തനതുസംസ്കൃതിയുടെ ഉള്‍വെളിച്ചവുമായി ദേശാന്തരഗമനം നടത്തിയ ഗോത്രവംശങ്ങളുടെ ജീവിതപലായനങ്ങളെ കുറിച്ചുള്ള അന്വേഷണം. ആട്ടവും പാട്ടും താളവുമായി അവര്‍ കണ്ടെടുത്ത തങ്ങളുടെ ജീവിതസത്യത്തിന്റെ ഏറുമാടങ്ങള്‍. പാട്ടിന്റെ വഴിയില്‍ നിന്നും നോബല്‍ സമ്മാനത്തോളം ഉയര്‍ന്ന ബോബ് ഡിലനും നാട്ടുപാട്ടിന്റെ ഉയിരും ആത്മാവുമായിത്തീര്‍ന്ന കലാഭവന്‍ മണിയും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായിരുന്ന മഹാശ്വേതാദേവിയുമെല്ലാം ഈ പുസ്തകത്തിന്റെ വ്യാപ്തിയെ അടയാളപ്പെടുത്തുന്നു.
✪ Format: Paperback | Pages: 136
✪ Size: Demy 1/8 | 160 g
✪ Edition: First, 2018 January
✪ Cover design: Rajesh Chalode
4.5
പ്രതീഷ് പരമേശ്വരൻ
തനതു സംസ്കൃതിയുടെ ഉൾവെളിച്ചവുമായി ദേശാന്തരഗമനം നടത്തിയ ഗോത്രവംശങ്ങളുടെ ജീവിത പലായനങ്ങളെക്കുറിച്ചും ആട്ടവും പാട്ടും താളവുമായി അവർ കണ്ടെടുത്ത തങ്ങളുടെ ജീവിത സത്യങ്ങളെക്കുറിച്ചുമൊക്കെ ഈ പുസ്തകത്തിൽ നോക്കിക്കാണുന്നുണ്ട്. നാട്ടറിവു - സാംസ്കാരിക രംഗത്ത് സജീവമായ ഡോ. സി.ആർ. രാജഗോപാലിന്റെ ദേശാഭിമാനി, മാതൃഭൂമി, സമകാലിക മലയാളം, പ്രസാധകൻ തുടങ്ങിയ ആനുകാലികളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളാണ് ഈ പുസ്തകത്തിലടങ്ങിയിരിക്കുന്നത്. നാട്ടുപാട്ടിന്റെ ഉണർവായിത്തീർന്ന കലാഭവൻ മണിയും മറ്റു നാട്ടുപാട്ടുകലാകാരന്മാരും, പാട്ടിന്റെ വഴിയിൽനിന്ന് നൊബേൽ സമ്മാനത്തോളം ഉയർന ബോബ് ഡിലനും എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ മഹാശ്വേതാദേവി തുടങ്ങിയവരെക്കുറിച്ചെല്ലാം ഇതിൽ പ്രതിപാദിക്കുന്നുണ്ട്. ലോകത്തെല്ലായിടത്തും ആദിമനിവാസികൾ, തനതുവർഗങ്ങൾ വംശനാശത്തിന്റെ വക്കിലാണെന്ന് സർവൈവൽ ഇന്റർനാഷണൽ എന്ന സംഘടനയുടെ രേഖകൾ വ്യക്തമാക്കുന്നു. ഈയവസരത്തിൽ ബ്രസീലിലെയും ആമസോൺ വനാന്തരങ്ങളിലെയും ആഫ്രിക്കയിലെ ബോട്ട്സ്വാനയിലെ കൽഹാരി മരുഭൂമി തുടങ്ങിയ ഇടങ്ങളിലെല്ലാം ആദിവാസിസമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്നതും അനുഭവിച്ചിരുന്നതുമായ ദുരന്താനുഭവങ്ങളെക്കുറിച്ചുള്ള നേർസാക്ഷ്യങ്ങളാകുന്നുണ്ട് ഇതിലെ ലേഖനങ്ങൾ. ജിപ്സി ആത്മീയത, വൈദ്യം, കൂടാരങ്ങളിലെ രാത്രികർ, ജിപ്സിയുടെ ഭാഷകൾ, വാഹനങ്ങൾ , കുടുംബ ചരിത്രം, ജിപ്സിവേട്ട, ഫ്രാൻസിൽ നിന്നും ജിപ്സികളുടെ നാടുകടത്തൽ എന്നിവയെക്കുറിച്ച് - പരിഷ്കൃത സമൂഹത്തിന്റെ വ്യവസായം വികസനം തുടങ്ങിയ പേരിൽ അരങ്ങേറുന്ന ചൂഷണങ്ങൾ മൂലം സ്വന്തം താമസസ്ഥലത്തു നിന്നും കുടിയേറി പാർക്കേണ്ടി വരികയും, ഒപ്പം വികസനം എന്ന പേരിൽ നടക്കുന്ന ചൂഷണo മൂലം ലോകത്താകമാനം ഈ കയ്യേറ്റം ഹേതുവായി സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാവ്യതിയാനങ്ങെളെക്കുറിച്ച് - ജിപ്സികളെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും സസൂക്ഷ്മം പഠിക്കുകയും അവരെ കേന്ദ്രീകരിച്ച് ഡോക്യുമെന്ററി, സിനിമ എന്നിവ നിർമ്മിക്കുകയും ചെയ്ത പ്രശസ്ത സംവിധായകനായ ടോണി ഗാറ്റ് ലിഫിന്റെ സിനിമകളെക്കുറിച്ചും അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളെക്കുറിച്ച് - ലോകത്താകമാനം ഒരുകൂട്ടം ആളുകൾ സുരക്ഷിതരായി ജീവിക്കുമ്പോൾ വലിയൊരു വിഭാഗം ഭയാനകമായ അരക്ഷിതത്വത്തിലേക്ക് വലിച്ചെറിയപ്പെടുന്നതിന്റെ നേർസാക്ഷ്യങ്ങളെക്കുറിച്ച് - 'അത്ഭുത ഇന്ത്യയെന്ന' മിഥ്യക്കപ്പുറം യഥാർത്ഥ വേരുകളെക്കുറിച്ചും വിപ്ലവാത്മകമായ തീർത്ഥാടനം നടത്തിയ എഴുത്തുകാരിയും സാമൂഹികപ്രവർത്തയുമായിരുന്ന മഹാശ്വേതദേവിയെക്കുറിച്ചും, അടിച്ചമർത്തപ്പെട്ട മനസ്സാക്ഷിക്കുവേണ്ടി അവരുടെ എഴുത്തിലൂടെയും നേരിട്ടും അവർ ചൂണ്ടിക്കാട്ടിയ സത്യങ്ങളെക്കുറിച്ച് - അമേരിക്കൽ പാട്ടുപാരമ്പര്യത്തിൽ പുതിയ കാവ്യാവിഷ്ക്കാരങ്ങൾ സൃഷ്ടിച്ച് പതിറ്റാണ്ടുകളായി സംഗീതത്തിലും കലയിലും കാവ്യതത്ത്വചിന്തയിലും അടിച്ചമർത്തപ്പെട്ടവരുടെ രാഷ്ട്രീയത്തിലും പ്രതികരണങ്ങളുണ്ടാക്കിയ ബോബ് ഡിലനെക്കുറിച്ചുമെല്ലാം - 1. മഹാകുരുതിയുടെ ചരിത്രം ആദിവാസ ലോകാവസ്ഥ. 2. ജിപ്സിആത്മീയത. 3. ഒടിച്ചു കുത്താൻ ഉയിരോ കാലം തെറ്റിയ കാലവും ആദിവാസികളും. 4. മണിതരംഗം. 5. ടോണി ഗാറ്റ്ലിഫ് :ജിപ്സിയുടെ മൂന്നാമിടങ്ങൾ. 6. മൈഗ്രേഷൻ ഒഡീസി. 7. മഹാശ്വേതാദേവി / മഹാവനങ്ങൾ കരയുന്നു. 