inner-banner

Our Books

കെടുകാലത്തിന്റെ ഇരുള്‍വീണ ചരിത്രയാഥാര്‍ത്ഥ്യങ്ങളെ വിചാരണ ചെയ്യുന്ന, ആശയസംവാദത്തിന്റെ സ്വാതന്ത്ര്യവും സഹിഷ്ണുതയുടെ സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കുന്ന പുസ്തകം. ലോകവും ഇന്ത്യയും കേരളവും അവയുടെ സാമൂഹികവും രാഷ്ട്രീയവുമായ പരിവര്‍ത്തനങ്ങളിലൂടെ എങ്ങനെയാണ് കടന്നുപോകുന്നതെന്നതിന്റെ നേര്‍സാക്ഷ്യമാണ് വിവിധ സംഭവവികാസങ്ങളെ ആധാരമാക്കി ലേഖകന്‍ അവതരിപ്പിക്കുന്നത്.  നരേന്ദ്രമോദിയും ട്രംപും പിണറായി വിജയനുമെല്ലാം ഇവിടെ വിചാരണ ചെയ്യുന്നു. ജാഗരൂകമായ ഒരു സാംസ്‌കാരിക മനസ്സിന്റെ ഇടപെടലുകള്‍. ഇരുണ്ടതും അടഞ്ഞതുമായ ഒരു കാലത്തെ പ്രതിരോധിക്കുന്ന ഈ വിശകലനങ്ങള്‍ ഏറെ സമകാലിക പ്രസക്തമാണ്.


 Format: Paperback | Pages: 192

 Size: Demy 1/8 | 220 g

 Edition: First, 2019 April

 Cover design: Rajesh Chalode


  

