പ്രിയമാനസം സംസ്‌കൃത - മലയാള തിരക്കഥാപുസ്തക പ്രകാശനം
May 07 , 2018
നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി അനന്തപുരിയിലെ പ്രസ്‌ക്ലബ്ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ അടയാളം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച വിനോദ് മങ്കരയുടെ പ്രിയമാനസം സംസ്‌കൃതം/മലയാളം തിരക്കഥാപുസ്തകം പ്രകാശനം ചെയ്തു. എഴുത്തുകാരനും വേറിട്ട രാഷ്ട്രീയക്കാരനും നിരവധി പുസ്തകങ്ങളിലൂടെ ശ്രദ്ധേയനുമായ ഡോ. ശശി തരൂർ എം.പി., മലയാള സാഹിത്യത്തെ അമ്പരപ്പിക്കുന്ന വഴികളിലൂടെ നടത്തിയ മേതിൽ രാധാകൃഷ്ണന് നല്‍കിയായിരുന്നു പ്രകാശനം. പൊതുവെ തിരക്കഥകളുടെ വിപണി വളരെ കുറവായിരിക്കുമ്പോള്‍ ഒരു സംസ്‌കൃത തിരക്കഥ ഇത്രയും മനോഹരമായി പുറത്തിറക്കുവാന്‍ മുമ്പോട്ടുവന്ന അടയാളം പ്രശംസാര്‍ഹമായ കൃത്യമാണ് നിര്‍വഹിച്ചിരിക്കുന്നതെന്നും പ്രിയമാനസം തീർച്ചയായും അക്കാദമിക് നിലവാരത്തിൽ പഠനവിഷയമാക്കേണ്ട ഒരുപുസ്തകമാണെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.
പബ്ലിക്കേഷൻ ഡയറക്ടർ സ്നേഹലത സ്വാഗതം ആശംസിച്ചു. സംസ്‌കൃതത്തില്‍ പ്രസിദ്ധീകൃതമാകുന്ന ആദ്യതിരക്കഥയെന്ന പ്രത്യേകതകൂടിയുള്ള ഈ പുസ്തകം മികച്ചരീതിയിലാണ് അടയാളം ഒരുക്കിയിരിക്കുന്നത് എന്ന് പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് മേതിൽ അഭിപ്രായപ്പെട്ടു. ഡോ. എ.എം. ഉണ്ണികൃഷ്ണൻ പുസ്തകത്തെ പരിചയപ്പെടുത്തി. സതീഷ്ബാബു പയ്യന്നൂര്‍, ബി.മുരളി, ലതാലക്ഷ്മി, എബ്രഹാം മാത്യു തുടങ്ങിയവര്‍ ആശംസകൾ നേർന്നു. ഗ്രന്ഥകാരൻ വിനോദ് മങ്കര ഏവർക്കും നന്ദി അർപ്പിച്ചു.
പുസ്തകത്തിന്റെ ആദ്യവില്പന പ്രിയമാനസം സിനിമയിലെ നായിക പ്രതീക്ഷകാശി, ഡബ്ബിങ് ആർട്ടിസ്റ് ദേവിക്ക് നൽകികൊണ്ട് നിർവഹിച്ചു.