8. ബോംബ് ഡിലൻ: പാട്ട് ചുഴലിക്കാറ്റാകുന്നു. എന്നിങ്ങനെയുള്ള അദ്ധ്യായങ്ങളിലൂടെ പരാമാർശിച്ചു പോകുന്നുണ്ട് ഈ പുസ്തകം. വായനയിൽ എനിക്ക് ഇഷ്ട്ടപ്പെട്ടത് ഇതിലെ ജിപ്സികളുടെ ജീവിതയാത്രകളെക്കുറിച്ചും അന്വേഷണങ്ങളെക്കുറിച്ചും സിനിമയും ഡോക്യുമെന്ററിയും നിർമ്മിച്ച ടോണി ഗാറ്റ്ലിഫിന്റെ സിനിമകളെക്കുറിച്ചുള്ള ഭാഗമാണ്. അതിൽ പറയുന്ന രണ്ടു സിനിമകൾ ഞാൻ കണ്ടിരുന്നു (ലാച്ചോ ഡ്രോം, ട്രാൻസിൽവാനിയ) സമകാലിക ലോകത്തിലെ ഏറ്റവും തീക്ഷ്ണമായ യാഥാർത്ഥ്യങ്ങൾ വളരെ മുമ്പുതന്നെ സിനിമയിൽ ആവിഷ്ക്കരിച്ച സംവിധായകപ്രതിഭ തന്നെയാണ് ടോണി ഗാറ്റ്ലിഫ്. ആരും കടന്നുചെല്ലാത്ത അരികുസത്യങ്ങളും നരവംശജീവിതങ്ങളുo അടയാളപ്പെടുത്തുന്നതാണ് ഗാറ്റ്ലിഫിന്റെ സിനിമകൾ. ജിപ്സികളുടെയും അഭയാർത്ഥികളുടെയും മേൽവിലാസമില്ലാത്തവരുടെയും കാഴ്ചകളും അപൂർവ്വ ജീവിതങ്ങളും താഴ്വരകളും അദ്ദേഹം ഒപ്പിയെടുക്കുന്നുണ്ട്. നാഗരികസംസ്ക്കാരത്തെ തിരസ്ക്കരിച്ചുകൊണ്ട് സഞ്ചരിക്കുന്ന നാടോടിസംസ്ക്കാരത്തിന്റെ കാണാപ്പുറങ്ങൾ അദ്ദേഹത്തിന്റെ സിനിമകളിലുണ്ട്. ഫ്രാൻസിലെ ഇടതുപക്ഷ റാഡിക്കലിസത്തിന്റെ വിപ്ലവാത്മകത ചിത്രകലയിലും സംഗീതത്തിലും ആകസ്മിക നടനകലയിലും എതിരാഖ്യാനങ്ങൾ സംഭവിച്ച കാലത്താണ് ഗാറ്റ്ലിഫ് തന്റെ പ്രതിരോധ കലാചരിത്രമുള്ള ആശയങ്ങൾ രൂപപ്പെടുത്തിയത്. രാജസ്ഥാൻ മരുഭൂമിയിൽ നിന്ന് പുറപ്പെട്ട് മലമ്പാതകളിലൂടെ അഫ്ഗാസ്ഥാൻ, ബലൂചിസ്ഥാൻ, ഈജിപ്റ്റ്, തുടങ്ങിയ രാജ്യാതിർത്തികൾ പിന്നിട്ട് സഞ്ചരിക്കുന്ന ജിപ്സികളുടെ ജീവിതത്തെക്കുറിച്ച് ആവിഷ്ക്കരിക്കുന്ന ചിത്രമാണ് കാൻ ഫിലിം ഫെസ്റ്റിവലിൽ അവാർഡുകൾ വാരിക്കൂട്ടിയ ലാച്ചോ ഡ്രോം (1993) എന്ന ഡോക്യുമെന്ററി. ജിപ്സി പങ്കാളിത്തത്തിലൂടെ ലോകത്തിൽ റൊമാനി സ്വത്വം എന്താണ് എന്ന് ചിത്രം വ്യക്തമാക്കുന്നുണ്ട്. ലാച്ചോ ഡ്രോം എന്നാൽ Safe Journey എന്നാണർത്ഥം, സംഭാഷണങ്ങൾ കുറവ് എന്നാൽ വിശദീകരണങ്ങൾ ആവശ്യമില്ലതാനും. രാജ്യദുരഭിമാനത്തിൽ അവർ ലജ്ജിക്കുന്നു. കാരണം ലോകം എല്ലാവരുടേതുമാണ്. സ്വന്തം മതമേതെന്നു ചോദിച്ചാൽ ഒരുത്തരമേയുള്ളൂ സംഗീതം. സംഗീതം