർത്താണ്ഡവർമയുടെ നിർദേശപ്രകാരമാണ് ആട്ടക്കഥ എഴുതുന്നത്. കലാകേരളത്തിന്റെ ആസ്വാദന മണ്ഢലത്തിൽ നളചരിതം പടർന്നു നിൽക്കുമ്പോഴും കളിവിളക്കിന്റെ നാളമേൽക്കാത്ത ഇരുട്ടിലേക്ക് നളചരിതകാരൻ നാരായമുപേഷിച്ച് പോയതെന്തിനാണെന്ന് ചോദിക്കാതെ പോയ ആ ചോദ്യത്തെ ആവാഹിച്ചു വരുത്തുവാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പ്രിയമാനസമെന്ന ചിത്രമെന്ന് രചിയിതാവ് ഓർമ്മപ്പെടുത്തുന്നു. ആട്ടക്കഥയുടെ വ്യാകരണങ്ങളൊന്നുമറിയാത്ത ഉണ്ണായി നളചരിതമെന്ന കാവ്യം എഴുതിയതിനു പിന്നിൽ, ജീവിതം സമ്മാനിച്ച സൗഭാഗ്യ-നൈരാശ്യങ്ങളായിരുന്നു എന്ന് നോക്കി കാണും വിധമാണ് രചിയിതാവ് ഈ കൃതി രചിച്ചിരിക്കുന്നത്. ഇന്നലെയുടെ ജനലഴിയിലൂടെ ഓർമ്മകളിലേയ്ക്കുള്ള തിരനോട്ടത്തിൽ കണ്ട പ്രണയിനിയിയുടെ വിടപറയൽ അയാൾ രചനാവേളയിലെ ഇന്നിലേക്ക് തട്ടിച്ചു നോക്കി സ്വയമൊരു ഉന്മാദിയായ അവസ്ഥയിൽ തന്റെ പ്രശസ്ത രചന നിർവഹിക്കുകയാണ് ഉണ്ണായി. ഇരിങ്ങാലക്കുടയിലെ പ്രണയിനി അയാളെ ഉപേക്ഷിച്ചു പോയത് യാതൊരു ഗത്യന്തരമില്ലാതെയാണെന്ന് അയാൾക്ക് നന്നായി അറിയാമെങ്കിലും രചനയിൽ അയാളവളെ ചിത്രീകരിക്കുന്നത് നളനെന്ന പുരുഷൻ ദമയന്തിയെ ഉപേക്ഷിക്കുന്നതായാണ്. അങ്ങനെ നോക്കി കാണുമ്പോൾ സ്വന്തം ജീവിതത്തെ തന്നെ ഉണ്ണായി മഹാഭാരതത്തിലെ നളോപോഖ്യാനം എന്നിയിടത്ത് പ്രതിഷ്ഠിച്ച് സ്വന്തം ജീവിതം ആലേഖനം ചെയ്യിരിക്കുന്നു. അങ്ങിനെ നളചരിതം ആട്ടക്കഥയോടൊപ്പം നളചരിതം ആത്മകഥകൂടിയായി പ്രിയമാനസം മാറുന്നു. ഇരിങ്ങാലക്കുടയിൽ നിന്നും തിരുവിതാംകൂറിലേക്കുള്ള ലക്ഷ്യമില്ലാതെയുള്ള അലച്ചിലിനെ ദമയന്തീ ഉപേക്ഷയ്ക്കു ശേഷമുള്ള പ്രവാസമായും കാണുകയാണ് തിരക്കഥാകൃത്ത്. എഴുത്തുമുറിയിൽ ഉണ്ണായി തന്റെ തന്നെ സ്വത്വത്തെ എല്ലാ കഥാപാത്രങ്ങൾക്കും വീതിച്ചു നൽകിയിരിക്കുന്നു. സ്വന്തം ആത്മകഥനങ്ങളെ കഥാപാത്രങ്ങളുമായി കൂടി ചേർന്ന് പങ്കുവയ്ക്കുക കൂടി ചെയ്യുന്നുണ്ട് ചലച്ചിത്രത്തിൽ ഉണ്ണായി. കാവ്യാത്മകമായ ഭാവനയോടെ വായിക്കാൻ കഴിയുന്ന മനോഹരമായ രചനയാണ് സംസ്കൃത ചലചിത്രത്തിന്റെ തിരക്കഥയായ പ്രിയമാനസം. ഒരു പുറത്ത് സംസ്കൃതത്തിലും മറുഭാഗത്ത് മലയാളത്തിലുമായിട്ടാണ് ഈ പുസ്തകം അടയാളം പബ്ലിക്കേഷൻസ് ഇറക്കിയിരിക്കുന്നത്.
ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പൂർണ്ണരൂപം https://bit.ly/2FKJuC1 എന്ന ലിങ്കിൽ വായിക്കാം.
Pratheesh
28 Nov , 2018