4.5

ഭയമില്ലാത്തവരുടെ വഴികാട്ടി: കെ. ആർ സുകുമാരൻ

ഭയമില്ലാത്തവരുടെ വഴികാട്ടി. അതാണ് അപ്പുക്കുട്ടൻ വള്ളിക്കുന്ന് എഴുതിയ 'അതിജീവനത്തിന്റെ പോർമുഖങ്ങൾ' എന്ന പുസ്തകം. ചരിത്രം ഇരുൾ മൂടുമ്പോൾ വഴിമുട്ടിയവർക്ക് തപ്പിത്തടയാതിരിക്കാൻ സൗരയൂഥ ചിന്ത നൽകുന്ന വെളിച്ചമാണിത്. നരേന്ദ്രമോദിയും പിണറായി വിജയനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമെല്ലാം വിചാരണ ചെയ്യപ്പെടുന്ന ഒരു കാലത്താണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഇതിന്റെ സമഗ്രമായ ഉള്ളടക്കം ഏതൊരു വായനക്കാരനും വെളിച്ചം പകരും. പോരാളിയാക്കും. വായനയുടെ ചരിത്രനീതി പുസ്തകം വിളിച്ചറിയിക്കുന്നു. ¶ നിർഭയവും സ്വതന്ത്രവുമായ ഒരു സൂക്ഷ്മ സമീപനത്തിന്റെ സത്യസന്ധത അതിജീവനത്തിന്റെ പോർമുഖങ്ങളെ പ്രസക്തമാക്കുന്നു. അതിജീവനത്തിന്റെ ആഗോള തലത്തിൽ മനുഷ്യർ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടത്തിന്റെ അനുക്രമ ചരിത്ര കുറിമാനമാണിതെന്ന് ഗ്രന്ഥകർത്താവ് തന്നെ ആമുഖത്തിൽ സൂചിപ്പിക്കുന്നുണ്ട്. കേന്ദ്ര സർക്കാറിന്റെ വിവിധ ജനാധിപത്യ വിരുദ്ധ നടപടികൾ വിശദമാക്കുന്ന ഒന്നാമത്തെ ലേഖനത്തിൽനിന്നുതന്നെ അതു തുടങ്ങുന്നു. ഭരണകൂടം അതിന്റെ ഭാഗമായ കോടതി, സി.ബി.ഐ, പൊലീസ്, പട്ടാളം തുടങ്ങി ജനപ്രതിനിധികൾവരെ ഉത്തരവാദിത്വത്തിൽനിന്ന് അകന്നുപോകുന്ന ചരിത്രത്തിന്റെ കടലാഴങ്ങൾ തേടുകയാണ് അപ്പുക്കുട്ടൻ വള്ളിക്കുന്ന്. ¶ മുഖ്യമന്ത്രിയും ശബരിമല സമരവും എന്ന ലേഖനം നമ്മുടെ പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന മൗലികാവകാശങ്ങൾ തടയപ്പെട്ടതിലേക്ക് വെളിച്ചം വീശുന്നു. ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളെ വർഗീയ വിഘടന ശക്തികൾ ചവിട്ടിമെതിക്കുന്ന ക്രൂരത ക്രമസമാധാനം തകർക്കുന്നതിലേക്കാണ് മാറിപ്പോയത്. ഐക്യ കേരള നിർമ്മിതിയുടെ പഴയ ചരിത്രവും സംസ്‌ക്കാരവുമാണ് മനുഷ്യനെ സാമൂഹ്യജീവിയാക്കാൻ പഠിപ്പിച്ചത്. ആ അധ്വാനവും സമ്പത്തും മലയാളികളുടെ രാഷ്ട്രീയ - സാമൂഹ്യാവബോധങ്ങളിലൂടെ പുതിയ ബദലുകൾ സൃഷ്ടിച്ചു. അവ ഇന്ത്യയുടെ ബദൽ മാതൃകയും കരുത്തുമായി. അതിജീവനത്തിന്റെ പുതിയ വഴികളാണ് കേരളം തുറന്നിട്ടത്. കേരളത്തെ ഭയമില്ലാതെ ജീവിക്കാൻ പഠിപ്പിച്ചത് ഇടതുപക്ഷ - കമ്മ്യൂണിസ്റ്റുശക്തികളാണ്. ആ നിലപാടുതറയിൽ നിന്നുകൊണ്ടുള്ള ഈ പുസ്തകം ഓരോ മലയാളിയും വായിച്ചിരിക്കേണ്ടതാണ്. ¶ സൈമൺ ബ്രിട്ടോ എന്ന സ്‌നേഹനിലാവിനെ കുറിച്ച് പറയാൻ വാക്കുകൾ ഏറെയുണ്ട്. എഴുപതുകളിലെ ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ഒരു ലഘുചരിത്രമാണ് സൈമൺ ബ്രിട്ടോയെ കുറിച്ചുള്ള ലേഖനം. അപ്രഖ്യാപിത അടിയന്തരാവസ്ഥ, നിയമസഭാ ജനവിധിയും സുപ്രിംകോടതി വിധിയും, ജമ്മു-കശ്മീർ മുതൽ കേരളംവരെ, വിശ്വാസികളുടെ പേരിൽ ഒരു കമ്മ്യൂണിസ്റ്റു വിരുദ്ധ മുന്നണി തുടങ്ങിയ ലേഖനങ്ങൾ ഇടതുപക്ഷ സർക്കാറിന്റെയും പിണറായി വിജയന്റെയും നേരെ തിരിയുന്ന ചരിത്ര വിരോധികളെ തുറന്നുകാണിക്കുന്നു. ¶ മഹാപ്രളയത്തിൽനിന്ന് ഉയർത്തിപ്പിടിക്കേണ്ടത് നമ്മുടെ ചരിത്രവും സംസ്‌ക്കാരവും തന്നെയാണെന്നു അവ അടിവരയിട്ടു കാണിക്കുന്നതെന്ന് പറഞ്ഞാൽ അപ്പുക്കുട്ടൻ വള്ളിക്കുന്നിന്റെ രചനയുടെ പ്രസക്തി വ്യക്തമാകും. ¶ ഡോവൽ ഇത് ദേശസുരക്ഷയോ മോദി സുരക്ഷയോ എന്ന ലേഖനം രാജ്യം നേരിടുന്ന ഭരണഘടനാ പ്രതിസന്ധിയിലേക്കാണ്‌ വിരൽചൂണ്ടുന്നത്. സർദാർ പട്ടേൽ സ്മാരക പ്രഭാഷണത്തിൽ പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഔദ്യോഗിക ചുമതലയുടെ അതിരുകൾ ലംഘിച്ചതിന്റെ പശ്ചാത്തലവും അപകടവും ഇതിൽ വെളിപ്പെടുത്തുന്നു: ¶ 'രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതടക്കമുള്ള തന്ത്രപരമായ എല്ലാ സൈനിക-സുരക്ഷാ വിഭാഗങ്ങൾക്കും ആധികാരികവും ഔദ്യോഗികവുമായ സന്ദേശമാണ് അജിത് ഡോവൽ നൽകുന്നത്. പ്രസിഡന്റ് ഭരണമാതൃക നിലനിൽക്കുന്ന അമേരിക്കയിൽ ചെയ്യാവുന്നതും പ്രധാനമന്ത്രിയും മന്ത്രിസഭയും പാർലമെന്റും ചേർന്ന ഇന്ത്യയിലേതുപോലുള്ള പാർലമെന്ററി സംവിധാനത്തിൽ ഒരു സുരക്ഷാ ഉപദേശകൻ പരസ്യമായി പ്രകടിപ്പിക്കാൻ പാടില്ലാത്തതുമായ നയപ്രഖ്യാപനമാണ് നടത്തിയത്. മോദി മന്ത്രിസഭയ്ക്കു മുമ്പുള്ള മൂന്നു പതിറ്റാണ്ടിനിടയിൽ മൂന്നു കൂട്ടുകക്ഷി മന്ത്രിസഭകൾ വാജ്‌പേയിയുടെ നേതൃത്വത്തിലായിരുന്നു. അതിന്റെ അസ്ഥിരതയുടെയും സ്ഥിരതയുടെയും ചരിത്രം ഡോവലിന് അറിയാത്തതല്ല. മോദിയുടെ ഈ ഗവണ്മെന്റുതന്നെ മൂന്നിൽരണ്ട് ഭൂരിപക്ഷം നേടി അധികാരത്തിൽ വന്നത് 29 കക്ഷികളുടെ മുന്നണി ഗർഭം ധരിച്ചാണെന്നതും.' ¶ ലേഖകൻ തുടരുന്നു: 'ഏകകക്ഷി മേധാവിത്വം പോയി