കൊണ്ടു തീർക്കുന്ന യാത്രകൾ തന്നെയാണ് സിനിമയുടെയും ജിപ്സികളുടെയും ജീവിത തത്ത്വം. ജിപ്സി സൗന്ദര്യബോധത്തിന്റെ സൗന്ദര്യം പകർത്തുന്ന പദമായ ട്രാൻസിൽവാനിയ 'വനാന്തരങ്ങൾക്കപ്പുറം' എന്നർത്ഥമുള്ള ചിത്രത്തിലും ഒരന്വേഷണ യാത്രയുണ്ട്. സിൻകാരിന തന്റെ കാമുകനെ തേടി റൊമാനിയായിലേക്ക് നടത്തുന്ന യാത്രയാണത്. വീരകഥാഗാനങ്ങളും നാട്ടുവഴക്ക പാരമ്പര്യങ്ങളും കോട്ടകൾ പോലെ ഉയർന്നുനിൽക്കുന്ന ഈ ഭൂമികയിലേക്കാണ് വഴിക്കച്ചവടക്കാരനും സിൻകാരിനയും യാത്ര ചെയ്യുന്നത്. ഇതിലെ മിലാൻ ഒരു കാമുകൻ മാത്രമല്ല നഷ്ടപ്പെട്ട സംഗീതം കൂടിയാണ്. 2006 ൽ ഇറങ്ങിയ ഈ ചിത്രവും നിരവധി അവാർഡുകൾ നേടിയതാണ്. സിൻകാരിന എന്ന ഇറ്റാലിയൻ യുവതി റിബലിന്റെ രൂപത്തിലാണ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയിലും ഫ്രാൻസിൽ നിന്നൊരാൾ പുറത്താക്കപ്പെടുന്നുണ്ട്. അയാൾ സംഗീതം ജീവനായ മിലാനല്ലാതെ മറ്റാരുമല്ല. പിന്നീടയാൾ ജിപ്സി വയലിനിസ്റ്റ് ബാൻഡിൽ ചേർന്ന് വഴിയോര സംഗീതജ്ഞനായി മാറുന്നു. സിൻകാരിനയും ഫ്രാൻസ് ഉപേക്ഷിക്കുന്നു. ഫ്രാൻസ് തിരസ്ക്കാരം എന്നത് ഒരാദർശം തന്നെയാണെന്നു തോന്നുന്നു ഗാറ്റ്ലിഫ് സിനിമകളിലെ. അത്രകണ്ട് അവർ പരിഷ്കൃതിയുടെ മാന്യനഗരത്തെ വെറുക്കുന്നു നഗരമൊരു കാപട്യമാണ് എന്ന വിധം. ജിപ്സി ഓർമ്മ എന്നൊന്നുണ്ടെങ്കിൽ അതിനെ അടയാളപ്പെടുത്താനാണ് ഗാറ്റ്ലിഫ് ശ്രമിക്കുന്നത്. ജിപ്സിസമൂഹത്തെക്കുറിച്ച് കുപ്രസിദ്ധമായ പൊതുസമൂഹത്തിന് വ്യക്തമായ യാതൊരറിവുമില്ല. സ്വന്തമായിട്ടിടമില്ലാത്ത നാടോടികൾ എന്നു പറഞ്ഞ് അവരെ ആട്ടിപ്പായിക്കുന്ന ചിത്രമാണ് ലോകത്തെല്ലായിടത്തും കാണുന്നത്. ജിപ്സികളെ കൂട്ടമായി വേട്ടയാടുന്ന ചിത്രമാണ് എവിടെയും കാണുന്നത്. എന്നാൽ ജൂത വംശഹത്യപോലെ ചരിത്രത്തിൽ ജിപ്സിവംശഹത്യയുടെ രേഖകൾ എവിടെയും ലഭ്യമല്ല. ഒരു ജനസഞ്ചയത്തിന്റെ ഗോത്രപദത്തിന്റെ വംശീയ പൈതൃക നിധിശേഖരങ്ങളും പ്രജ്ഞകളും ഓർമ്മകളുമാണ് ശേഖരിക്കാനുള്ളത്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പൂർണ്ണരൂപം https://bit.ly/2Su9oeL എന്ന ലിങ്കിൽ വായിക്കാം.
Pratheesh
09 Dec , 2018