തെരുവുമനുഷ്യർക്കായി ജീവിതം സമര്‍പ്പിച്ച മുരുകന്‍ എന്ന മനുഷ്യസ്‌നേഹിയുടെ അനുഭവങ്ങളാണ് ഈ പുസ്തകം. നിരാലംബര്‍ക്കും രോഗികള്‍ക്കും അശരണര്‍ക്കും ഇടയിലേക്ക് ഭക്ഷണമായും മരുന്നായും കാരുണ്യമായും സ്‌നേഹമായും കടന്നുചെന്ന, മുരുകന്റെ അനുഭവപാഠങ്ങള്‍ വലിയ സന്ദേശമാണ്. തെരുവോരങ്ങളിലേക്ക് മാറ്റിനിര്‍ത്തപ്പെട്ടവരുടെ ജീവിതത്തിന്റെ മൂല്യംകൂടിയാണ് മുരുകന്റെ അനുഭവങ്ങള്‍ കാണിച്ചുതരുന്നത്. ആര്‍ദ്രതയുടെയും നൊമ്പരങ്ങളുടെയും വേദനയുടെയും ചൂഷണങ്ങളുടെയും സമ്മിശ്രമായ അനുഭവലോകത്തിലൂടെ മുരുകന്‍ കൂട്ടിക്കൊണ്ടുപോകുന്നത് തീക്ഷ്ണമായ ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്കാണ്. അമ്മമാരെപോലും നടതള്ളുന്ന മക്കളുടെയും പിഞ്ചുകുട്ടികളെവരെ പിച്ചിച്ചീന്തുന്ന കാമവെറിയന്മാരുടെയും ലോകമാണിതെന്നും ഈ പുസ്തകം ചൂണ്ടിക്കാട്ടുന്നു. നമ്മുടെ മനസ്സാക്ഷിക്കുനേരെ തുറന്നുപിടിച്ച നേരനുഭവങ്ങളുടെ പുസ്തകമാണിത്.
✪ Format: Paperback | Pages: 120
✪ Size: Demy 1/8 | 150 g
✪ Edition: First, 2019 January
✪ Cover design: Rajesh Chalode
5
എഡിറ്റോറിയൽ
ഇടുക്കിയിലെ ഒരു മലയോര ഗ്രാമത്തിലെ പട്ടിണി മാറാല കെട്ടിയ വീട്ടിൽനിന്നുമാണ് മുരുകൻ കൊച്ചിയെന്ന മഹാനഗരത്തിലെത്തുന്നത്. പട്ടിണിയില്ലാത്ത ജീവിതം തേടിയെത്തിയ അവന് അഭയം നൽകിയത് അഴുക്കുനിറഞ്ഞ പേരണ്ടൂർ കനാലിന്റെ തീരത്തെ ആ കോളനിയായിരുന്നു. പിന്നെ അതായിത്തീർന്നു അവന്റെ ജീവിതവും എല്ലാം. എപ്പോഴോ ആ തെരുവുജീവിതത്തിനപ്പുറം മറ്റൊരു ലോകമുണ്ടെന്നും തങ്ങൾക്കുകൂടി അവകാശപ്പെട്ടതാണ് അതെന്നും അവൻ തിരിച്ചറിയുന്നു. നിറമുള്ള ആ സ്വപ്‌നങ്ങളിലേക്കുള്ള മുരുകന്റെ പലായനം, അവൻ കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും അവനെ തേടിയെത്തിയതുമായ നിരവധി തെരുവുമക്കളുടെ വീണ്ടെടുപ്പിന്റേതു കൂടിയായിരുന്നു. സ്വസ്ഥവും സമാധാനപൂർണവും മാന്യവുമായ ജീവിതം ആഗ്രഹിച്ച തെരുവുജീവിതങ്ങൾക്കു നേരെ മുരുകൻ പ്രതീക്ഷയുടെ കരങ്ങൾ നീട്ടി. വേദനിക്കുന്നവരും നിരാലംബരുമായ എത്രയോ പേർക്ക് അത് രക്ഷയും സമാശ്വാസവുമായി. ചിലർക്കതൊരു പുതുജീവിതത്തിന്റെ പുതുനാമ്പായിരുന്നു. അവർക്കെല്ലാം മുരുകൻ ഇപ്പോൾ ആരൊക്കെയോ ആണ്. തെരുവോരം മുരുകന്റെ കഥ, അദ്ഭുതങ്ങളുടെ അവിശ്വസനീയമായ കടുംചായമണിഞ്ഞതല്ല. ഇരുണ്ട ജീവിത യാഥാർത്ഥ്യങ്ങളിൽനിന്നും അതിജീവനത്തിന്റെ മറുലോകം തേടിയുള്ള ഒരു പച്ചയായ മനുഷ്യന്റെ ഉയിർത്തെഴുന്നേല്പിന്റേതാണ്. സമൂഹം വലിച്ചെറിയുന്ന അഴുക്കിൽ വളരുകയും ജീവിക്കുകയും ചെയ്യുന്ന, സമൂഹത്തിന്റെ ആർത്തിപൂണ്ട ചൂഷണങ്ങൾക്ക് ഇരയാകേണ്ടിവരുന്ന ഒരു ഇരുണ്ട ജനതയുടെ വെളിച്ചമായിത്തീർന്ന മുരുകന്റെ ജീവിതം ഒരു വലിയ പാഠമാണ്. ഏത് മഹദ്ഗ്രന്ഥങ്ങൾ നൽകുന്ന മൂല്യപാഠത്തേക്കാളും പ്രധാനമാണ് ഇത്തരം ജീവിതാനുഭവങ്ങളെന്ന് ഞങ്ങൾ കരുതുന്നു. കാരണം, ഈ പുസ്തകവും ഇതിലെ അനുഭവങ്ങളും സംവദിക്കുന്നത് നമ്മുടെ ഓരോരുത്തരുടെയും മനസ്സാക്ഷിയോടാണ്. ഋജുവും സത്യസന്ധവുമായ ആഖ്യാനത്തിലൂടെ മുരുകന്റെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ നമുക്കു മുന്നിൽ അവതരിപ്പിക്കുന്നത് എഴുത്തുകാരിയും യാത്രികയുമെല്ലാമായ രാജനന്ദിനിയാണ്.
Editorial
17 Jan , 2019
5
തെരുവിന്റെ വന്യസ്വാതന്ത്ര്യത്തിൽ
ആദ്യമായാണ് ഒരു ബുക്ക് വായിച്ചു അഭിപ്രായം എഴുതുന്നത്. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം ആണെന്ന് ആദ്യം തന്നെ പറഞ്ഞു കൊള്ളട്ടെ. രാജ മാം അയച്ച പുസ്തകം കൈയിൽ കിട്ടിയപ്പോഴും വായിച്ചു തുടങ്ങുമ്പോഴും ഒരു വ്യക്തിയുടെ ജീവിതവും അയാൾ സമൂഹത്തിൽ ചെയ്യുന്ന നന്മകളെയും പറ്റിയാവും എഴുതിയിരിക്കുന്നത് എന്നാണ് ആദ്യം കരുതിയത്. പക്ഷേ അല്ല !! "എന്റെ ജീവിതം" എന്ന തെരുവോരം മുരുകന്റെ ജീവിതാനുഭവങ്ങൾ രേഖപ്പെടുത്തിയ ഈ പുസ്തകം, സാമൂഹിക യാഥാർഥ്യത്തിലേക്കുള്ള ഒരു ചൂണ്ടു പലകയാണ്! ഒരുപാട് ചോദ്യങ്ങളുടെ ഉത്തരം മുരുകന്റെ വാക്കുകളിലൂടെയും എഴുത്തുകാരിയുടെ സർഗ്ഗവൈഭവത്തിലൂടെയും വരച്ചു കാട്ടുന്ന ഈ പുസ്തകം കാലത്തിന്റെ ആവശ്യമാണ്. ¶ യാത്രയിലാണ് വായിച്ചു തുടങ്ങിയത്. യാത്ര അവസാനിച്ചപ്പോൾ വായനയും പൂർണമായിരുന്നു. ഓരോ അദ്ധ്യായങ്ങളും വായിച്ചു താളുകൾ മറിക്കുമ്പോൾ മുരുകൻ എന്ന ദൈവദൂതനായ വ്യക്തിയുടെ ജീവിതത്തിനും അദ്ദേഹം താണ്ടിയ കനൽവഴികൾക്കുമൊക്കെയപ്പുറം, തെരുവിൽ എത്തപ്പെടുന്ന ഓരോ ജീവിതത്തിനു പിന്നിലും ഉള്ള് പൊള്ളിക്കുന്ന ഓരോ കാരണങ്ങളുണ്ട് എന്ന സത്യമാണ് രാജ നന്ദിനി എന്ന എഴുത്തുകാരി ഈ പുസ്തകത്തിലൂടെ മറയില്ലാതെ പറയുന്നത്. മുരുകൻ വെളിപ്പെടുത്തിയ പലരുടെയും അനുഭവങ്ങൾ വായിച്ചപ്പോൾ, ഇത് കഥയല്ലല്ലോ ഇത് പച്ചയായ ജീവിതത്തിന്റെ നേർക്കാഴ്ചയാണല്ലോ എന്ന തിരിച്ചറിവിൽ ആ യാത്രയിൽ, ഭക്ഷണം പോലും കഴിക്കാനാവാതെ പലപ്പോഴും മനസ്സ് പിടഞ്ഞു എന്നതാണ് വാസ്തവം. ¶ തെരുവ് എന്തെന്നും, എഴുത്തുകാരിയുടെ തന്നെ വാക്കുകൾ കടമെടുത്താൽ "തെരുവിന്റെ വന്യസ്വാതന്ത്ര്യത്തിൽ" തളയ്ക്കപ്പെട്ട ജന്മങ്ങളുടെ വിശപ്പടക്കാനും, നിലനിൽപ്പിനും വേണ്ടിയുള്ള നിലവിളികളും, അവരെങ്ങനെയാണ് അവിടെ എത്തിപെടുന്നതെന്നും തെറ്റും ശരിയും, ധാർമ്മികതയും അധാർമ്മികതയും തമ്മിലുള്ള നേരിയ നൂൽപ്പാലം അവർക്കെങ്ങനെ അന്യമാകുന്നുവെന്നും, എങ്ങനെയാണു ഓരോ പകലുകളും രാത്രികളും അവർ താണ്ടുന്നതെന്നും, മാന്യതയുടെ മുഖം മൂടി അണിഞ്ഞ പൊതു സമൂഹം അവരെ എങ്ങനെ കാണുന്നു എന്നും, അവരുടെ ആ അവസ്ഥയെ എത്ര തന്ത്രപരമായും ക്രൂരമായും ചൂഷണം ചെയ്യുന്നു എന്നും മാത്രമല്ല, സമൂഹം പുറം തിരിഞ്ഞു നടന്നകലുന്ന പല ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ ഈ പുസ്തകം വായിക്കുന്ന ഓരോത്തരുടേയും മനസാക്ഷിയെ തട്ടിയുണർത്തി എഴുത്തുകാരി വിളിച്ചു പറയുന്നു. ¶ ചാരിറ്റി എങ്ങനെ ബിസിനസ്സ് ആകുന്നു? തെരുവിന്റെ മക്കളെ ആരു മടിയന്മാരാക്കുന്നു? "രാഷ്ട്രീയ ഉദ്യോഗസ്ഥർ" അവരെമാത്രം എന്തിനു അവഗണിക്കുന്നു? ഈ ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ ഉത്തരങ്ങൾ മുരുകന് ഉണ്ട്. എങ്കിലും ഈ സമൂഹത്തിൽ, ഇന്നത്തെ സാമൂഹിക രാഷ്ട്രീയ ചുറ്റുപാടിൽ അതിനു യാതൊരു പ്രസക്തിയും ആരും കല്പിക്കുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. കാരണം അവർക്കെതിരെ ഉയരുന്ന ചെറു ശബ്ദത്തെപോലും അതി വിദഗ്ധമായി അടിച്ചമർത്താൻ കെൽപ്പുള്ളവരാകുമ്പോൾ ഒരല്പം പ്രതികരണ ശേഷിയുള്ള സമൂഹവും സാവധാനം നിസ്സംഗരായി മാറുന്നു. ഈ മനോഭാവം മാറണം. ¶ പൊതു സമൂഹത്തിൽ ഉൾപ്പെട്ട ഒരു വ്യക്തി എന്ന നിലയിൽ അവർക്കു വേണ്ടി നമുക്കും പലതും ചെയ്യാനാകും. തെരുവിൽ വഴിതെറ്റിയ ജന്മങ്ങൾക്കു വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞു വെച്ച മുരുകൻ എന്ന വലിയ മനുഷ്യന് അവർക്കു വേണ്ടി എന്ത് ചെയ്യാനാകും എന്ന ചോദ്യത്തിനും കൃത്യവും സുദൃഢവുമായ ഉത്തരം ഉണ്ട്. അതിനു അദ്ദേഹത്തിന് വേണ്ടത് പൊതു