തൂക്കുപാർലമെന്റ് നിലവിൽ വന്നതും കൂട്ടുകക്ഷി മന്ത്രിസഭകൾ അനിവാര്യതയായി മാറിയതും ജനാധിപത്യ പ്രക്രിയയുടെ സവിശേഷ അവസ്ഥകൊാണ്. പാർലമെന്റിൽ ഏകാധിപത്യ മേധാവിത്വമുണ്ടായ ഘട്ടത്തിൽ ഭരണഘടന അട്ടിമറിക്കുകയും അടിയന്തരാവസ്ഥ ഏർപ്പെടുത്തുകയും ചെയ്തിട്ടുമുണ്ട്. പ്രസിഡൻഷ്യൽ മാതൃകയിലുള്ള ഒരു ഗവണ്മെന്റിനുവേണ്ടി ബി.ജെ.പിയടക്കം ഉന്നയിച്ചുപോന്ന ആവശ്യത്തിന് നമ്മുടെ ജനാധിപത്യത്തിൽ മേൽക്കൈ കിട്ടിയിട്ടില്ല. മോദിയുടെ ഭരണംതന്നെ പാർലമെന്റിനോടുള്ള പ്രതിബദ്ധതയ്ക്കു പകരം എല്ലാം പ്രധാനമന്ത്രിയിൽ കേന്ദ്രീകരിക്കുന്ന പ്രസിഡൻഷ്യൽ മാതൃകാണ് പുലർത്തിപ്പോന്നത്. ആസൂത്രണ കമ്മീഷനിൽനിന്നു തുടങ്ങി സി.ബി.ഐയെ കീഴ്‌പ്പെടുത്തിയ പ്രശ്‌നം സുപ്രിംകോടതി ഇടപെടലിൽ കലാശിച്ചതടക്കം ആ നീക്കത്തിന്റെ സ്മാരകമുദ്രകളാണ്' (പേജ് നമ്പർ 60-61). ദേശീയ പതാകയും ഭരണഘടനയും ഉയർത്തിപ്പിടിച്ച് ഇപ്പോൾ രാജ്യത്ത് തുടരുന്ന ജനകീയ പ്രക്ഷോഭത്തിന്റെ യഥാർത്ഥ സാഹചര്യത്തെക്കുറിച്ച് നേരത്തെ മുന്നറിയിപ്പു നൽകിയ ലേഖനമാണിത്. ഇന്നത്തെ ഇന്ത്യൻ അവസ്ഥയുടെ നേരറിവുകൾ ഇനിയും ധാരാളമുണ്ട്. ¶ ട്രംപും കിമ്മും സമാധാനത്തിന്റെ വഴിയും എന്നത് ഒരു ആഗോള ശീതയുദ്ധത്തിന്റെ കഥയാണ് പറയുന്നത്. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻതന്നെ എന്ന പഴഞ്ചൊല്ലിന്റെ സാരാംശത്തെ ഇവിടെ സ്മരിക്കുന്നു. ഹിറ്റ്‌ലറെ വീഴ്ത്തിയ ജോസഫ് സ്റ്റാലിന്റെ പ്രേതമായാണ് ട്രംപ് കിമ്മിനെ കാണുന്നത്. ¶ അമേരിക്കയടക്കമുള്ള മുതലാളിത്ത രാഷ്ട്രങ്ങൾ റഷ്യയുടെ സോഷ്യലിസ്റ്റ് ചേരിയിൽ നിന്നുകൊണ്ടാണ് ഹിറ്റ്‌ലറെ വീഴ്ത്തിയത്. എന്നാൽ യുദ്ധാനന്തരം മുതലാളിത്ത രാഷ്ട്രങ്ങൾ ഹിറ്റ്‌ലറുടെ നയസമീപനങ്ങളുമായാണ് മുന്നോട്ടുപോയത്. അത് കമ്മ്യൂണിസത്തിന്റെ ശവക്കുഴി തോണ്ടുന്നിടത്തേക്ക് റഷ്യയെ എത്തിച്ചു. ആ കോർപ്പറേറ്റ് തന്ത്രമാണ് വടക്കൻ കൊറിയ നോക്കിയിരിക്കുന്നത്. അതുകൊണ്ടാണ് തന്റെ മുൻഗാമികളായ ഭരണാധികാരികളോടും ഉത്തര കൊറിയയാണ് അമേരിക്കക്കെതിരായ വൻ ഭീഷണി എന്ന് ട്രംപ് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്. മേഖലയെ അസ്ഥിരപ്പെടുത്താൻ ചൈനയോടും ജപ്പാനോടും അമേരിക്ക തലയണമന്ത്രമോതുന്നു. ¶ പ്രണബ് ആർ.എസ്.എസ് ആസ്ഥാനത്ത് എന്ന ലേഖനം നമ്മുടെ മുൻ രാഷ്ട്രപതിയും കോൺഗ്രസ് ദേശീയ നേതാവും കൂടിയായ പ്രണബ് കുമാർ മുഖർജി അതിഥിയായിച്ചെന്ന സംഭവവികാസങ്ങൾ വിവരിക്കുന്നു. ഹിന്ദു - മുസ്ലിം ഐക്യത്തിനുവേണ്ടിയും അയിത്തോച്ചാടനത്തിനു വേണ്ടിയും എ.ഐ.സി.സി പ്രമേയം അവതരിപ്പിച്ച നാഗ്പൂരിലാണ് പ്രണബ് മുഖർജി അതിഥിയായി ചെന്നതെന്നത് വിരോധാഭാസമായി. 1920 സെപ്റ്റംബറിൽ കൊൽക്കത്ത കോൺഗ്രസിനുശേഷം സ്വരാജിനും കോൺഗ്രസ് ഭരണഘടനയ്ക്കും അംഗീകാരം നൽകാൻ എ.ഐ.സി.സി സമ്മേളനം നടന്ന ചരിത്രഭൂമിയാണ് നാഗ്പൂർ എന്നത് പ്രണബ് മുഖർജി മറന്നുപോയി. ഗാന്ധിജിയെ വെടിവെച്ച് ഇന്ത്യയുടെ വെളിച്ചം കെടുത്തിയവരുടെ ആസ്ഥാനത്താണ് താൻ ചെല്ലുന്നതെന്നും. ¶ നേതാക്കൾ ജയിക്കുന്നു പാർട്ടി തോൽക്കുന്നു, വീണ്ടും കരിമ്പുലിവാഴ്ച, നിയമവാഴ്ചയുടെ കണക്കുപുസ്തകം, ഗൗരി ലങ്കേഷ് നിശ്ശബ്ദയാകുന്നില്ല, പുലിക്കോടന്മാർ വീണ്ടും ഉാണ്ടാകുമ്പോൾ, നിലമ്പൂർ കാട്ടിൽനിന്നുള്ള മാറ്റൊലി, നീതിപീഠത്തിൽ നട്ടുച്ചക്കിരുട്ട് തുടങ്ങിയ ലേഖനങ്ങൾ അധികാരതലത്തിൽ ചെയ്തുകൂട്ടുന്ന ജനാധിപത്യവിരുദ്ധ നടപടികളെ ചോദ്യം ചെയ്യുന്നു. രാജ്യം കൊടിയ വിപത്തിലേക്ക് പോകുന്നതിനെതിരെ മതനിരപേക്ഷ ശക്തികളുടെ ശബ്ദം ഉയരേണ്ടതുണ്ട്. പുതിയ പോരാട്ടത്തിന് അഗ്നി കടയുന്നതാണ് അപ്പുക്കുട്ടൻ വള്ളിക്കുന്നിന്റെ പുസ്തകം. ¶ കേരള ചരിത്ര നിരൂപണശാഖയെ സർഗാത്മകമാക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന എഴുത്തുകാരനും പത്രാധിപരും കോളമിസ്റ്റും ചരിത്ര - രാഷ്ട്രീയ സൈദ്ധാന്തികനുമാണ് അപ്പുക്കുട്ടൻ വള്ളിക്കുന്ന്. ഇടതുപക്ഷ - മതനിരപേക്ഷ നിലപാട് തറയിൽ ഉറച്ചുനിന്നുകൊണ്ട് എഴുതിയ അദ്ദേഹത്തിന്റെ ഈ മൗലിക നിരീക്ഷണങ്ങളെ ആത്മാർത്ഥയോടെ സ്വീകരിക്കേണ്ടതുണ്ട്. ¶ (സമകാലിക രാഷ്ട്രീയ സാംസ്കാരിക സാമൂഹിക വിഷയങ്ങളെക്കുറിച്ച് അപ്പുക്കുട്ടൻ വള്ളിക്കുന്ന് രചിച്ച ഏറ്റവും പുതിയ ലേഖന സമാഹാരം, 'അതിജീവനത്തിന്റെ പോർമുഖങ്ങൾ' എന്ന പുസ്തകത്തെ കുറിച്ച് കെ. ആർ സുകുമാരൻ തയ്യാറാക്കിയ നിരൂപണം.)

WebMaster

03 Dec , 2020

Similar Books

    Nothing To Display

Your browser is out of date!

Update your browser to view this website correctly.

Google Chrome

Mozilla Firefox

Internet Explorer

Apple Safari

Opera

×

Top