സമൂഹത്തിന്റെ ഒരു കൈത്താങ്ങാണ്. എന്ത്, എങ്ങനെ എന്ന് വായിച്ചു തന്നെ അറിയണം... തെരുവോരം മുരുകൻ എന്ന വലിയ മനുഷ്യനും, അദ്ദേഹത്തിന്റെ ഭാര്യ ഇന്ദുവിനും അവരുടെ പ്രവർത്തനങ്ങൾക്കും, സർവ്വോപരി മുരുകനും ഇന്ദുവിനും ഒപ്പം സമയം പങ്കിട്ടു അവരുടെ ജീവിതത്തിന്റെയും അനുഭവങ്ങളുടെയും തീക്ഷണത ഒരല്പം പോലും നഷ്ടപ്പെടാതെ യാഥാർഥ്യത്തോടെ വാക്കുകൾ കൊണ്ട് വരച്ചു കാട്ടി, സമൂഹത്തിനു മുന്നിൽ എത്തിച്ച പ്രീയപ്പെട്ട രാജ നന്ദിനി മാമിനും എന്റെ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും ???? (സോമി വത്സ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ആസ്വാദന കുറിപ്പിൽനിന്ന്, പൂർണ്ണരൂപം https://bit.ly/2yABopo എന്ന ലിങ്കിൽ വായിക്കാം)
WebMaster
05 Aug , 2019
5
സഹാനുഭൂതിയുടെ പുസ്തകം - സച്ചിദാനന്ദൻ
സമീപകാലത്ത് ഞാന്‍ ഒരിരിപ്പിനു വായിച്ചതീര്‍ത്ത ചുരുക്കം ചില പുസ്തകങ്ങളില്‍ ഒന്നാണ് ‘തെരുവോരം’ മുരുകന്റെ ജീവിതകഥ. അതിനു നാലു കാരണങ്ങളുണ്ട്: കേരളത്തിന്റെ അറിയപ്പെടാതെ പോകുന്ന, ടെലിവിഷന്‍ ചര്‍ച്ചകളിലോ രാഷ്ട്രീയ വിവാദങ്ങളിലോ പ്രത്യക്ഷപ്പെടാറില്ലാത്ത അനാഥജീവിതങ്ങളെ ഈ പുസ്തകം അടുത്തുപരിചയപ്പെടുത്തുന്നു. രണ്ടാമത്, ‘സാമാന്യബോധം’ പഴി ചാരുകയും മാറ്റി നിര്‍ത്തുകയും ചെയ്യുന്ന അനാഥവൃദ്ധരുടെയും യാചിച്ചും ചെറിയ ജോലികള്‍ ചെയ്തും ചിലപ്പോള്‍ മോഷ്ടിച്ചും കഴിഞ്ഞു കൂടേണ്ടി വരുന്ന ബാലികാ-ബാലന്മാരുടെയും ലൈംഗികത്തൊഴിലാളികളുടെയും ജീവിതങ്ങളെയും സമസ്യകളെയും ഇത് നിറഞ്ഞ സഹാനുഭൂതിയോടെ പരിചരിക്കുന്നു. മൂന്നാമത് ഈ അനാഥരെ സ്വന്തം സുഖജീവിതത്തിന്നുള്ള ഉപാധിയാക്കുന്നവരുടെ ‘സേവന’ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യവും സ്വഭാവവും ഇത് തുറന്നു കാട്ടുന്നു, ഒപ്പം ശരിയായ പരിഹാര നിര്‍ദ്ദേശങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. നാലാമത് പാരായണസുഖം നല്‍കുന്ന, പലയിടത്തും കാവ്യാത്മകമായ, കഥകളിലും ഉപകഥകളിലും കൂടി ഈ പുസ്തകം, ഒരു ആഖ്യായിക നല്‍കുംപോലുള്ള പാരായണസുഖം നല്‍കുന്നു. ¶ ഇന്ന് ഇംഗ്ലീഷില്‍ ‘ജീവിതമെഴുത്ത്’ (ലൈഫ് റൈറ്റിംഗ്) എന്നറിയപ്പെടുന്ന ഗണത്തില്‍പെടുത്താവുന്ന ഒന്നാണ് ‘എന്റെ ജീവിതം.’ ഈ വിഭാഗത്തില്‍ ആത്മകഥകള്‍, ജീവചരിത്രങ്ങള്‍, ‘കേട്ടെഴുത്തു’കള്‍ ഇവയെല്ലാം പെടും. പതിനേഴു അദ്ധ്യായങ്ങളുള്ള ഈ പുസ്തകത്തില്‍ ആത്മകഥനത്തിന്റെ അംശങ്ങള്‍ അങ്ങിങ്ങായി ഉണ്ട്, തെരുവില്‍ അലയുന്ന ബാലനില്‍ നിന്ന് അനേകം അംഗീകാരങ്ങളും പുരസ്കാരങ്ങളും നേടിയ, അതിനെക്കാളേറെ തികഞ്ഞ ആത്മാര്‍ഥതയുള്ള, ഒരു അനാഥബന്ധുവായി വളര്‍ന്ന ഒരാളുടെ ജീവചരിത്രമുണ്ട്, ഒപ്പം ഇതില്‍ വലിയ ഒരു ഭാഗം മുരുകന്‍ തന്നെ പറഞ്ഞതിന്റെ കേട്ടെഴുത്തോ, സ്വന്തം ശൈലിയിലുള്ള പുനരാഖ്യാനമോ ആണ്. ¶ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വീടുവിട്ടിറങ്ങിപ്പോയ, ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുകയും കിട്ടുന്ന പണം സ്വന്തം കാര്യങ്ങള്‍ക്കായി മാത്രം ചിലവിട്ടിരുന്ന, അച്ഛന്‍, ദുരന്ത സാഹചര്യത്തില്‍ സ്വയം പഠിപ്പ് നിര്‍ത്തേണ്ടി വന്നത് കൊണ്ട് തന്റെ മൂത്ത ആണ്‍കുട്ടിയായ മുരുകനെ എങ്ങിനെയെങ്കിലും വിദ്യാഭ്യാസം നല്‍കി ജോലിക്ക് പ്രാപ്തനാക്കാനായി അഹോരാത്രം പണിയെടുത്ത അമ്മ, കുടയും ബാഗും ഷൂസുമില്ലാതെ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പോകേണ്ടി വന്ന, അതിനു പരിഹാസവും അകറ്റിനിര്‍ത്തലും സഹിക്കേണ്ടി വന്ന, ക്ഷേത്ര ഭണ്ഡാരത്തിലേക്ക് ഭക്തര്‍ വലിച്ചെറിയുമ്പോള്‍ താഴെ വീണു പോകുന്ന തുട്ടുകള്‍ പെറുക്കിയെടുത്തു ഇഷ്ടാഹാരം കഴിച്ച, അഥവാ അമ്മ അവര്‍ക്ക് ജോലി ചെയ്യുന്ന വീട്ടില്‍ നിന്ന് സ്വയം കഴിക്കാതെ മകന്നായി കൊണ്ട് വരുന്ന പലഹാരങ്ങള്‍ക്ക് വേണ്ടി കാത്തിരുന്ന, ഒടുവില്‍ കോണ്‍വെന്റില്‍ അയക്കാനാകാതെ വന്നപ്പോള്‍ സാധാരണ സ്കൂളില്‍ ചേരാന്‍ അമ്മ പറഞ്ഞപ്പോള്‍ സങ്കടപ്പെടുന്നതിന്നു പകരം സന്തോഷിച്ച, ദാരിദ്ര്യം ഒരു കുറ്റമാണോ എന്ന് സ്വയം ചോദിച്ച, ഒടുവില്‍ ആ സ്കൂളും സ്ഥലവും ഏലത്തോട്ടവുംവിട്ട് എറണാകുളത്തെ ഉദയാ കോളനിയുടെ ഇരുട്ടില്‍ ചെന്നു പെട്ട് തെരുവില്‍ ഒടുങ്ങുമായിരുന്ന- എന്നാല്‍ ഫാദര്‍ മവുരൂസിന്റെ സ്നേഹഭവനില്‍ ചെന്ന് പെട്ടത് കൊണ്ട് ജീവിതം ആകെ മാറി മറിഞ്ഞ, ഇപ്പോള്‍ തെരുവിലുള്ളവരെ സഹായിക്കാന്‍ രണ്ടു സ്ഥാപനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ആ മകന്‍, ഒടുവില്‍ തന്റെ ജീവിത പങ്കാളിയും സേവനപങ്കാളിയുമായി വന്ന ഇന്ദു : ഈ മുഖ്യ കഥാപാത്രങ്ങള്‍ക്ക് പുറമേ ഈ പുസ്തകം നിറയെ അനേകം നോവലുകള്‍ക്കുള്ള കഥാപാത്രങ്ങളാണ്. വ്യത്യസ്ത സാഹചര്യങ്ങളില്‍ യാചകരോ മദ്യപാനികളോ കുറ്റവാളികളോ ലൈംഗികത്തൊഴിലാളികളോ ക്ഷേത്രപരിസരങ്ങളിലോ വൃദ്ധസദനങ്ങളിലോ അഭയം തേടുന്ന, തിരസ്കൃതരായ മാതാപിതാക്കളോ ആയി മാറേണ്ടി വന്ന ഏറെ നിസ്സഹായര്‍. ¶ ഈ കഥകള്‍ക്കിടയിലൂടെ അനേകം കാര്യങ്ങള്‍ മുരുകനും രാജനന്ദിനിയും പറയുന്നുണ്ട് എന്നത് കൂടിയാണ് ഈ പുസ്തകത്തെ പ്രധാനമാക്കുന്നത്. സഹ്യാദ്രിയുടെ പതനം, നദികളുടെ വരള്‍ച്ച, കേരളത്തിലെ മറുനാടന്‍ തൊഴിലാളികളുടെ ദരിദ്രാവസ്ഥ, വയോവൃദ്ധരോടുള്ള വര്‍ദ്ധിച്ചു വരുന്ന ക്രൂരത, അല്‍പ്പം ഭക്ഷണം മോഷ്ടിച്ചതിന് ആദിവാസി യെ തല്ലിക്കൊല്ലുന്ന നമ്മുടെ വികൃതമായ സംസ്കാരം, ആര്‍ക്കും താത്പര്യമില്ലാത്ത അനാഥര്‍, തെരുവില്‍ കഴിയുന്നവര്‍ക്ക് വിദ്യാഭ്യാസമോ ജോലി പരിശീലനമോ നല്‍കുന്നതിനു പകരം രണ്ടു നേരം ഭക്ഷണം നല്‍കി അവരെ അവിടെത്തന്നെ പാര്‍പ്പിച്ചു വിദേശസഹായം വാങ്ങി മറ്റുള്ളവരുടെ ദാരിദ്ര്യം മൂലധനമാക്കി ആര്‍ഭാടജീവിതം നയിക്കുന്ന ഒരു പാട് ‘സന്നദ്ധ സംഘടനകള്‍’(എല്ലാമല്ല), അത്യാഹിതസമയത്ത് ആംബുലന്‍സ് അയക്കാനോ അവശര്‍ക്ക് സഹായം ആവശ്യമുണ്ടോ എന്ന അന്വേഷിക്കാനോ സംവിധാനങ്ങളില്ലാത്ത ആശുപത്രികള്‍, ബലാത്സംഗത്തിന്- ചിലപ്പോള്‍ സ്വന്തം ബന്ധുക്കളില്‍ നിന്ന് തന്നെ- വിധേയരാകുന്ന കുഞ്ഞുങ്ങള്‍, ദേവീ-ദേവന്മാര്‍ക്ക് വലിയ കാണിക്കപ്പണം ഇടുമ്പോഴും ദരിദ്രസാഹചര്യത്തിലുള്ള ഒരു കുട്ടിയെ പഠിപ്പിക്കാന്‍ പോലും തയ്യാറാകാത്തവരുടെ വ്യാജഭക്തി, ഉദ്യോഗസ്ഥമേധാവിത്തത്തിലും ഇടനിലകാരിലും കുരുങ്ങി ആവശ്യക്കാരില്‍ എത്താതെ പോകുന്ന സര്‍ക്കാര്‍ സഹായങ്ങള്‍, ചുറ്റും കരുണയു സ്നേഹവും വറ്റുമ്പോഴും അനാഥര്‍ അന്യോന്യം കാണിക്കുന്ന നിസ്സ്വാര്‍ത്ഥമായ ദയാവായ്പ്പ്, മനുഷ്യരുടെ പ്രാഥമികമായ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള സംവിധാനങ്ങളുടെ ആവശ്യം, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് ഒന്നും നല്‍കാത്ത, ധനികര്‍ക്ക് മാത്രം ലാഭം നല്‍കുന്ന, വികസനം ഇങ്ങിനെ എത്രയോ സുപ്രധാനമായ കാര്യങ്ങളും പ്രായോഗിക നിര്‍ദ്ദേശങ്ങളും ഈ പുസ്തകം ഉന്നയിക്കുന്നു. നമുടെ കാലത്ത് അനിവാര്യമായ ഒരു പുസ്തകം.
Reviews
27 Dec , 2019